'പൂര്‍ണമായ ഫെയ്‌സ്ബുക്ക് അനുഭവം'-പുതിയതായി പുറത്തിറക്കിയ തങ്ങളുടെ ഐപാഡ് ആപ്ലിക്കേഷനെ (ഐപാഡ് ആപ്പ്) ഫെയ്‌സ്ബുക്ക് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍, മറിച്ചാണ് അനുഭവമെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഒട്ടേറെ പ്രശ്‌നങ്ങളുള്ളതാണ് ഫെയ്‌സ്ബുക്കിന്റെ ഐപാഡ് ആപ്പ് എന്നവര്‍ ആരോപിക്കുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ്
ഫെയ്‌സ്ബുക്ക് ഐപാഡ് ആപ്പ് പുറത്തിറക്കിയത്. കഴിഞ്ഞ മാസം നടന്ന ഫെയ്‌സ്ബുക്കിന്റെ 'എഫ് 8' ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ അത് അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ആപ്പിള്‍ ഐഫോണ്‍ 4എസ് അവതരണവേളയില്‍ ഫെയ്‌സ്ബുക്ക് ആപ്പ് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് സന്ദര്‍ഭങ്ങളിലും അതുണ്ടായില്ല.
75 കോടിയിലേറെ അംഗസംഖ്യയുള്ള ഫെയ്‌സ്ബുക്കാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റ്. ആപ്പിളിന്റെ ഐപാഡ് ആണെങ്കിലോ, ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ മുമ്പന്‍. ലോകത്താകെ ഉപയോഗിക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളില്‍ 80 ശതമാനവും ഐപാഡാണെന്ന് കണക്കുകള്‍ പറയുന്നു.
ഈ പശ്ചാത്തലത്തില്‍ ഐപാഡ് ആപ്ലിക്കേഷന്റെ രൂപത്തില്‍ ഫെയ്‌സ്ബുക്ക് എത്തുന്നത്, ഐപാഡ് ഉപഭോക്താക്കള്‍ക്കും ഫെയ്‌സ്ബുക്കിനും ഒരുപോലെ ഗുണം ചെയ്യുന്ന നിക്കമായി വിലയിരുത്തപ്പെടുന്നു.
ട്വിറ്റര്‍, ഫ്ലാപ്പ്‌ബോര്‍ഡ്, ഗോവല തുടങ്ങിയ ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടെ ഐപാഡ് ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ ലഭ്യമാണ്. ആ ഗണത്തിലേക്ക് എത്തുകയാണ് ഫെയ്‌സ്ബുക്കും.
75 കോടി വരുന്ന ഫെയ്‌സ്ബുക്ക് അംഗങ്ങളില്‍ ഏതാണ്ട് 35 കോടി പേര്‍ ഏതെങ്കിലും മൊബൈല്‍ ഉപകരണം വഴിയാണ് സൈറ്റിലെത്തുന്നത്. താമസിയാതെ കൂടുതല്‍ അംഗങ്ങള്‍ ഇത്തരം ഉപകരണങ്ങള്‍ വഴിയാകും ഫെയ്‌സ്ബുക്കിലെത്തുകയെന്ന്, ഫെയ്‌സ്ബുക്കിന്റെ മൊബൈല്‍ പ്രോഡക്ട്‌സ് മേധാവി എറിക് ടിസെങ് അടുത്തയിടെ പറയുകയുണ്ടായി.
ടച്ച്പാഡില്‍ വിരല്‍സ്പര്‍ശത്തില്‍ ലഭിക്കുന്ന പൂര്‍ണമായ അനുഭവമായിരിക്കും ഫെയ്‌സ്ബുക്കിന്റെ ഐപാഡ് ആപ്പ് നല്‍കുകയെന്ന് ഫെയ്‌സ്ബുക്ക് പറയുന്നു. വലിയ ചിത്രങ്ങളും, വീഡിയോ ചാറ്റുമെല്ലാം ഐപാഡ് ആപ്പ് വഴി സാധ്യമാകും.
നിലവിലുള്ള ഐഫോണ്‍ ആപ്പ് അപ്‌ഗ്രേഡ് ചെയ്തിറക്കിയതാണ് ഐപാഡ് ആപ്പ് എന്നാണ് ചിലരുടെ വിലയിരുത്തല്‍. മാത്രമല്ല, ഐപാഡ് ആപ്പിലെ പല ഫീച്ചറുകളും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ചില ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ട്വിറ്ററിലും മറ്റും ഇത്തരം പരാതികളും വിമര്‍ശനങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.