ഗൂഗിള്‍ പ്ലസിന് മറുപടിയായി ഫെയ്‌സ്ബുക്കിന്റെ അപ്‌ഡേറ്റ്‌

Posted on: 14 Sep 2011


-സ്വന്തം ലേഖകന്‍



സ്വകാര്യതാ ക്രമീകരണത്തിന്റെ ഭാഗമായി ഗൂഗിള്‍ പ്ലസില്‍ അവതരിപ്പിച്ചിട്ടുള്ള വലയങ്ങള്‍ക്ക് (Circles feature) മറുപടിയാകാന്‍ പാകത്തില്‍, ഫ്രണ്ട്‌സ് ലിസ്റ്റ്‌സ് സംവിധാനത്തില്‍ ഫെയ്‌സ്ബുക്ക് പരിഷ്‌ക്കരണം വരുത്തി.

ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് തങ്ങളുടെ സുഹൃത്തുക്കള്‍ എത്തരത്തിലാണ് ഗ്രൂപ്പ് ചെയ്യപ്പെടേണ്ടത് എന്ന കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം ഇനി സാധ്യമാകും. ജോലിസ്ഥലം, കുടുംബം എന്നിങ്ങനെ സ്വന്തം ബന്ധങ്ങള്‍ ഫലപ്രദമായി ഗ്രൂപ്പ് ചെയ്യപ്പെടാന്‍ സാഹായിക്കുന്നതാണ് ഈ മാറ്റം.

2011 ജൂണ്‍ അവസാനമാണ്, ഫെയ്‌സ്ബുക്കിന് ബദലായി ഗൂഗിള്‍ അതിന്റെ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണം ഗൂഗിള്‍ പ്ലസിന് ലഭിച്ചു. ഈ വര്‍ഷം തന്നെ ഗൂഗിള്‍ പ്ലസിലെ അംഗസംഖ്യ 100 മില്യണ്‍ തികയുമെന്നാണ് പ്രതീക്ഷ.

ഫെയ്‌സ്ബുക്കില്‍ നിന്ന് വ്യത്യസ്തമായി, തന്റെ ബന്ധങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണം സാധ്യമാക്കുന്ന ഫീച്ചര്‍ ഗൂഗിള്‍ പ്ലസിലുണ്ടായിരുന്നു. പരിചയ വലയത്തിലുള്ളവരെ പല വലയങ്ങളില്‍ അനായാസേന ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയാണ് ഗൂഗിള്‍ പ്ലസ് അവതരിപ്പിച്ചത്. മാത്രമല്ല, ഒരേ സമയം പത്തുപേര്‍ക്ക് വീഡിയോ ചാറ്റിങ് നടത്താന്‍ പറ്റുന്ന സംവിധാനവും ഉണ്ടായിരുന്നു.

ഇക്കാര്യങ്ങളൊക്കെ മനസില്‍ വെച്ചുകൊണ്ട്, പുതിയ ചില ഫീച്ചറുകള്‍ അതിന് ശേഷം ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുകയുണ്ടായി. സ്‌കൈപ്പുമായി സഹകരിച്ച് വീഡിയോ ചാറ്റിങ് നടത്താനുള്ള സംവിധാനമായിരുന്നു അതിലൊന്ന്.

അതിന് തുടര്‍ച്ചയായി ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണ് 'സ്മാര്‍ട്ട് ലിസ്റ്റ്‌സ്' ഫീച്ചര്‍. ഭൂമുഖത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസായ ഫെയ്‌സ്ബുക്കില്‍, യൂസര്‍മാര്‍ക്ക് തങ്ങളുടെ സുഹൃത്പട്ടികയിലുള്ളവരുമായുള്ള ബന്ധം വ്യക്തമായി നിര്‍വചിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.

ഉദാഹരണത്തിന്, താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ള ആരെയും 'സഹപ്രവര്‍ത്തകന്‍/പ്രവര്‍ത്തക' (colleague) എന്ന വിഭാഗത്തില്‍ പെടുത്താം. അതുപോലെ തന്നെ 'സ്‌കൂള്‍ ഫ്രണ്ട്‌സ്'.

'അടുത്ത സുഹൃത്തുക്കള്‍', 'അകന്ന സുഹൃത്തുക്കള്‍' എന്നിങ്ങനെ വിഭാഗങ്ങളായി തിരിക്കാന്‍ സാധിക്കുമെന്നതിനാല്‍, ആരുടെ അപ്‌ഡേറ്റുകളാണ് തനിക്ക് കാണേണ്ടതെന്ന് ഫെയ്‌സ്ബുക്ക് യൂസര്‍ക്ക് നിശ്ചയിക്കാന്‍ കഴിയും.

ഗൂഗിള്‍ പ്ലസിന്റെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട 'സര്‍ക്കിള്‍സ് ഫീച്ചര്‍' ആണ് ഫെയ്‌സ്ബുക്ക് ഇതുവഴി കടംകൊള്ളുന്നതെന്ന് വ്യക്തം. എന്നാല്‍, തങ്ങളുടെ സൈറ്റിന്റെ ക്രമാനുഗതമായ പരിണാമത്തിന്റെ ഭാഗമാണ് പുതിയ മാറ്റങ്ങളെന്ന് ഫെയ്‌സ്ബുക്ക് വൈസ് പ്രസിഡന്റ് മൈക്ക് ഷ്രോപ്‌ഫെര്‍ പറഞ്ഞതായി ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു.

ഇതു മാത്രമല്ല, വിവരങ്ങള്‍ പങ്കിടാന്‍ ഫെയ്‌സ്ബുക്ക് പുതിയതായി അവതരിപ്പിച്ച ചില അപ്‌ഡേറ്റുകള്‍ ട്വിറ്ററിന് ഭീഷണിയായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

സുഹൃത്തുക്കളെ വിവിധ വിഭാഗങ്ങളിലായി തിരിക്കുകയും, ആര്‍ക്കാണ് തങ്ങളുടെ അപ്‌ഡേറ്റുകള്‍ കാണാന്‍ അവസരം എന്ന് നിശ്ചയിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുയും ചെയ്യുക വഴി, കൂടുതല്‍ 'പബ്ലിക് അപ്‌ഡേറ്റുകള്‍' ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടാന്‍ വഴിയൊരുങ്ങുകയാണ്.

അത്തരമൊരു തന്ത്രം ആത്യന്തികമായി ട്വിറ്ററിലെ 'ഫോളോ' സംവിധാനത്തിലേക്ക് എത്തുമെന്ന് വിലയിരുത്തപ്പെടുന്നു. യൂസര്‍മാര്‍ക്ക് സൈന്‍ അപ് ചെയ്ത് പ്രവേശിച്ച് കഴിഞ്ഞാല്‍, സുഹൃത്തുക്കളല്ലാത്തവരുടെയും അപ്‌ഡേറ്റുകള്‍ കാണാന്‍ അത് അവസരമൊരുക്കും.
TAGS:


Stories in this Section