ഗൂഗിള്‍ ഉള്‍പ്പടെയുള്ള സെര്‍ച്ച് സര്‍വീസുകള്‍ക്ക് മറുപടിയെന്നോണം, ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് സോഷ്യല്‍ സെര്‍ച്ച് അവതരിപ്പിച്ചു. ഫെയ്‌സ്ബുക്കില്‍ തന്നെ കൂടുതല്‍ സമയം ചെലവിടാന്‍ അംഗങ്ങളെ പ്രേരിപ്പിക്കുന്ന പുതിയ സര്‍വീസ്, കമ്പനി മേധാവി മാര്‍ക് സക്കര്‍ബര്‍ഗാണ് അവതരിപ്പിച്ചത്.
ഫെയ്‌സ്ബുക്കിനുള്ളില്‍ സുഹൃത്തുക്കള്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ തിരഞ്ഞു കണ്ടുപിടിക്കുക ഇത്രകാലവും എളുപ്പമായിരുന്നില്ല. എന്നാല്‍,
'ഗ്രാഫ് സെര്‍ച്ച്' (Graph Search) എന്ന് പേരിട്ടിട്ടുള്ള പുതിയ സര്‍വീസിന്റെ സഹായത്തോടെ ഇനി അക്കാര്യം അനായാസമാകും.
ഫെയ്‌സ്ബുക്കിലെ ബന്ധങ്ങളുടെ പിന്‍ബലത്തിലാണ് ഗ്രാഫ് സെര്‍ച്ച് പ്രവര്‍ത്തിക്കുന്നത്. വ്യക്തികളെക്കുറിച്ചും താത്പര്യങ്ങളെപ്പറ്റിയും ഫോട്ടോകള്‍, സ്ഥലങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും വേഗം വിവരങ്ങള്‍ തേടാന്‍ അത് തുണയാകും.
ഉദാഹരണത്തിന്, നിങ്ങളുടെ സുഹൃത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാരീസില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണണമെന്ന് കരുതുക. അക്കാര്യം സെര്‍ച്ച് ചെയ്ത് എളുപ്പത്തില്‍ കണ്ടെത്താം. നിങ്ങളുടെ ഡോക്ടര്‍മാരായ എത്ര സുഹൃത്തുക്കള്‍ ഒരു പ്രത്യേക ടിവി ഷോ കാണുന്നുണ്ട് എന്നറിയണമെന്നിരിക്കട്ടെ. അത്തരം സംഗതികളും തിരഞ്ഞ് കണ്ടെത്താം.
ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുന്ന സുഹൃത്തുക്കളാരാണെന്ന് ഫെയ്‌സ്ബുക്കില്‍ കണ്ടെത്തുക ഇപ്പോള്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, പുതിയ സര്‍വീസ് ഉപയോഗിച്ച് അത് എളുപ്പത്തില്‍ കഴിയും. 'ലൈഫ് ഓഫ് പൈ' ലൈക്ക് ചെയ്ത സുഹൃത്തുക്കളാരാണെന്ന് മനസിലാക്കാനും സെര്‍ച്ച് ഉപയോഗിച്ചാല്‍ ബുദ്ധിമുട്ടുണ്ടാകില്ല.
നിലവില്‍ നൂറുകോടിയിലേറെ അംഗങ്ങള്‍ ഫെയ്‌സ്ബുക്കിലുണ്ട്. അവരില്‍ ചെറിയൊരു ഭാഗത്തിനേ ചൊവ്വാഴ്ച ആരംഭിച്ച സോഷ്യല്‍ സെര്‍ച്ച് ഫീച്ചര്‍ തുടക്കത്തില്‍ ലഭിക്കൂ. മാസങ്ങള്‍ക്കൊണ്ട് അത് വ്യാപകമാക്കാനാണ് കമ്പനിയുടെ നീക്കം. അപ്പോഴേക്കും തെറ്റുകളും കുറവുകളും പരിഹരിച്ച് സെര്‍ച്ചിനെ മെച്ചപ്പെടുത്താന്‍ കഴിയും. മുഴുവന്‍ അംഗങ്ങളും പോസ്റ്റു ചെയ്യുന്ന എല്ലാ സംഗതികളും സെര്‍ച്ച് എഞ്ചിന് വേണ്ടി തുടക്കത്തില്‍ ഇന്‍ഡെക്‌സ് ചെയ്യാനും ഫെയ്‌സ്ബുക്ക് ഉദ്ദേശിക്കുന്നില്ല.
മാത്രമല്ല, ഓരോ യൂസറുടെയും സ്വകാര്യതാ ക്രമീകരണങ്ങള്‍ മാനിക്കത്തക്ക വിധമാകും അത് നടപ്പാക്കുക. എന്നുവെച്ചാല്‍, സെര്‍ച്ച് ഉപയോഗിച്ചാലും, സ്വകാര്യതാ ക്രമീകരണത്തിനുള്ളിലൂടെയേ ഉള്ളടക്കം കാണാന്‍ കഴിയൂ.
'ഒരോ ഉള്ളടക്ക ഘടകത്തിനും അതിന്റേതായ അനുവാചകര്‍ ഉണ്ടാകും''-സക്കര്‍ബര്‍ഗ് പറഞ്ഞു.
നൂറുകോടിയിലേറെ അംഗങ്ങള്‍ പോസ്റ്റുചെയ്യുന്ന ഫോട്ടോകള്‍, വീഡിയോകള്‍, ലിങ്കുകള്‍, അപ്‌ഡേറ്റുകള്‍ തുടങ്ങിയ ഉള്ളടക്ക ഘടകങ്ങള്‍ കൈകാര്യം ചെയ്യല്‍ എത്ര വലിയ ബാധ്യതയായി മാറുന്നു എന്നതിന്റെ സൂചന കൂടിയാണ്, സെര്‍ച്ച് സര്‍വീസ് അവതരിപ്പിക്കാനുള്ള ഫെസ്ബുക്കിന്റെ നീക്കം. 'അതൊരു വലിയ വെല്ലുവിളി'യാണെന്ന് സക്കര്‍ബര്‍ഗ് സമ്മതിക്കുന്നു.
24000 കോടി ഫോട്ടോകളും, ഒരുലക്ഷം കോടി കണക്ഷനുകളും ഫെയ്‌സ്ബുക്കിലുണ്ട്. അതുമുഴുവന്‍ ഇന്‍ഡെക്‌സ് ചെയ്ത് തിരയലിന് പാകത്തിലാക്കുകയെന്നത് വലിയൊരു ജോലിയാണ്. ആ ബാധ്യത നടപ്പാക്കാനാണ് കമ്പനി നീക്കമാരംഭിച്ചിരിക്കുന്നത്.
ഗൂഗിളിന്റേത് മാതിരി വെബ്ബിലെല്ലായിടത്തുനിന്നും വിവരങ്ങള്‍ തേടിപ്പിടിച്ച് സെര്‍ച്ച് ചെയ്യുന്നയാള്‍ക്ക് മുന്നിലെത്തിക്കാനല്ല ഫെയ്‌സ്ബുക്കിന്റെ ശ്രമം. ഫെയ്‌സ്ബുക്കിനുള്ളിലെ വിവരങ്ങള്‍ മാത്രമാണ് അതിലെ സെര്‍ച്ച് സര്‍വീസ് വഴി ലഭിക്കുക.
നിലവില്‍ ഗൂഗിളിന്റെ പരിധിയില്‍ ഫെയ്‌സ്ബുക്കിനുള്ളിലെ വിവരങ്ങള്‍ വരുന്നില്ല. ആ നിലയ്ക്ക് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് അനുഗ്രഹമാകുന്ന ഫീച്ചറായിരിക്കും ഗ്രാഫ് സെര്‍ച്ച്.
എന്നാല്‍, സെര്‍ച്ചുമായി ബന്ധപ്പെട്ട ട്രാഫിക്കിന്റെയും പരസ്യങ്ങളുടെയും വിഹിതത്തില്‍ ഫെയ്‌സ്ബുക്ക് കണ്ണുവെയ്ക്കുന്നത് തീര്‍ച്ചയായും ഗൂഗിളിന് തിരിച്ചടിയാകും. സെര്‍ച്ച് അധിഷ്ഠിത സര്‍വീസുകളും ഭാവിയില്‍ ഫെയ്‌സ്ബുക്കിന് സാധ്യമാകും. സ്വാഭാവികമായും സെര്‍ച്ചിന്റെ സൗകര്യങ്ങളുപയോഗിക്കുന്ന പരസ്യങ്ങളില്‍ നല്ലൊരു ഭാഗം ഫെയ്‌സ്ബുക്കിലേക്ക് ചെക്കേറുന്നത് ഗൂഗിളിന് ഗുണംചെയ്യില്ല. കാരണം, ഗൂഗിളിന് ഒരു റോളുമില്ലാത്ത വെബ്ബ് മേഖലയാണ് ഫെയ്‌സ്ബുക്ക്.
സുഹൃത്തുക്കളുമായുള്ള കണക്ഷനുകള്‍ വഴി ഇഷ്ടപ്പെട്ട സിനിമയും മ്യൂസിക്കും റെസ്റ്റോറന്റുകളുമൊക്കെ കണ്ടെത്താം എന്നു വരുന്നതോടെ, ഫെയ്‌സ്ബുക്ക് സെര്‍ച്ചിന് ഗൂഗിള്‍ സെര്‍ച്ചിലും കൂടുതല്‍ പ്രാധാന്യം യൂസര്‍മാര്‍ നല്‍കിക്കൂടെന്നില്ല. മാത്രമല്ല, ഗൂഗിളിന് പകരം മൈക്രോസോഫ്റ്റിനെയാണ് ഫെയ്‌സ്ബുക്ക് കൂട്ടുപിടിച്ചിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിനെയാണ് ഫെയ്‌സ്ബുക്ക് പ്രോത്സാഹിപ്പിക്കുന്നത്.
നിലവിലുള്ള സാധാരണ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്ന് വ്യത്യസ്തമാണ് ഫെയ്‌സ്ബുക്കിന്റെ ഗ്രാഫ് സെര്‍ച്ചെന്ന് സക്കര്‍ബര്‍ഗ് പ്രസ്താവിച്ചെങ്കിലും, ഗൂഗിളും ഫെയ്‌സ്ബുക്കുമായുള്ള മത്സരവും വാശിയും വര്‍ധിപ്പിക്കാന്‍ പുതിയ നീക്കം കാരണമാകുമെന്ന് ഉറപ്പ്.
ഗൂഗിള്‍ ഉപയോഗിക്കാതിരിക്കാനുള്ള മറ്റൊരു കാരണമായി ഗ്രാഫ് സെര്‍ച്ച് മാറിക്കൂടെന്നില്ല. മാത്രമല്ല, ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ നേരം ചെലവിടാനുള്ള മറ്റൊരു മാര്‍ഗമായും അത് മാറാം - ഗാര്‍ട്ട്‌നെര്‍ വിദഗ്ധന്‍ ബ്രിയാന്‍ ബ്ലാവു പറഞ്ഞു. 'ഗൂഗിളിന് അതിന്റെ സെര്‍ച്ച് ബിസിനസ് നഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, ഭാവിയില്‍ സെര്‍ച്ചിന്റെ സ്വഭാവം മാറ്റുന്ന കാര്യത്തില്‍ ഇതൊരു സ്വാധീനശക്തിയായേക്കാം''-അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ ഓഹരി വില്‍പ്പനയ്ക്ക് ശേഷം ഫെയ്‌സ്ബുക്ക് എടുക്കുന്ന സുപ്രധാന തീരുമാനമാണ്, സെര്‍ച്ച് ബിസിനസിലേക്ക് ചുവടുവെയ്ക്കാനുള്ളതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.