കഴിഞ്ഞ അമ്പതോ നൂറോ വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും മികച്ച കമ്പനി മേധാവി ആരാണ് ? ഗൂഗിള്‍ ചെയര്‍മാനും ആപ്പിളിന്റെ മുന്‍ ബോര്‍ഡംഗവുമായ എറിക് ഷിമിഡ്തിന് സംശയമില്ല-സ്റ്റീവ് ജോബ്‌സ് തന്നെ; ആപ്പിളിന്റെ സ്ഥാനമൊഴിഞ്ഞ സിഇഒ.
സെയ്ല്‍സ്‌ഫോഴ്‌സ് ഡോട്ട് കോമിന്റെ ഡ്രീംഫോഴ്‌സ് കോണ്‍ഫറന്‍സിനിടെ നല്‍കിയ അഭിമുഖത്തില്‍ സ്റ്റീവ് ജോബ്‌സിനെ വാനോളം പുകഴ്ത്താന്‍ ഷിമിഡ്ത് മടിച്ചില്ലെന്ന് ബി.ബി.സി.യുടെ റിപ്പോര്‍ട്ട് പറയുന്നു. ഒന്നല്ല രണ്ടുതവണ ആപ്പിള്‍ കമ്പനിയെ ശക്തമായ കോര്‍പ്പറേഷനായി കെട്ടിപ്പെടുത്തതില്‍ ജോബ്‌സിനെ പുകഴ്ത്തിയേ തീരൂ എന്ന് അദ്ദേഹം പറഞ്ഞു.
ഈ വിലയിരുത്തല്‍ പ്രകാരം, എണ്ണവ്യവസായി ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍, കാര്‍ വ്യവസായി ഹെന്‍ട്രി ഫോര്‍ഡ് തുടങ്ങിയ അമേരിക്കന്‍ വ്യവസായ ഭീമന്‍മാരെപ്പോലും സ്റ്റീവ് ജോബ്‌സ് കടത്തിവെട്ടുന്നു.
ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആഗസ്ത് 24 നാണ്
ആപ്പിളിന്റെ സിഇഒ പദവി സ്റ്റീവ് ജോബ്‌സ് രാജിവെച്ചത്. ആപ്പിള്‍ കമ്പനിയുടെ ചെയര്‍മാന്‍പദം ഇപ്പോഴും അദ്ദേഹത്തിന് തന്നെയാണ്.
15 വര്‍ഷം ആപ്പിളിന്റെ തലപ്പത്തിരുന്ന സ്റ്റീവ് ജോബ്‌സ്, കമ്പനിയെ യു.എസ്.സ്റ്റോക്ക് മാര്‍ക്കറ്റ് കണക്കനുസരിച്ച് ഏറ്റവും മൂല്യമുള്ള കമ്പനിയാക്കി ആപ്പിളിനെ മാറ്റി. എണ്ണവ്യവസായ ഭീമനായ എക്‌സോണിനെപ്പോലും ഇക്കാര്യത്തില്‍ ആപ്പിള്‍ കടത്തിവെട്ടി.
1970 കളില്‍ ആപ്പിള്‍ സ്ഥാപിച്ചത് സ്റ്റീവ് ജോബ്‌സും കൂടി ചേര്‍ന്നാണ്. അതിനെ തുടര്‍ന്ന് കമ്പനിയുടെ മേധാവിയായി ചുമതലയേറ്റ അദ്ദേഹം 1985 ല്‍ കമ്പനിയില്‍ നിന്ന് പുറത്തായി. ആപ്പിളിന്റെ മേധാവിയായി 1997 ല്‍ തിരിച്ചെത്തിയ സ്റ്റീവ് ജോബ്‌സിന്റെ നേതൃത്വത്തിലാണ് ഐമാക് പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ അവതരിപ്പിച്ച് വിജയഗാഥ രചിച്ചത്.
ആപ്പിളിന്റെ യഥാര്‍ഥ വിജയഗാഥ തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അത് ഐപോഡ് യുഗത്തോടെയാണ് ആരംഭിച്ചത്. ഐപോഡ്, ഐഫോണ്‍, ഐപാഡ്-വ്യക്തിഗത വിനോദത്തിന്റെയും മൊബൈല്‍ കമ്പ്യൂട്ടിങിന്റെയും പുതിയ യുഗമാണ് അതുവഴി തുറന്നത്. ഒപ്പം ആപ്പിള്‍ എന്നത് ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറുകയും ചെയ്തു.
സ്റ്റീവ് ജോബ്‌സ് സ്ഥാനമൊഴിയുന്നതിന് ഏതാനും ആഴ്ച മുമ്പാണ്,
അമേരിക്കന്‍ ഭരണകൂടത്തിന്റെ പക്കലുള്ളതിലും കൂടുതല്‍ കാശ് ആപ്പിളിന്റെ കൈയിലുണ്ടെന്ന വാര്‍ത്ത പുറത്തു വന്നത്.