
ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഒരു കാമുകി വേണമെന്ന് മോഹിക്കുന്ന ഫെയ്‌സ്ബുക്ക് അംഗമാണോ നിങ്ങള്‍. യഥാര്‍ഥ ജീവിതത്തില്‍ അത് സാധ്യമാക്കുക അത്ര എളുപ്പമായിരിക്കില്ലെങ്കിലും, ഫെയ്‌സ്ബുക്കില്‍ കാമുകിയെ വ്യാജമായി ചമച്ചൊരുക്കാന്‍ ഒരു ബ്രസീലിയന്‍ സൈറ്റ് രംഗത്തെത്തിയിരിക്കുന്നു!
പക്ഷേ, അല്‍പ്പം ചെലവ് വരും. 39.99 ഡോളര്‍ (2100 രൂപ) മുടക്കിയാല്‍,
NamoroFake.com എന്ന സൈറ്റ് നിങ്ങള്‍ക്കൊരു ഒന്നാന്തരം വ്യാജ ഫെയ്‌സ്ബുക്ക് കാമുകിയെ സൃഷ്ടിച്ചു തരും.
ഫെയ്‌സ്ബുക്കില്‍ കാമുകിയുടെ വെറും പ്രൊഫൈലല്ല, 30 ദിവസത്തെ കമന്റുകളും റിലേഷന്‍ഷിപ്പ് സ്റ്റാറ്റസുകളും ഉള്‍പ്പടെയുള്ള പ്രൊഫൈലാണ് സൈറ്റ് നിങ്ങള്‍ക്കായി സൃഷ്ടിക്കുക.
ഫെയ്‌സ്ബുക്കില്‍ വ്യാജകാമുകിയെ നല്‍കുന്ന സര്‍വീസ് ഇത് ആദ്യത്തേതല്ല. വിര്‍ച്വല്‍ കാമുകിയെ ഫെയ്‌സ്ബുക്കില്‍ നല്‍കാനായി രംഗത്തെത്തിയ സൈറ്റാണ്
Cloud Girlfriend എന്ന സൈറ്റ്. ഫെയ്‌സ്ബുക്കില്‍ നിങ്ങളോട് ഒരു യഥാര്‍ഥ കാമുകിയെപോലെ പെരുമാറുന്ന വ്യാജ കാമുകിയെയാണ് ആ സൈറ്റ് നല്‍കുക.
സ്ത്രീകളായ ഫെയ്‌സ്ബുക്ക് അംഗങ്ങള്‍ വിഷമിക്കേണ്ട. നിലവില്‍ കാമുകിമാരെയേ സൃഷ്ടിക്കുന്നുള്ളൂ എങ്കിലും, താമസിയാതെ കാമുകന്‍മാരെയും നല്‍കിത്തുടങ്ങുമെന്ന് ബ്രസീലിയന്‍ സൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.
നഷ്ടപ്പെടാന്‍ വെറും ഡോളറുകള്‍ മാത്രം, കിട്ടാനുള്ളതോ വിര്‍ച്വല്‍ പ്രണയത്തിന്റെ ഒരു വിശാലലോകം!