ഫെയ്‌സ്ബുക്ക് ഭേദനം: ബ്രിട്ടീഷ് വിദ്യാര്‍ഥി ജയിലില്‍

Posted on: 18 Feb 2012




ഫെയ്‌സ്ബുക്കിന്റെ ആഭ്യന്തര ശൃംഖലയില്‍ അതിക്രമിച്ച് കടന്ന് സൈറ്റിന് വന്‍ഭീഷണി സൃഷ്ടിച്ച ബ്രിട്ടീഷ് സോഫ്ട്‌വേര്‍ വിദ്യാര്‍ഥിക്ക് എട്ടുമാസം ജയില്‍ശിക്ഷ ലഭിച്ചു. ഇതുവരെയുണ്ടായിട്ടുള്ള സമാനസ്വഭാവമുള്ള കേസുകളില്‍ ഏറ്റവും ഗൗരവമേറിയതാണിതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ഗ്ലിന്‍ മാന്‍ഹാം എന്ന 26 കാരനാണ് ഫെയ്‌സ്ബുക്ക് ശൃംഖലയില്‍ കടന്നുകയറി ഭീഷണി സൃഷ്ടിച്ചത്. സോഷ്യല്‍മീഡിയ ഭേദത്തിന്റെ കാര്യത്തില്‍ ഇതുവരെ ഇത്രയും ഗൗരവമുള്ള മറ്റൊരു കേസ് രാജ്യത്തുണ്ടായിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍ സന്ദീപ് പട്ടേല്‍ അറിയിച്ചു.

വടക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്കിലെ ഭവനത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം താന്‍ ഫെയ്‌സ്ബുക്ക് ശൃംഗലയില്‍ നുഴഞ്ഞുകയറിയ കാര്യം മാന്‍ഹാം സമ്മതിച്ചു. അതുവഴി വളരെ 'നിര്‍ണായകമായ വിവരങ്ങള്‍' മാന്‍ഹാം കൈക്കലാക്കിയെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം.

വലിയൊരു വ്യവസായ ചാരപ്രവര്‍ത്തനം എന്നാണ് ഇതെപ്പറ്റി ആദ്യം ഫെയ്‌സ്ബുക്ക് ഭയപ്പെട്ടത്. സൈറ്റിന്റെ സുരക്ഷാസംവിധാനം കബളിപ്പിക്കപ്പെട്ട കാര്യം ഫെയ്‌സ്ബുക്ക് അധികൃതര്‍ ആദ്യം ശ്രദ്ധിക്കുന്നത് കഴിഞ്ഞ ഏപ്രിലിലായിരുന്നു. ഉടന്‍ തന്നെ അമേരിക്കയിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (എഫ്.ബി.ഐ) അവര്‍ സമീപിച്ചു.

എഫ്.ബി.ഐ.യുടെ അന്വേഷണത്തിലാണ് ആക്രമണത്തിന്റെ ഉറവിടം ബ്രിട്ടനാണെന്ന് കണ്ടത്. അവര്‍ ബ്രിട്ടീഷ് പോലീസിനെ ജാഗ്രതപ്പെടുത്തുകയും ബ്രിട്ടീഷ് അധികൃതര്‍ കഴിഞ്ഞ ജൂണില്‍ മാന്‍ഹാമിന്റെ വീട് റെയ്ഡ് ചെയ്ത് തെളിവെടുക്കുകയും ചെയ്തു.

ഫെയ്‌സ്ബുക്കിനെ സഹായിക്കാനായിരുന്നു തന്റെ നീക്കമെന്നാണ് മാന്‍ഹാന്‍ വാദിച്ചത്. മുമ്പ് യാഹൂ കമ്പനിക്ക് അവരുടെ സുരക്ഷ ശക്തമാക്കാന്‍ താന്‍ സഹായം ചെയ്തിട്ടുണ്ട്. അതേ സഹായം ഫെയ്‌സ്ബുക്കിനും ചെയ്യാനായിരുന്നു തന്റെ ഉദ്ദേശമെന്ന മാന്‍ഹാനിന്റെ വിശദീകരണം പ്രോസിക്യൂട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

മാന്‍ഹാന്‍ നടത്തിയ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം ഡോളര്‍ ഫെയ്‌സ്ബുക്കിന് ചെലവിടേണ്ടി വന്നകാര്യം കോടതിയെ അറിയിച്ചു. അതെ തുടര്‍ന്നായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.

എന്നാല്‍, ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ടിന് പോലും മാന്‍ഹാനിന്റെ പ്രവര്‍ത്തനം മൂലം ദോഷമുണ്ടായില്ല.
TAGS:


Stories in this Section