ഫെയ്‌സ്ബുക്ക് ഫോണ്‍ ഇല്ല; പകരം 'ഫെയ്‌സ്ബുക്ക് കേന്ദ്രിത ഫോണുകള്‍'

Posted on: 16 Feb 2011


-സ്വന്തം ലേഖകന്‍



ഫെയ്‌സ്ബുക്കുമായി ബന്ധപ്പെട്ട് നെറ്റില്‍ പടര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കമ്പനി അധിപന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് വിരമമിട്ടു. ഫെയ്‌സ്ബുക്ക് ഒരു ബ്രാന്‍ഡഡ് ഫോണ്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നില്ല-ബാര്‍സലോണയില്‍ വേള്‍ഡ് മൊബൈല്‍ കോണ്‍ഗ്രസിനെ കഴിഞ്ഞ ദിവസം അഭിസംബോധന ചെയ്യുമ്പോള്‍ അദ്ദേഹം വ്യക്തമാക്കി. പക്ഷേ, ഫെയ്‌സ്ബുക്കുമായി സമ്മേളിപ്പിച്ച മൊബൈല്‍ ഉപകരണങ്ങള്‍ താമസിയാതെ രംഗത്തെത്തും. സ്മാര്‍ട്ട്‌ഫോണുകളെ ഒറ്റയടിക്ക് 'ഫെയ്‌സ്ബുക്ക് കേന്ദ്രിത'മാക്കുന്ന രീതിയിലുള്ള പരിഷ്‌ക്കാരമാണ് വരുന്നത്.

സൂക്കര്‍ബര്‍ഗ് ഈ പ്രസ്താവന നടത്തിയ ദിവസം തന്നെ, പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എച്ച്ടിസി മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രണ്ട് ആന്‍ഡ്രോയിഡ് ഫോണുകള്‍ ശ്രദ്ധ പിടിച്ചു പറ്റി. 'എച്ച്ടിസി സല്‍സ' (HTC Salsa), 'എച്ച്ടിസി ചാചാ' (HTC ChaCha) എന്നീ ഫോണുകളുടെ പ്രത്യേകത, അവയില്‍ പ്രത്യേക ഫെയ്‌സ്ബുക്ക് ബട്ടണുകളുണ്ട് എന്നതാണ്. ഒറ്റ ക്ലിക്കിന് ഫെയ്ബുക്കിലെ ഏത് ജോലിയും നടത്താന്‍ ഉപയോക്താവിന് അവസരമൊരുക്കുന്നതാണ് ഈ ബട്ടണ്‍.


ഫെയ്‌സ്ബുക്കിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുക, ഫോട്ടോ അപ്‌ലോഡ് ചെയ്യുക, വെബ്‌സൈറ്റുകല്‍ പങ്കിടുക, നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന പാട്ട് പോസ്റ്റ് ചെയ്യുക-തുടങ്ങി ഏത് പണിക്കും ഈ ബട്ടണ്‍ മതിയെന്ന് എച്ച്ടിസി പറയുന്നു. ഒരു സുഹൃത്ത് നിങ്ങളെ ഫോണ്‍ വിളിക്കുമ്പോള്‍, അയാളുടെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസ് സ്‌ക്രീനില്‍ തെളിഞ്ഞു വരും. മാത്രമല്ല, ഫെയ്ബുക്ക് ബ്രാന്‍ഡഡ് ഹോംസ്‌ക്രീന്‍ വിഡ്ജറ്റുകളും ഉണ്ടാകും. ഫെയ്‌സ്ബുക്ക് ചാറ്റ്, ഫെയ്‌സ്ബുക്ക് മെസേജിങ് തുടങ്ങിയവ ഫോണ്‍ മെസേജിങിന്റെ ഭാഗമാക്കി കൂട്ടിവിളക്കിയിരിക്കും.

എച്ച്ടിസിയുടെ ഇരു ഫോണുകളും ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്) പതിപ്പിലാണ് പ്രവര്‍ത്തിക്കുക. ചാചാ മോഡലിന് 2.6 ഇഞ്ച് 320 ഗുണം 480 സ്‌ക്രീനും ക്യുവെര്‍ട്ടി കീബോര്‍ഡുമുണ്ട്. സല്‍സ കുറച്ചുകൂടി വലുപ്പമുള്ളതാണ്-3.4 ഇഞ്ചുള്ള ഫുള്‍ടച്ച് സ്‌ക്രീനാണതിന്റേത്. രണ്ട് മോഡലുകളിലും വീഡിയോ വിളികള്‍ക്കായി മുന്‍ഭാഗത്ത് ക്യാമറയുണ്ട്. പിന്‍ഭാഗത്ത് അഞ്ച് മെഗാപിക്‌സല്‍ ക്യാമറയും. 600 മെഗാഹെര്‍ട്‌സ് ക്വാല്‍ക്കം എംഎസ്എം7227 പ്രൊസസറാണ് രണ്ടിലുമുള്ളത്. പ്രൊസസര്‍ ഇതായതിനാല്‍, ഇരു മോഡലുകള്‍ക്കും ഭീമമായ വില വരില്ല എന്നാണ് വിലയിരുത്തല്‍.

ഫെയ്‌സ്ബുക്ക് ഇന്റഗ്രേഷനോടുകൂടിയ ഫോണുകള്‍ മറ്റൊരു കമ്പനി കൂടി രംഗത്തെത്തിക്കുന്നതായി ഫെയ്‌സ്ബുക്ക് അതിന്റെ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു. ഐഎന്‍ക്യു കമ്പനിയുടെ ക്ലൗഡ് ടച്ച് (INQ Cloud Touch), ക്ലൗഡ് ക്യു (INQ Cloud Q) എന്നീ മോഡലുകളാണ് ഫെയ്‌സ്ബുക്ക് ഉപയോഗം അനായാസമാക്കുന്ന ആ ഫോണുകള്‍. ഐഎന്‍ക്യു, എച്ച്ടിസി എന്നിവയുടെത് കൂടാതെ, ഫെയ്‌സ്ബുക്ക് സമ്മേളിപ്പിച്ച ഡസണ്‍ കണക്കിന് ഉപകരണങ്ങള്‍ വൈകാതെ രംഗത്തെത്തുമെന്ന് ബ്ലോഗ് പോസ്റ്റില്‍ ഫെയ്‌സ്ബുക്കിലെ ചാള്‍സ് വു അറിയിച്ചു.

പുതിയൊരു ഫെയ്‌സ്ബുക്ക് വിഡ്ജറ്റിന്റെ സഹായത്തോടെ പുനര്‍രൂപകല്‍പ്പന ചെയ്തതാണ് ഐഎന്‍ക്യു ഫോണുകളുടെ ഹോംസ്‌ക്രീനുകള്‍. ഫെയ്‌സ്ബുക്കിലെ ന്യൂസ്ഫീഡ് ഡിസ്‌പ്ലെ ചെയ്യുന്നതാകും ഈ വിഡ്ജറ്റ്. ഫെയ്‌സ്ബുക്കിലെ പ്രധാന ഘടകങ്ങളിലേക്ക് എളുപ്പമെത്താവുന്ന തരത്തില്‍ ഒരു സ്‌ക്രോള്‍ ബാര്‍ ഈ ഫോണുകളിലെ മെനു ബട്ടന് മുകളിലായി ഉണ്ടാകും.


ഐഎന്‍ക്യുവിന്റെ ക്ലൗഡ് ടച്ച് മോഡലിന്റേത് 3.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയാണ്. അഞ്ച് മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് ക്യാമറയുമുണ്ട്. ക്ലൗഡ് ക്യുവില്‍ ഫുള്‍ ക്യുവെര്‍ട്ടി കീബോര്‍ഡിനൊപ്പം 2.6 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെയുമുണ്ട്. രണ്ട് മോഡലുകളും ആന്‍ഡ്രോയിഡ് 2.2 (ഫ്രൊയോ) പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തിക്കുക. രണ്ട് ഫോണുകളിലുമുള്ളത് 600 മെഗാഹെര്‍ട്‌സ് ക്വാല്‍ക്കം എംഎസ്എം7227 ചിപ്പ്‌സെറ്റാണ്. 2011 മധ്യത്തോടെ ഈ ഫോണുകള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഫെയ്‌സ്ബുക്ക് ആപ്ലിക്കേഷനുകളുണ്ട്. അതുവഴി ഉപഭോക്താവിന് ഫെയ്‌സ്ബുക്ക് എളുപ്പത്തിലുപയോഗിക്കാം. എന്നാല്‍, അതിലും ആഴത്തില്‍ സോഷ്യല്‍ ഇന്റഗ്രേഷനുള്ള ഡസണ്‍ കണക്കിന് ഫോണുകള്‍ ഈ വര്‍ഷം തന്നെ രംഗത്തെത്തുമെന്ന് കഴിഞ്ഞ ദിവസം മൊബൈല്‍ കോണ്‍ഗ്രസില്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് പ്രസ്താവിക്കുകയുണ്ടായി.

ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സവിശേഷതകള്‍ സന്നിവേശിപ്പിക്കാനുദ്ദേശിച്ച് ഫെയ്ബുക്ക് രൂപംനല്‍കിയ 'ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ്' (APIs) ഉപയോഗിച്ച് ഫോണ്‍ കമ്പനികള്‍ക്ക് തങ്ങളുടെ മോഡലുകളില്‍ സോഷ്യല്‍ ഇന്റഗ്രേഷന്‍ ആഴത്തില്‍ നടത്താനാകും. ഹാര്‍ഡ്‌വേര്‍ ബിസിനസിലേക്ക് കാല്‍വെക്കുന്നതിന് പകരം, തങ്ങള്‍ക്ക് ചേര്‍ന്ന വിധം സോഫ്ട്‌വേര്‍ പരിഹാരങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ഫെയ്‌സ്ബുക്കിന്റെ നയം.


ഭാവിയുടെ താക്കോല്‍ മൊബൈല്‍ ഉപകരണങ്ങളായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം. ഫോണുകള്‍ സഹജമായിത്തന്നെ സോഷ്യല്‍ ഉപകരണങ്ങളാണ്. എന്നാല്‍, സോഷ്യല്‍ രംഗത്ത് എന്താണ് സാധ്യമാകുകയെന്ന് വ്യവസായിക ലോകം ഇപ്പോള്‍ അറിഞ്ഞു തുടങ്ങുന്നതേയുള്ളു എന്നു മാത്രം-സൂക്കര്‍ബര്‍ഗ് പറഞ്ഞു. 'കോംസ്‌കോറി'ന്റെ പഠനം പറയുന്നത് ജനവരി 2011 ലെ കണക്കു പ്രകാരം, 30.8 ശതമാനം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഉപയോക്താക്കളും ആ സൈറ്റുകളിലേക്ക് എത്തുന്നത് സ്മാര്‍ട്ട്‌ഫോണുകളില്‍ക്കൂടിയാണ് എന്നാണ്.

ഫോണ്‍ മാത്രമല്ല, മറ്റ് ചില ഉപാധികളിലൂടെയും ഫെയ്‌സ്ബുക്ക് സന്നിവേശം സാധ്യമാണെന്നതിന് മൊബൈല്‍ കോണ്‍ഗ്രസ് സൂചന നല്‍കുന്നു. ഡച്ച് സെക്യൂരിറ്റി കമ്പനിയായ ഗെമാള്‍ട്ടോ അവതരിപ്പിച്ച 'ഫെയ്‌സ്ബുക്ക് സിംകാര്‍ഡ്' ഉദാഹരണം. ജിഎസ്എം ഫോണുകളില്‍ ഫെയ്‌സ്ബുക്ക് മെസേജിങ് പോലുള്ള അടിസ്ഥാന ഫീച്ചറുകള്‍ അനായാസം കൊണ്ടുവരാന്‍ ഈ സിംകാര്‍ഡ് സഹായിക്കുന്നു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് അപ്‌ഡേറ്റുകളെ 160 ക്യാരക്ടറുള്ള ടെക്സ്റ്റ് മെസേജുകളായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്ന സംവിധാനമാണിത്. മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്റെ ആവശ്യം ഈ സിംകാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ആവശ്യമില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. വികസ്വര രാഷ്ട്രങ്ങളിലെ മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്‌തേക്കാവുന്ന സാധ്യതയാണിത്.


Stories in this Section