ഭരണതലത്തില്‍ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മാറ്റം പ്രഖ്യാപിച്ചുകൊണ്ട് സാങ്കേതിക ലോകത്തെ അമ്പരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ കമ്പനി. പത്തുവര്‍ഷമായി കമ്പനിയുടെ മേധാവിയായിരുന്ന എറിക് ഷ്മിഡ്ത് സ്ഥാനമൊഴിയുമ്പോള്‍, ഇതിഹാസതുല്യമായ ഒരു അധ്യായത്തിന്റെ അന്ത്യം കൂടിയാവുന്നു അത്. ഗൂഗിളിന്റെ സ്ഥാപകരിലൊരാളായ 38-കാരന്‍ ലാറി പേജായിരിക്കും 2011 ഏപ്രില്‍ നാല് മുതല്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍.
2001 ല്‍ 45-ാമത്തെ വയസ്സില്‍ ഗൂഗിളില്‍ ചേരുമ്പോള്‍ മുതല്‍ അതിന്റെ സി.ഇ.ഒ.സ്ഥാനം വഹിച്ചിരുന്ന ഷ്മിഡ്ത്, ഇനി കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എന്ന ചുമതലയാവും വഹിക്കുക. ലാറി പേജിന്റെയും ഗൂഗിളിന്റെ സ്ഥാപകരിലൊരാളായ സെര്‍ജി ബ്രിന്നിന്റെയും ഉപദേശകന്‍ ഷ്മിഡ്ത് തന്നെയായിരിക്കും. കമ്പനിയുടെ ടെക്‌നോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന പ്രസിഡന്റാണ് സെര്‍ജി ബ്രിന്‍ ഇപ്പോള്‍.
ഗൂഗിള്‍ മാനേജ്‌മെന്റില്‍ അപ്രതീക്ഷിതമായി ഇത്തരമൊരു മാറ്റം എന്തുകൊണ്ടെന്ന് പലരും അത്ഭുതപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയാണ് ഗൂഗിള്‍. ടെക്‌നോളജി രംഗത്ത് അസൂയാര്‍ഹമായ വിജയം നേടിയ കമ്പനി. 2004 ല്‍ ഐ.പി.ഒ.വേളയില്‍ 27 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കല്‍പ്പിച്ചിരുന്ന കമ്പനിയുടെ ഇപ്പോഴത്തെ മൂല്യം 200 ബില്യണ്‍ ഡോളറാണ്. കുറഞ്ഞകാലം കൊണ്ട് ഇത്രവലിയ വിജയം നേടിയ കമ്പനി എന്തിന് അതിന്റെ മേധാവിയെ മാറ്റുന്നു, സിലിക്കണ്‍ വാലിയില്‍ പലരും ചോദിക്കുന്ന ചോദ്യമാണിത്.
ബിസിനസ് രംഗത്തും നവീനതയുടെ കാര്യത്തിലും ഗൂഗിള്‍ സൃഷ്ടിച്ച മുന്‍മാതൃകകളില്ലാത്ത ഒരു സംസ്‌ക്കാരമുണ്ട്. കമ്പനി വളര്‍ന്നപ്പോള്‍ അത് കുറെയൊക്കെ ചോര്‍ന്നുപോയി. മാത്രമല്ല, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി സമീപകാലത്ത് പ്രാധാന്യം നേടിയ കമ്പനികള്‍ക്ക് സാധിക്കുന്ന നവീനതയും ആകര്‍ഷണീയതയും കൊണ്ടുവരുന്നതില്‍ ഗൂഗിള്‍ അത്ര വിജയിക്കുന്നുമില്ല.
ഈ പശ്ചാത്തലത്തില്‍, 'സ്വന്തം വേരുകള്‍ തേടിയുള്ള നീക്ക'മാണ് ഗൂഗിളിന്റേതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നു. തുടക്കക്കാരുടെ ചടുലതയും വേഗമുള്ള വലിയ കമ്പനിയാക്കി ഗൂഗിളിനെ മാറ്റുകയെന്നതാണ് തന്റെ പ്രാഥമിക ദൗത്യമെന്ന് ലാറി പേജ് അഭിപ്രായപ്പെട്ടത് ഇതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
വലിയ വിജയം നേടാന്‍ ഗൂഗിളിന് കഴിഞ്ഞെങ്കിലും, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പോലുള്ള മേഖലയില്‍ കമ്പനിയുടെ ദൗര്‍ബല്യം വെളിവാക്കിയത് ഫെയ്‌സ്ബുക്കിന്റെ സമീപകാലത്തെ അഭൂതപൂര്‍വമായ വിജയമാണ്. 2010 ല്‍ മാത്രം ഫെയ്‌സ്ബുക്കില്‍ പുതിയതായി ചേര്‍ന്നത് 25 കോടി അംഗങ്ങളാണ്. അമേരിക്കയില്‍ ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റ് എന്ന സ്ഥാനം ഫെയ്‌സ്ബുക്ക് നേടുകയും ചെയ്തു.
സ്വാഭാവികമായും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മേഖലയില്‍ സംഭവിച്ച പരാജയം, ആ മേഖലയിലെ വന്‍തോതിലുള്ള പരസ്യ വരുമാന സാധ്യതകള്‍ ഗൂഗിളിന് നഷ്ടപ്പെടുത്തും. എന്നിരിക്കിലും, മൊബൈല്‍ മേഖലയില്‍ ഗൂഗിള്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. മൊബൈല്‍ ഉപകരണങ്ങളിലും ടെലിവിഷന്‍ പോലുള്ളവയിലും ഗൂഗിളിന്റെ മുന്നേറ്റം, പരസ്യങ്ങള്‍ വഴി വരുമാനമുണ്ടാക്കാനുള്ള പുതിയ മേഖലകളാണ് തുറന്നു കിട്ടുന്നത്.
മറ്റൊരു ഭീതിയും ഗൂഗിളിനുള്ളില്‍ പടരുന്നുണ്ട്-ഗൂഗിള്‍ മറ്റൊരു മൈക്രോസോഫ്ട് ആകുമോ എന്നത്. ഒരു കാലത്ത് ടെക്‌നോളജി രംഗത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന മൈക്രോസോഫ്ടിന് അതിന്റെ നല്ലകാലം അവസാനിച്ച തോന്നലാണ് ഇപ്പോഴുള്ളത്. വലിയ സാമ്പത്തിക വിജയമാണ് ഗൂഗിള്‍ നേടുന്നതെങ്കിലും, ആ കമ്പനിയില്‍ ഇപ്പോള്‍ 24,400 പേര്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍, പ്രഗത്ഭരായ പല എന്‍ജിനിയര്‍മാരും ഇത്രയും പേരുള്ള ഒരു കമ്പനിയില്‍ ചേരാന്‍ താത്പര്യപ്പെടുന്നില്ല. പകരം, പുതിയ തലമുറ കമ്പനികളാണ് അവര്‍ക്ക് താത്പര്യം.
മാത്രമല്ല, സമീപകാലത്ത് ഒട്ടേറെ എന്‍ജിനിയര്‍മാരും, ഉയന്ന എക്‌സിക്യുട്ടീവുകളും ഗൂഗിള്‍ വിട്ടു. അതില്‍ പെട്ട ഷെറില്‍ സാന്‍ഡ്ബര്‍ഗ് ഇപ്പോള്‍ ഫെയ്‌സ്ബുക്കിലെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ്, ടിം ആംസ്‌ട്രോങ് എ.ഒ.എല്ലിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും.
ഗൂഗിള്‍ തുടങ്ങിയ കാലത്ത് കമ്പനിയുടെ മേധാവിയായിരുന്ന ആളാണ് ലാറി പേജ്. 2001 ല്‍ ഷ്മിഡ്ത് വന്നപ്പോഴാണ് ഗൂഗിള്‍ ഒരു പ്രൊഫഷണല്‍ മാനേജ്‌മെന്റിന് കീഴിലായത്. ഇപ്പോള്‍ വീണ്ടും ലാറി പേജ് കമ്പനിയുടെ തലപ്പത്തെത്തുമ്പോള്‍ ഒരു വൃത്തം പൂര്‍ത്തിയാവുകയാണ്.
ലാറി പേജും സെര്‍ജി ബ്രിന്നും ചെറുപ്പമായിരുന്ന കാലത്ത് അവരുടെ പക്വതയില്ലാത്ത തീരുമാനങ്ങള്‍ കുഴപ്പമുണ്ടാക്കാതിരിക്കാനാണ്, ഷ്മിഡ്തിനെ രംഗത്തെത്തിക്കുന്നത്. ഗൂഗിളിന്റെ സ്ഥാപകര്‍ പക്വതയെത്തിയിരിക്കുന്നു എന്ന പ്രഖ്യാപനമായി വേണമെങ്കില്‍ ഇപ്പോഴത്തെ മാറ്റത്തെ വിലയിരുത്താം. 'അഡള്‍ട്ട് സൂപ്പര്‍വിഷന്‍' എന്നാണ് ഗൂഗിളിലെ തന്റെ പ്രവര്‍ത്തനത്തെ ഷ്മിഡ്ത് വിശേഷിപ്പിച്ചിരുന്നത്. ദിനംപ്രതിയുള്ള ആ സൂപ്പര്‍വിഷന്‍ ഇനി ആവശ്യമില്ലെന്ന്, ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ ഷ്മിഡ്ത് പറഞ്ഞു.
ഇത്രകാലവും സവിശേഷമായ അധികാരഘടനയുള്ള കമ്പനിയായിരുന്നു ഗൂഗിള്‍. രണ്ട് പ്രസിഡന്റുമാരും ഒരു സി.ഇ.ഒ.യും. കമ്പനിയുടെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നുമായിരുന്നു പ്രസിഡന്റുമാര്‍. ലാറിക്ക് ഉത്പന്നങ്ങളുടെ ചുമതലയും സെര്‍ജിക്ക് ടെക്‌നോളജിയുടെ ചുമതലയും. മൂവരും ചേര്‍ന്നാണ് തന്നെ മേധാവിയാക്കാന്‍ തീരുമാനിച്ചതെന്ന് ലാറി അറിയിച്ചു. തീരുമാനം പരസ്പരധാരണയോടെയുള്ളതായിരുന്നുവെന്ന് പേജും ഷ്മിഡ്തും അറിയിച്ചു.
പത്തുവര്‍ഷമായി താന്‍ വഹിക്കുന്ന പദവി ഒഴിയാന്‍ ഷ്മിഡ്ത് തയ്യാറായിരുന്നു, അല്ലാതെ അദ്ദേഹത്തെ ഒഴിവാക്കിയതാണെന്ന് കരുതാന്‍ നിവൃത്തിയില്ലെന്ന്, 'ഗൂഗിള്‍ഡ് ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് അസ് വി നോ ഇറ്റ്' എന്ന പുസ്തകത്തിന്റെ കര്‍ത്താവ് കെന്‍ ഔലെറ്റ അഭിപ്രായപ്പെട്ടു. എന്നാല്‍, ലാറി എപ്പോഴും മേധാവിയാകാന്‍ ആഗ്രഹിച്ചിരുന്നതായി ഗൂഗിളില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ പറയുന്നു.
ഫോര്‍ബ്‌സ് മാഗസിന്റെ കണക്ക് പ്രകാരം, ലാറിക്കും സെര്‍ജിക്കും കൂടി 15 ബില്യണ്‍ ഡോളറിന്റെ സമ്പാദ്യമുണ്ട്, ഷ്മിഡ്തിന് 5.5 ബില്യണ്‍ ഡോളറും.