ന്യൂഡല്‍ഹി: പതിനെട്ട് തികയാത്തവര്‍ ഫെയ്‌സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് എടുക്കുന്നതിനെക്കുറിച്ച് ഡെല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. 10 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശം.
ഇന്ത്യന്‍ നിയമം അനുവദിക്കാതിരുന്നിട്ടും എങ്ങനെ പതിമൂന്നുകാരന് പോലും ഫെയ്‌സ്ബുക്ക് അക്കൗണ്ട് തുറക്കാനായി എന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് പുറമെ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും മെയ് 13 ന് മുമ്പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ജസ്റ്റിസ്മാരായ ബി.ഡി അഹമ്മദ്, വിഭു ബക്രു എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.
ബി.ജെ.പിയുടെ മുന്‍ താത്വികാചാര്യനായ കെ.എന്‍ ഗോവിന്ദാചാര്യ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. 18 വയസ്സിന് താഴെയുള്ളവര്‍ ഏതെങ്കിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുമായി അക്കൗണ്ട് തുറക്കായി കരാറില്‍ ഏര്‍പ്പെടുന്നത്, ഇന്ത്യന്‍ കരാര്‍ നിയമപ്രകാരവും ഐ.ടി നിയമം അനുസരിച്ചും നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ഗോവിന്ദാചാര്യ ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഇപ്രകാരം കരാറില്‍ ഏര്‍പ്പെടാന്‍ അനുവാദം നല്‍കിയത് ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് ലഭിക്കുന്ന വരുമാനം കണക്കാക്കി, അവരില്‍നിന്ന് നികുതി പിരിച്ചെടുക്കണമെന്നും ഗോവിന്ദാചാര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ പരിശോധനയില്ലാത്തതിനാല്‍ ലോകത്തെമ്പാടുമായി എട്ട് കോടി ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് യു.എസ് അധികാരികള്‍ക്ക് മുമ്പാകെ കമ്പനി തന്നെ സമ്മതിച്ചിട്ടുള്ളതാണെന്ന് ഗോവിന്ദാചാര്യക്ക് വേണ്ടി ഹാജരായ വിരാഗ് ഗുപ്ത കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
രാജ്യത്ത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ടുള്ളവരുടെയും ഭാവിയില്‍ അക്കൗണ്ട് തുടങ്ങുന്നവരുടെയും കാര്യത്തില്‍ പരിശോധന കര്‍ശനമാക്കണമെന്നും, 18 വയസ്സില്‍ താഴെയുള്ളവര്‍ ഇത്തരം സൈറ്റുകളുമായി കരാര്‍ ഏര്‍പ്പെടുന്നില്ലെന്നും ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ലൈംഗിക അതിക്രമങ്ങളിലും ഹീനമായ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരുടെ പട്ടിക ദേശീയതലത്തില്‍ തയാറാക്കി അത്തരക്കാര്‍ സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ അംഗത്വമെടുക്കുന്നത് തടയണമെന്നതാണ് ഹര്‍ജിയിലെ മറ്റൊരാവശ്യം.