കണ്ണുകൊണ്ട് കളിക്കാന്‍ കമ്പ്യൂട്ടര്‍ ഗെയിം

Posted on: 28 Feb 2012


-സ്വന്തം ലേഖകന്‍




കീബോര്‍ഡോ മൗസോ ഉപയോഗിക്കാന്‍ ശേഷിയില്ലാത്ത വികാലാംഗരായ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ ഗെയിമിന്റെ മാസ്മരലോകം തുറക്കാനുള്ള ശ്രമത്തിലാണ് ഒരുസംഘം ബ്രിട്ടീഷ് ഗവേഷകര്‍. അത്തരം കുട്ടികള്‍ക്കായി കണ്ണുകൊണ്ട് നിയന്ത്രിക്കാവുന്ന കമ്പ്യൂട്ടര്‍ ഗെയിമിന് രൂപംനല്‍കുകയാണ് അവര്‍.

ലെയ്‌സസ്റ്ററില്‍ ഡി മോന്റ്‌ഫോര്‍ട്ട് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പദ്ധതിക്ക് പിന്നില്‍. പ്രതീതി-യഥാര്‍ഥലോകത്ത് കണ്ണിന്റെ സഹായത്തോടെ ഉല്ലസിക്കാന്‍ ഇത്തരം ഗെയിമുകള്‍ കുട്ടികളെ സഹായിക്കും.

മൗസിനെപ്പോലെ, കീബോര്‍ഡിനെപ്പോലെ, മള്‍ട്ടിടച്ച് ഉപകരണങ്ങളില്‍ വിരലിനെപ്പോലെ, ഉപകരണങ്ങളുമായി ഇടപഴകാന്‍ കണ്ണിന്റെ ചലനം എങ്ങനെ ഉപയോഗിക്കാം എന്നത് വര്‍ഷങ്ങളായി പലരുടെയും അന്വേഷണമേഖലയാണ്.

എന്നാല്‍, ഇക്കാര്യം പ്രയോഗതലത്തിലെത്തിക്കുന്നതില്‍ കാര്യമായ വിജയം ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് ഗവേഷകരുടെ ശ്രമം ശ്രദ്ധേയമാകുന്നത്. ചെലവുകുറഞ്ഞ തരത്തില്‍ ഇത്തരമൊരു സങ്കേതം രൂപപ്പെടുത്താനാണ് തങ്ങളുടെ ശ്രമമെന്ന്, ഗവേഷകസംഘത്തിന്റെ മേധാവിയായ സ്റ്റീഫന്‍ വിക്കേഴ്‌സ് പറയുന്നു.

ബട്ടണുകള്‍ 'ഞെക്കാനും', ഒരു കഥാപാത്രത്തെ വിവിധ ദിശകളിലേക്ക് നയിക്കാനും കമ്പ്യൂട്ടര്‍സ്‌ക്രീനിലെ പ്രത്യേകസ്ഥാനങ്ങളില്‍ നോക്കിയാല്‍ മതിയാകും എന്നതാണ് ഇത്തരമൊരു സംവിധാനത്തിന്റെ പ്രത്യേകതയെന്ന് ബിബിസി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ഒരു സ്‌പേസ്ഷിപ്പ് ഗെയിമിന്റെ കാര്യത്തില്‍, ഗെയിമിലെ കളിക്കാര്‍ക്ക് പരസ്പരം വെടിവെയ്ക്കാന്‍, കമ്പ്യൂട്ടറിന് മുന്നിലുള്ളയാള്‍ സ്‌ക്രീനിലെ ഒരു പ്രത്യേക ബട്ടണില്‍ തറപ്പിച്ച് നോക്കിയാല്‍ മതിയാകുമെന്ന് വിക്കേഴ്‌സ് പറയുന്നു.

ഇന്‍ഫ്രാറെഡ് രശ്മികളുടെ സഹായത്തോടെയാണ്, കമ്പ്യൂട്ടര്‍ മോണിറ്ററിന് മുന്നിലുള്ളയാളുടെ കണ്ണുകളുടെ ദിശാചലനം മനസിലാക്കാന്‍ കമ്പ്യൂട്ടറിന് സാധിക്കുന്നത്. സ്‌ക്രീനിലെ ഒരു ബട്ടനില്‍ നിങ്ങള്‍ നോക്കുമ്പോള്‍, മൗസിന്റെ സഹായത്തോടെ കേര്‍സര്‍ ആ ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന ഫലമാണുണ്ടാക്കുക.

കമ്പ്യൂട്ടറുകളെ നിയന്ത്രിക്കുന്നതെങ്ങനെ എന്നതിന്റെ പരമ്പരാഗത രീതികള്‍ മാറി വരികയാണ്. മള്‍ട്ടിടച്ച് സങ്കേതവും അംഗവിക്ഷേപങ്ങള്‍ക്കനുസരിച്ച് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാമെന്നതും പരമ്പരാഗത മൗസ്-കീബോര്‍ഡ് രീതിയെ കടത്തിവെട്ടുകയാണ് ഇപ്പോള്‍.

കണ്ണുകൊണ്ട് കമ്പ്യൂട്ടറിനെ നിയന്ത്രിക്കാനുള്ള സങ്കേതം സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചെലവിലെത്തിയാല്‍, അതും കമ്പ്യൂട്ടിങിന്റെ മുഖ്യധാരയിലേക്ക് കുടിയേറുമെന്നതില്‍ സംശയമില്ലെന്ന് വിക്കേഴ്‌സ് പറയുന്നു.

ലെയ്‌സസ്റ്ററിലെ സ്‌കൂള്‍കുട്ടികളാണ്, വിക്കേഴ്‌സും സംഘവും വികസിപ്പിക്കുന്ന സങ്കേതം ഇപ്പോള്‍ പരീക്ഷണാര്‍ഥം ഉപയോഗിച്ചു നോക്കുന്നത്.


Stories in this Section