ഐറിങ് - വിരല്‍ചൂണ്ടിയാല്‍ സംവദിക്കുന്ന ലോകം

Posted on: 10 Aug 2012


-സ്വന്തം ലേഖകന്‍



ചൂണ്ടുവിരലില്‍ അണിയാവുന്ന ക്യാമറയും പോക്കറ്റിലൊരു സ്മാര്‍ട്ട്‌ഫോണും. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തിന്റെ ലോകത്തേക്ക് നിങ്ങളെയെത്തിക്കാന്‍, ഇത്തരമൊരു സംവിധാനത്തിന് കഴിയുമെന്ന് എം.ഐ.ടി.ഗവേഷകര്‍


ചൂണ്ടുമര്‍മം എന്നൊക്കെ കേട്ടിട്ടില്ലേ. ചൂണ്ടുവിരല്‍ ചൂണ്ടി പ്രതിയോഗിയെ അടിപ്പെടുത്താന്‍ സഹായിക്കുമെന്ന് പറയപ്പെടുന്ന മര്‍മം. അതുപോലൊരു സംഗതി വികസിപ്പിക്കുകയാണ് ടെക്‌നോളജി രംഗത്തെ ഒരുസംഘം ഗവേഷകര്‍. ഇവിടെ ആക്രമിക്കാനല്ല, ലോകത്തെ മനസിലാക്കാനാണ് 'ചൂണ്ടുമര്‍മം' പ്രയോഗിക്കുന്നത് എന്നുമാത്രം.

വിരല്‍ചൂണ്ടുക വഴി നമുക്ക് ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ അറിയാന്‍ അവസരമൊരുക്കുകയാണ് അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (MIT)യിലെ ഗവേഷകര്‍.

ചൂണ്ടുവിരലില്‍ അണിയാവുന്ന ഒരു ക്യാമറയും പോക്കിലുള്ള സ്മാര്‍ട്ട്‌ഫോണും വഴി ചുറ്റുമുള്ള ലോകത്തോട് അനായാസം സംവദിക്കാന്‍ കഴിയുന്ന അവസ്ഥയാണ് എം.ഐ.ടി.സംഘം വിഭാവനം ചെയ്യുന്നത്.

ക്യാമറയണിഞ്ഞ വിരല്‍ ഒരു വസ്തുവിന് നേരെ ചൂണ്ടുകയും, അതിന്റെ ഫോട്ടോയെടുക്കുകയും, എന്താണ് അതെന്നുള്ള സംഗതി കേള്‍ക്കുകയും ചെയ്യാന്‍ അവസരമൊരുക്കുന്ന 'ഐറിങ്' (EyeRing) എന്ന സംവിധാനമാണ് ഗവേഷകര്‍ വികസിപ്പിക്കുന്നത്.

എം.ഐ.ടി.മീഡിയ ലാബിലെ പ്രൊഫസറായ പാറ്റീ മയേസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, ഐറിങ് സംവിധാനം വികസിപ്പിക്കുന്നത്. ഡിജിറ്റല്‍ വിവരങ്ങളുമായി ഇടപഴകാന്‍ പുതിയ രീതികള്‍ (ഇന്റര്‍ഫേസുകള്‍) വികസിപ്പിക്കുന്ന ഗവേഷകയാണ് മയേസ്.

കാഴ്ചയില്ലാത്തവര്‍ക്കും, കാഴ്ചശക്തി കുറഞ്ഞവര്‍ക്കും സഹായകമാകുന്ന രീതിയിലാണ് തുടക്കത്തില്‍ ഐറിങ് വിഭാവനം ചെയ്തത്. എന്നാല്‍, ഒരു നാവിഗേഷന്‍ സംവിധാനമായും, ഭാഷാന്തരീകരണ ഉപകരണമായും, അതല്ലെങ്കില്‍ കുട്ടികള്‍ക്ക് വായന ശീലിക്കാനുള്ള സഹായിയായും പുതിയ സങ്കേതം പ്രവര്‍ത്തിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഒരുഉത്പന്നമായി ഐറിങ് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അവര്‍ ഇപ്പോള്‍.

ഭൗതികലോകത്തിന്റെ അതിര്‍ത്തിക്കുള്ളിലേക്ക് ഡിജിറ്റല്‍ലോകത്തെ പ്രതിഷ്ഠിക്കുക വഴി രൂപപ്പെടുന്ന അവസ്ഥയ്ക്കാണ് ഓഗ്മെന്റഡ് റിയാലിറ്റി (സമീപയാഥാര്‍ഥ്യം) എന്നത്. ഡിജിറ്റല്‍ലോകവും ഭൗതികലോകവും അതാതിന്റെ അതിര്‍ത്തികള്‍ കാത്തുസൂക്ഷിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി (പ്രതീതിയാഥാര്‍ഥ്യം) യില്‍ നിന്ന് വ്യത്യസ്തമാണിത്. സമീപയാഥാര്‍ഥ്യത്തിന്റെ കാര്യത്തില്‍ ഭൗതികലോകവും ഡിജിറ്റല്‍ലോകവും അതിര്‍ത്തികള്‍ വേവ്വേറെ സൂക്ഷിക്കുന്നില്ല.

സ്മാര്‍ട്ട്‌ഫോണുകളുടെ വരവാണ്, സമീപയാഥാര്‍ഥ്യം സാധ്യമാക്കാന്‍ കൂടുതല്‍ വഴികള്‍ തുറന്നുതന്നത്. സ്മാര്‍ട്ട്‌ഫോണുകളിലെ ആപ്ലിക്കേഷനുകളും ക്യാമറയും സെന്‍സറുകളുമൊക്കെ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്കെത്താന്‍ ഒട്ടേറെ വഴികള്‍ തുറക്കുന്നു.

സമീപയാഥാര്‍ഥ്യവുമായി ബന്ധപ്പെട്ട മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുന്ന ഒന്നാണ് ഐറിങ് സങ്കേതം. 'വിയറബിള്‍ ഇലക്ട്രോണിക്‌സ്' (wearable electronics) എന്ന, ശരീരത്തില്‍ ധരിക്കാവുന്ന ഇലക്ട്രോണിക്‌സ് സങ്കേതങ്ങളുടെ ഗണത്തിലാണ് ഐറിങ് പെടുന്നത്. സമീപഭാവിയില്‍ ഇത്തരം സങ്കേതങ്ങളും ഉപകരണങ്ങളും വ്യാപകമാകുമെന്നാണ് പ്രതീക്ഷ. അടുത്തയിടെ ഗൂഗിള്‍ അവതരിപ്പിച്ച 'പ്രോജക്ട് ഗ്ലാസ്' ഉദാഹരണം.

ഐറിങ് ഇനിയും അന്തിമരൂപം കൈക്കൊണ്ടിട്ടില്ല. ഗവേഷകര്‍ അത് വികസിപ്പിക്കുന്നതേയുള്ളൂ. നിലവിലുള്ള സ്ഥിതി അനുസരിച്ച്, ഒരു ചെറുക്യാമറയും ബ്ലൂടൂത്തും കണക്ടിവിറ്റിയും ഐറിങിലുണ്ട്.

ഏതിനെക്കുറിച്ചാണോ കൂടുതല്‍ വിവരങ്ങള്‍ ആവശ്യം, ആ വസ്തുവിന് നേരെ ഐറിങ് അണിഞ്ഞ വിരല്‍ ചൂണ്ടുക. റോഡിലൂടെ നടക്കുമ്പോള്‍, സമീപത്തെ കടയില്‍ ഒരു ഷര്‍ട്ട് തൂക്കിയിട്ടിരിക്കുന്നത് ശ്രദ്ധിക്കുന്ന നിങ്ങള്‍, അതിന് നേരെ വിരല്‍ തിരിച്ചിട്ട് അതിന്റെ ഫോട്ടോയെടുക്കാന്‍ ഐറിങിലെ ബട്ടണ്‍ അമര്‍ത്തുന്നു. ഷര്‍ട്ടിന്റെ ചിത്രം ബ്ലൂടൂത്ത് വഴി പോക്കറ്റിലുള്ള സ്മാര്‍ട്ട്‌ഫോണിലെത്തുന്നു. സ്മാര്‍ട്ട്‌ഫോണിലെ ബന്ധപ്പെട്ട ആപ് ചിത്രം വിശകലനം ചെയ്തിട്ട് അതിന്റെ പ്രത്യേക പറഞ്ഞു തരുന്നു. ഉദാരണം 'നീലഷര്‍ട്ട്'. ആ ഫലം സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ തെളിയുകയും ചെയ്യുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ പോക്കറ്റില്‍ നിന്നെടുക്കാതെ തന്നെ നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാക്കാം. ഇതൊരു തുടക്കം മാത്രം. ഇത്തരം നൂറുനൂറ് ഉപയോഗങ്ങള്‍ ഭാവിയില്‍ ഐറിങിന് ഉണ്ടായേക്കാം.

ആന്‍ഡ്രോയിഡ് ഫോണുകളിലും മാക് കമ്പ്യൂട്ടറുകളിലും ഐറിങ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഐഫോണ്‍ ആപ് സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവരെ ഉപയോഗിച്ച് ഐറിങ് പരീക്ഷിക്കുകയും ചെയ്തുവരികയാണ്.

ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, നൂറ് ഡോളറില്‍ താഴെ വിലയ്ക്ക് ഐറിങ് വിപണിയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് എം.ഐ.ടി.സംഘത്തിന്റെ പ്രതീക്ഷ (കടപ്പാട് : ടെക്‌നോളജി റിവ്യൂ).
TAGS:
eyering  |  augmented realtiy  |  mit  |  future tech  |  wearable electronics  |  innovation 


Stories in this Section