ഹോം സ്വീറ്റ് ഹോം: ആന്‍ഡ്രോയ്ഡിന്റെ പൂമുഖത്തേക്ക് ഫെയ്‌സ്ബുക്ക്‌

Posted on: 05 Apr 2013


-സ്വന്തം ലേഖകന്‍




ആന്‍ഡ്രോയ്ഡ് ഫോണിനെ ഒറ്റയടിക്ക് ഫെയ്‌സ്ബുക്ക് ഫോണാക്കി മാറ്റിയാല്‍ എങ്ങനെയിരിക്കും. ആന്‍ഡ്രോയ്ഡ് ആരാധകര്‍ക്കും ഫെയ്‌സ്ബുക്ക് ആരാധകര്‍ക്കും ഒരേപോല ആവേശമുണര്‍ത്തുന്ന നീക്കമാകും അത്. 'ഹോം' ( Facebook Home ) എന്ന പേരില്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച പുതിയ ആപ്ലിക്കേഷന്‍ ഫലത്തില്‍ അതാണ്.

സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ പുറത്തിറക്കാതെ മൊബൈല്‍ കമ്പ്യൂട്ടിങിന്റെ മുഖ്യവേദിയിലേക്ക് ഇതുവഴി ഫെയ്‌സ്ബുക്ക് ചുവടുവെച്ചിരിക്കുകയാണ്.


മറ്റ് ആപുകളെ മറച്ചുവെച്ചുകൊണ്ട്, സ്മാര്‍ട്ട്‌ഫോണിന്റെ ഹോംസ്‌ക്രീനില്‍ ഫെയ്‌സ്ബുക്ക് ന്യൂസ്ഫീഡും സന്ദേശങ്ങളും പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടാന്‍ പാകത്തില്‍ ആന്‍ഡ്രോയ്ഡിനെ പരിഷ്‌ക്കരിക്കാന്‍ 'ഹോം' സോഫ്റ്റ്‌വേറിനാകും.

ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം ആണ് മൊബൈല്‍ രംഗത്ത് ഇപ്പോള്‍ ഒന്നാമന്‍. ഫെയ്‌സ്ബുക്കാണെങ്കിലോ ലോകത്തെ ഒന്നാമത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസും. 'ഒന്നും ഒന്നും കൂടി ചേര്‍ന്നാല്‍ ഇമ്മിണി വല്യ ഒന്നാകുമോ' എന്നാണ് ഇനി അറിയാനുള്ളത്!

'നമുടെ വേണ്ടപ്പെട്ടവരുടെ കാര്യം എന്താണെന്നറിയാന്‍ ഈ ആപ്‌സുകളിലൂടെയെല്ലാം പോകേണ്ട ആവശ്യമെന്ത്' - കമ്പനിയുടെ ആസ്ഥാനമായ മെന്‍ലോ പാര്‍ക്കില്‍ തടിച്ചുകൂടിയ വാര്‍ത്താ ലേഖകരോട് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ചോദിച്ചു. ''ആ ഉള്ളടക്കം മുഴുവന്‍ മുന്നിലേക്ക് കൊണ്ടുവരാന്‍ ഞങ്ങളാഗ്രഹിക്കുന്നു''.

ആന്‍ഡ്രോയ്ഡ് 4.0 ഉള്ള സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമേ 'ഹോം' പ്രവര്‍ത്തിക്കൂ. ഗൂഗിള്‍ പ്ലേയില്‍ നിന്ന് ഏപ്രില്‍ 12 മുതല്‍ 'ഹോം' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. അന്നു മുതല്‍ ആറ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ 'ഹോം' ലഭ്യമാകും.


'എച്ച് ടി സി ഫസ്റ്റ്' ( HTC First ) ആകും മുന്‍കൂറായി ഹോം ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍. ഏപ്രില്‍ 12 ന് അത് അമേരിക്കയില്‍ വില്‍പ്പനയ്‌ക്കെത്തും. യു.എസില്‍ എടി ആന്‍ഡ് ടി സ്‌റ്റോറുകളില്‍ നിന്ന് 99.99 ഡോളറിന് എച്ച് ടി സി ഫസ്റ്റ് ലഭ്യമാകും.

ഏപ്രില്‍ 12 മുതല്‍ ഫെയ്‌സ്ബുക്ക് ഹോം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന മറ്റ് ഫോണുകള്‍ ഇവയാണ് - എച്ച് ടി സി വണ്‍ ( HTC One ), എച്ച് ടി സി വണ്‍ എക്‌സ് ( HTC One X ), സാംസങ് ഗാലക്‌സി എസ് 3 ( Samsung Galaxy S3 ), ഗാലക്‌സി എസ് 4 ( Galaxy S4 ), ഗാലക്‌സി നോട്ട് 2 ( Galaxy Note 2 ).

ഹോമിന്റെ ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ വേര്‍ഷനുകള്‍ രംഗത്തെത്തുമോ എന്നതിനെക്കുറിച്ച് ഫെയ്‌സ്ബുക്ക് ഒന്നും സൂചിപ്പിച്ചിട്ടില്ല.

ഫെയ്‌സ്ബുക്ക് ഹോം പാരയാവുക ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കളായ ഗൂഗിളിന് തന്നെയാകുമെന്ന് ചില നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫെയ്‌സ്ബുക്ക് മെസേജുകളും ഫോട്ടോകളുമൊക്കെ ഹോംസ്‌ക്രീന്‍ കൈയടക്കുന്നതോടെ, ജിമെയില്‍, ഗൂഗിള്‍ മാപ്‌സ്, തുടങ്ങിയ ആപ്‌സുകളെല്ലാം ഹോംപേജില്‍ നിന്ന് മാറും. യൂസര്‍മാരുടെ ശ്രദ്ധ ഫെയ്‌സ്ബുക്കിലേക്ക് കൂടുതലായി നീങ്ങാനും, അതുവഴി ഗൂഗിള്‍ സര്‍വീസുകളുടെ ഉപയോഗം കുറയാനും ഇടയായേക്കാം എന്നാണ് വിലയിരുത്തല്‍.


സാധാരണഗതിയില്‍ വാള്‍പേപ്പറുകളോ 'ലോക്ക് സ്‌ക്രീനോ' ഒക്കെയാണ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ ഹോംസ്‌ക്രീനിലുണ്ടാവുക. 'ഹോം' ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ, പുതിയ ഫെയ്‌സ്ബുക്ക് 'കവര്‍ ഫീഡ്' ആകും ഹോംസ്‌ക്രീനിലുണ്ടാവുക. ഫെയ്‌സ്ബുക്ക് ഫോട്ടോകളും, സ്റ്റാറ്റസ് അപ്‌ഡേറ്റുകളുമൊക്കെ മാറി മാറി വന്നുകൊണ്ടിരിക്കും.

'ഒരു തരത്തില്‍ ഇത് ഫെയ്‌സ്ബുക്കിന്റെ അടുത്ത മൊബൈല്‍ വേര്‍ഷനാണ്'-ഹോം അവതരിപ്പിച്ചുകൊണ്ട് സക്കര്‍ബര്‍ഗ് പറഞ്ഞു. 'കൂടുതല്‍ ആഴത്തില്‍ നോക്കിയാല്‍, കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഉപയോഗത്തിലുള്ള രീതിമാറ്റത്തിന്റെ തുടക്കമാണിത്'.

വളരെ ദൃശ്യഭംഗിയോടെയാണ് ഹോം ചിട്ടപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഫെയ്‌സ്ബുക്ക് ആരാധകരെയല്ലാതെ മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളെ 'ഹോം' ആകര്‍ഷിക്കുമോ എന്നകാര്യം കണ്ടറിയേണ്ടതാണ്. തങ്ങളുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് ഫെയ്‌സ്ബുക്കിനെ ഇങ്ങനെ കുടിയിരുത്താന്‍ ഉപയോക്താക്കള്‍ എത്രത്തോളം തയ്യാറുകുമെന്നതും അറിയേണ്ട സംഗതിയാണ്.



Stories in this Section