ചൈന 'ഐ.ടി. ഭീഷണി'യെന്ന് ഗൂഗിള്‍ ചെയര്‍മാന്‍

Posted on: 03 Feb 2013




സാമ്പത്തികവും രാഷ്ട്രീയവുമായ നേട്ടത്തിനായി സൈബര്‍ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചൈന അന്താരാഷ്ട്ര ഭീഷണിയാണെന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത്. ഏപ്രിലില്‍ പുറത്തുവരാന്‍ പോകുന്ന 'ദി ന്യൂ ഡിജിറ്റല്‍ ഏജ്' എന്ന ഗ്രന്ഥത്തിലാണ് ഗൂഗിള്‍ ചെയര്‍മാന്റെ ഈ ആരോപണം.

'വിപുലമായ തോതില്‍ ഏറ്റവും ആധുനികമായ വിധത്തില്‍' വിദേശ കമ്പനികള്‍ക്കെതിരെ ഹാക്കിങ് നടത്തുന്ന രാജ്യമാണ് ചൈനയെന്ന് ഗൂഗിള്‍ ചെയര്‍മാന്‍ നിരീക്ഷിക്കുന്നു. 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' പ്രസിദ്ധീകരിച്ച റിവ്യൂവിലാണ് ഇക്കാര്യമുള്ളത്.

റാന്‍ഡം ഹൗസ് പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം ഷിമിഡ്തും മുന്‍ യു.എസ്.വിദേശകാര്യ ഉദ്യോഗസ്ഥനായ ജേറെഡ് കോഹനും ചേര്‍ന്നാണ് രചിച്ചത്. ഒട്ടേറെ വിദേശകമ്പനികള്‍ക്കും സംഘടനകള്‍ക്കും നേരെ വര്‍ഷങ്ങളായി സൈബര്‍ ആക്രമണം നടത്തുന്നു എന്ന കുപ്രസിദ്ധി ചൈനീസ് ഭരണകൂടത്തിനുണ്ട്.

രാഷ്ട്രീയരംഗത്തും ബിസിനസിലും സംസ്‌ക്കാരത്തിലും ജീവിതത്തിന്റെ ഇതര മേഖലകളിലും ഇന്റര്‍നെറ്റിനെ അപകടകരമാം വിധം ചൈന ചൂഷണം ചെയ്യുന്നതായി 'ന്യൂ ഡിജിറ്റല്‍ ഏജ്' കുറ്റപ്പെടുത്തുന്നു.

ചൈനീസ് കമ്പനികള്‍ അവലംബിക്കുന്ന നിയമങ്ങളോ തന്ത്രങ്ങളോ അല്ല അമേരിക്കന്‍ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും. അതിന്റെ ദോഷം അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് തീര്‍ച്ചയായുമുണ്ട്. ചൈനീസ് സ്ഥാപനങ്ങള്‍ ചെയ്യുന്നതുപോലുള്ള ഡിജിറ്റല്‍ കോര്‍പ്പറേറ്റ് ചാരപ്പണി അമേരിക്കന്‍ കമ്പനികള്‍ക്ക് സാധ്യമല്ല. കാരണം, അമേരിക്കയില്‍ നിയമങ്ങളും സാഹചര്യങ്ങളും വ്യത്യസ്തമാണ് - ഷിമിഡ്തും കോഹനും ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനീസ് സര്‍ക്കാരുമായും ചൈനീസ് ടെക് കമ്പനികളുമായും ബന്ധം കൂടുതല്‍ ദൃഢമാക്കുക വഴി യു.എസ്.സര്‍ക്കാരിന് ഈ ഭീഷണിയുടെ തോത് കുറയ്ക്കാന്‍ കഴിയുമെന്ന് ഗ്രന്ഥത്തില്‍ പറയുന്നു.

2006 - 2011 കാലത്ത് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി, യു.എന്‍, സുരക്ഷാസ്ഥാപനങ്ങള്‍ ഉള്‍പ്പടെ 72 സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ ചൈന സൈബര്‍ ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്നു. ചൈന ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുകയാണ് പതിവ്.

2011 ല്‍ ഗൂഗിളിന്റെ സെര്‍വറുകള്‍ക്കു നേരെ ചൈനയില്‍ ജിനാന്‍ പ്രവിശ്യയില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നു. ആ സംഭവത്തില്‍ യു.എസ്.ഉദ്യോഗസ്ഥരും സേനാംഗങ്ങളും ഉള്‍പ്പടെ നൂറുകണക്കിനാളുകളുടെ ജിമെയില്‍ പാസ്‌വേഡുകളും യൂസര്‍ നാമങ്ങളും ചോര്‍ത്തപ്പെട്ടു.

കഴിഞ്ഞ ജൂലായില്‍ ചൈന തങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതായി ദക്ഷിണകൊറിയ ആരോപിക്കുകയുണ്ടായി. രാജ്യത്തെ ഒരു ജനപ്രിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കടന്ന് 350 ലക്ഷം അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ചെയ്തത്.

2011 ല്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ'യുടെ കമ്പ്യൂട്ടറുകളെ ചൈനീസ് കേന്ദ്രമായുള്ള കമ്പ്യൂട്ടറുകള്‍ 'നിയന്ത്രണത്തിലാക്കുക'യുണ്ടായി.

ചൈനയില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിന് തങ്ങള്‍ ഇരയായതായി പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങളായ 'വാള്‍സ്ട്രീറ്റ് ജേര്‍ണലും', 'ന്യൂയോര്‍ക്ക് ടൈംസും' വെളിപ്പെടുത്തിയത് കഴിഞ്ഞയാഴ്ചയാണ്. ഈ ആരോപണങ്ങളെ ചൈനീസ് വിദേശകാര്യ മന്ത്രാലയം തള്ളി.
TAGS:
eric schmidt  |  google  |  china  |  hacking  |  online security  |  cyber attack  |  the new digital age 


Stories in this Section