സൗരയൂഥത്തിന് വെളിയില്‍ ബുധനെക്കാള്‍ ചെറിയ ഗ്രഹം

Posted on: 21 Feb 2013




നമ്മുടെ ചന്ദ്രനെക്കാള്‍ അല്‍പ്പം വലുത്, സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധനെക്കാള്‍ കുറച്ച് ചെറുത്. സൗരയൂഥത്തിന് വെളിയില്‍ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പുതിയ ഗ്രഹം വലിപ്പക്കുറവിന്റെ കാര്യത്തില്‍ റിക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കണ്ടെത്തിയതില്‍ ഏറ്റവും ചെറിയ 'അന്യഗ്രഹ'മാണ് 'കെപ്ലെര്‍-37ബി'.

സൂര്യന് സമാനമായ നക്ഷത്രത്തെ ആ കുഞ്ഞന്‍ ഗ്രഹം ചുറ്റുന്നതായി തിരിച്ചറിഞ്ഞത് 'കെപ്ലെര്‍ ദൗത്യ'ത്തിന്റെ ഭാഗമായി ശേഖരിച്ച ഡേറ്റ വിശകലനം ചെയ്തപ്പോഴാണ്. ശിലാനിര്‍മിതമെന്ന് കരുതുന്ന ആ ഗ്രഹം മാതൃനക്ഷത്രത്തെ വെറും 13 ദിവസംകൊണ്ട് പരിക്രമണം ചെയ്യുന്നതായി 'നേച്ചര്‍' ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

മൂന്നു ഗ്രഹങ്ങളും നക്ഷത്രവുമുള്‍പ്പെട്ട ഒരു വിദൂര 'സൗരയൂഥ'ത്തിന്റെ ഭാഗമാണ് കെപ്ലെര്‍-37ബി. അതിലെ മറ്റ് ഗ്രഹങ്ങളില്‍ ഒരെണ്ണം ഭൂമിയുടെ മുക്കാല്‍ പങ്ക് വലിപ്പമുള്ളതും, രണ്ടാമത്തേത് ഭൂമിയുടെ ഇരട്ടി വലിപ്പമുള്ളതുമാണ്.

2009 മാര്‍ച്ച് ഏഴിന് നാസ വിക്ഷേപിച്ച 'കെപ്ലെര്‍ സ്‌പേസ് ടെലസ്‌കോപ്പി'ന്റെ ലക്ഷ്യം, ഭൂമിക്ക് സമാനമായ അന്യഗ്രഹങ്ങളെ കണ്ടുപിടിക്കലാണ്. വിദൂരനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹങ്ങള്‍ സഞ്ചരിക്കുമ്പോള്‍ (സംതരണം നടത്തുമ്പോള്‍), നക്ഷത്രത്തിന്റെ തിളക്കത്തിലുണ്ടാകുന്ന സൂക്ഷ്മവ്യതിയാനം മനസിലാക്കിയാണ് ഗ്രഹസാന്നിധ്യം കണ്ടെത്തുന്നത്.


വ്യാഴത്തിനും ശനിക്കും സമാനമായ ഭീമന്‍ ഗ്രഹങ്ങളെയാണ് കെപ്ലെര്‍ ഉപയോഗിച്ച് ആദ്യകാലത്ത് ഗവേഷകര്‍ തിരിച്ചറിഞ്ഞതെങ്കില്‍, പിന്നീട് ഒട്ടേറെ 'സൂപ്പര്‍ഭൂമി'കളുടെ കണ്ടെത്തലിന് കെപ്ലെര്‍ സഹായിച്ചു. ഇപ്പോഴിതാ, ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ചെറിയ അന്യഗ്രഹത്തിന്റെ കണ്ടുപിടിത്തത്തിനും അത് കാരണമായിരിക്കുന്നു.

ഇതിന് മുമ്പ് കണ്ടെത്തിയ ഏറ്റവും ചെറിയ അന്യഗ്രഹത്തിന്റെ മൂന്നിലൊന്ന് വലിപ്പമേയുള്ളൂ കെപ്ലെര്‍-37ബിക്ക്. 'ഇത്തരം ചെറു ശിലാഘടനകള്‍ പോലും കണ്ടെത്താന്‍ കഴിയുന്നത് അതിശയകരമായ സാങ്കേതിക മുന്നേറ്റമാണ്' - നേച്ചര്‍ പ്രബന്ധത്തിന്റെ രചയിതാക്കളിലൊരാളും ഹാര്‍വാഡ് സ്മിത്‌സോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ ഗവേഷകനുമായ ഫ്രാന്‍കോയ്‌സ് ഫ്രെസ്സിന്‍ പറഞ്ഞു.

പുതിയ മൂന്ന് അന്യഗ്രഹങ്ങളുടെ മാതൃനക്ഷത്രമായ 'കെപ്ലെര്‍ -37', ഭൂമിയില്‍ നിന്ന് 210 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. സൂര്യനും ബുധനും തമ്മിലുള്ളതിലും കുറഞ്ഞ അകലത്തിലാണ് മൂന്നു ഗ്രഹങ്ങളും നക്ഷത്രത്തെ ചുറ്റുന്നത്. അതിനര്‍ഥം, അവ വളരെ ചൂടുകൂടിയവ ആയിരിക്കും എന്നാണ്.

മാതൃനക്ഷത്രത്തെ കെപ്ലെര്‍-37ബി പരിക്രമണം ചെയ്യുന്നത് 13 ദിവസംകൊണ്ടാണെങ്കില്‍, നക്ഷത്രത്തിന്റെ മറ്റ് രണ്ട് ഗ്രഹങ്ങളായ കെപ്ലെര്‍-37സി 21 ദിവസം കൊണ്ടും, കെപ്ലെര്‍-37ഡി 40 ദിവസം കൊണ്ടുമാണ് പരിക്രമണം ചെയ്യുന്നത്.

സൗരയൂഥത്തിന് വെളിയില്‍ നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളാണ് 'അന്യഗ്രഹങ്ങള്‍' (exoplanets). 1992 ലാണ് ആദ്യ അന്യഗ്രഹത്തെ ശാസ്ത്രലോകം തിരിച്ചറിയുന്നത്. ഒരു 'പള്‍സറി'നെ ചുറ്റുന്ന ഗ്രഹമായിരുന്നു അത്. ഇതുവരെ 834 അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ളതായി, നാസയുടെ 'എക്‌സോപ്ലാനറ്റ് ആര്‍കൈവ്' പറയുന്നു. 650 നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളാണ് അവ.
TAGS:


Stories in this Section