'മാറ്റമില്ലാത്തത് മാറ്റം മാത്രം' എന്ന് പറയാറുണ്ടല്ലോ. ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്കിന്റെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല. സമീപകാലത്തെ ഏറ്റവും വലിയ മാറ്റത്തിന്റെ പാതിയിലാണ് ഫെയ്‌സ്ബുക്ക് ഇപ്പോള്‍. കഴിഞ്ഞ ദിവസം 'എഫ് 8 ഡെവലപ്പര്‍ കോണ്‍ഫറന്‍സി'ല്‍ അവതരിപ്പിക്കപ്പെട്ട സംഗതികള്‍ പ്രയോഗത്തിലാകുന്നതോടെ ഒരുകാര്യം വ്യക്തമാകും- ഫെയ്‌സ്ബുക്ക് ഇനി പഴയ ഫെയ്‌സ്ബുക്ക് ആയിരിക്കില്ല.
കെട്ടിലും മട്ടിലും മാറ്റം വരുത്തുന്നതോടൊപ്പം, പുതിയ കാലത്തിന്റെ ചുവരെഴുത്തായ ആപ്‌സ് (Apps- Applications) കൂടുതല്‍ ഉപയോഗിക്കാന്‍ പാകത്തിലുള്ള മാറ്റവും ഫെയ്‌സ്ബുക്കില്‍ വരുത്തുകയാണ്. ഇഷ്ടമുള്ള സംഗീതം ആസ്വദിക്കാനും പുസ്തകം വായിക്കാനും ഉപയോക്താവിന് അവസരമൊരുക്കുന്ന സോഷ്യല്‍ ആപ്‌സ് (Social apps) ഫെയ്‌സ്ബുക്കിന്റെ ഭാഗമാകും.
യൂസര്‍മാരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഇനിമുതല്‍ 'ടൈംലൈന്‍' ആവുകയാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഫെയ്‌സ്ബുക്ക് യൂസര്‍മാരെല്ലാം ടൈംലൈനിന്റെ സ്വാധീനമെത്രയെന്ന് മനസിലാക്കും. യൂസര്‍മാരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍, ഫോട്ടോകള്‍, മറ്റ് ഫെയ്‌സ്ബുക്ക് പ്രവൃത്തികള്‍ എന്നിവയെ ദൃശ്യപരമായി പ്രതിനിധാനം ചെയ്യുന്നതാകും ടൈംലൈന്‍. മാത്രമല്ല, യൂസറുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുന്‍കാല സന്ദര്‍ഭങ്ങളും-പോസ്റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, സംഭവങ്ങള്‍ എന്നിവയും-ടൈംലൈനില്‍ ഉള്‍പ്പെടും (ഇതോടൊപ്പമുള്ള വീഡിയോ ശ്രദ്ധിക്കുക). അത് മറ്റുള്ളവര്‍ക്ക് ദൃശ്യമാക്കാനും സാധിക്കും.
സാധാരണഗതിയില്‍ ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ എല്ലാ സംഗതികളും അപ്‌ഡേറ്റുകളായി പോസ്റ്റ് ചെയ്യാറുണ്ട്. അവയില്‍ പലതും അപ്പോള്‍ മാത്രം പ്രസക്തിയുള്ളതുമായിരിക്കും. ഒന്നോരണ്ടോ ദിവസം കഴിഞ്ഞാല്‍ അവയ്ക്ക് അത്ര പ്രാധാന്യമല്ലാതാവുക സ്വാഭാവികം മാത്രം. എന്നാല്‍, ചില സംഗതികള്‍ അങ്ങനെയല്ല. നിങ്ങളുടെ കുട്ടി നടന്നു തുടങ്ങുന്നതിന്റെ വീഡിയോ എത്രകാലം കഴിഞ്ഞാലും നിങ്ങള്‍ക്ക് പ്രധാനപ്പെട്ടത് തന്നെയായിരിക്കും. ഇങ്ങനെയുള്ള പ്രധാനപ്പെട്ട അപ്‌ഡേറ്റുകളെ പ്രത്യേകരീതിയില്‍ ബുക്ക്മാര്‍ക്ക് ചെയ്ത് ടൈംലൈനില്‍ എത്തിക്കാനാകും. നിങ്ങളുടെ ജീവതത്തെയും വ്യക്തിത്വത്തെയും പ്രതിനിധാനം ചെയ്യുന്ന ഒരു 'സ്റ്റോറിബുക്ക്' ആയി ടൈംലൈന്‍ പരിണമിക്കും.
പാചകം, സംഗീതാസ്വാദനം, സിനിമകാണല്‍, പുസ്തക വായന തുടങ്ങിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യാന്‍ സാഹായിക്കുന്ന സോഷ്യല്‍ ആപ്പ്‌സും കഴിഞ്ഞ ദിവസം അവതരിപ്പിക്കപ്പെട്ടു. യൂസര്‍മാരുടെ സ്വാഭാവവും താത്പര്യങ്ങളും മനസിലാക്കാനും അതിനനുസരിച്ച്, പ്രത്യേക ഗ്രൂപ്പുകളെ ലക്ഷ്യംവെച്ചുള്ള പരസ്യങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും.
മാത്രമല്ല, 'സ്‌പോട്ടിഫൈ' (Spotify) നല്‍കുന്ന ഓണ്‍ലൈന്‍ മ്യൂസിക് സ്ട്രീമിങ് സര്‍വീസ് ഫെയ്‌സ്ബുക്കിനുള്ളില്‍ തന്നെ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും കഴിഞ്ഞ ദിവസമുണ്ടായി. ടിവി പരിപാടികളുടെയും വീഡിയോകളുടെയും ഓണ്‍ലൈന്‍ സ്ട്രീമിങ് ലഭ്യമാക്കാനായി 'നെറ്റ്ഫ്‌ലിക്‌സ്' (Netflix), 'ഹുലു' (Hulu) എന്നീ കമ്പനികളുമായി ഫെയ്‌സ്ബുക്ക് പങ്കാളിത്തം ഉറപ്പിച്ചതായും പ്രഖ്യാപനമുണ്ടായി. ഈ മൂന്ന് സര്‍വീസുകളും ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭ്യമാകില്ല. ഇത്തരം സര്‍വീസുകള്‍ നടത്തുന്ന ഇന്ത്യന്‍ കമ്പനികളുമായി അതിന് ഫെയ്‌സ്ബുക്ക് പങ്കാളിത്തമുണ്ടാക്കേണ്ടി വരും. യാഹൂ, ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് മുതലായവ അവയുടെ ന്യൂസ് ആപ്‌സ് ഫെയ്‌സ്ബുക്കില്‍ ഉള്‍പ്പെടുത്തും.
സ്വകാര്യതാ ക്രമീകരണങ്ങളിലും, സുഹൃത്തുക്കളുമായുള്ള ബന്ധങ്ങള്‍ പുനര്‍നിര്‍ണയം ചെയ്യാന്‍ സഹായിക്കുന്ന സംവിധാനത്തിലുമെല്ലാം പോയ ദിവസങ്ങളില്‍ ഫെയ്ബുക്ക് കാര്യമായ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിരുന്നു. അവയ്ക്ക് പുറമേയാണ് എഫ് 8 കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പുതിയ മാറ്റങ്ങള്‍. അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമില്ലെങ്കിലും, കെട്ടിലും മട്ടിലും കാഴ്ചയിലും കാര്യമായ മാറ്റം ഫെയ്‌സ്ബുക്കിന് വരുമെന്ന് സാരം.