ഗൂഗിളില്‍ നിന്ന് വയര്‍ലെസ്സ് വിനോദോപകരണം

Posted on: 10 Feb 2012


-സ്വന്തം ലേഖകന്‍




ഇനി മടിച്ചുനിന്നിട്ട് കാര്യമില്ലെന്ന് ഗൂഗിളിനും മനസിലായി. പുതിയൊരു 'വിനോദോപകരണവു'മായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തേക്ക് ഗൂഗിള്‍ ചുവടുവെയ്ക്കാന്‍ ഒരുങ്ങുന്നു. ഗൂഗിള്‍ സ്വന്തം ബ്രാന്‍ഡ് നാമത്തില്‍ രംഗത്തെത്തിക്കാന്‍ പോകുന്ന വയര്‍ലെസ്സ് ഉപകരണം ഉപയോഗിച്ച് വീട്ടിനുള്ളില്‍ മുഴുവന്‍ സംഗീതമെത്തിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷനില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളാണ്, പുതിയൊരു വിനോദോപകരണം വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ് ഗൂഗിളെന്ന് വ്യക്തമായ സൂചന നല്‍കുന്നത്. വയര്‍ലെസ്സ് ഹോം നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തിന്റെ പരീക്ഷണം, കാലിഫോര്‍ണിയയില്‍ ഗൂഗിളിന്റെ ആസ്ഥാനമായ മൗണ്ടന്‍ വ്യൂ ഉള്‍പ്പടെ മൂന്നിടങ്ങളില്‍ ഉടന്‍ ആരംഭിക്കുമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയാണ് ഗൂഗിള്‍. ഐടി രംഗത്ത് തങ്ങളുടെ മുഖ്യപ്രതിയോഗികളായ ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികളെപ്പോലെ ഹാര്‍ഡ്‌വേര്‍ രംഗത്ത് ഇതുവരെ കാര്യമായ ശ്രദ്ധ ഗൂഗിള്‍ ചെലുത്തിയിട്ടില്ല. ഇന്റര്‍നെറ്റ് സങ്കേതങ്ങള്‍, സര്‍വീസുകള്‍, മൊബൈല്‍ പ്ലാറ്റ്‌ഫോം എന്നിവയ്ക്കാണ് ഗൂഗിള്‍ ഊന്നല്‍ നല്‍കുന്നത്. അതില്‍ നിന്നുള്ള ഒരു നയവ്യതിയാനമാണ് ഇപ്പോഴത്തെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്ത ജനവരി മുതല്‍ ജൂലായ് വരെ മൂന്ന് നഗരങ്ങളിലായി 252 ഉപകരണങ്ങള്‍ പരീക്ഷിക്കാനാണ് ഗൂഗിള്‍ ഉദ്ദേശിക്കുന്നത്. 'ഗൂഗിള്‍ ഒരു വിനോദോപകരണം വികസിപ്പിക്കുന്നു. അത് പരീക്ഷണശാലയ്ക്കു പുറത്ത് പരീക്ഷിക്കേണ്ടത് ആവശ്യമായിരിക്കുന്നു'-ഫെഡറല്‍ കമ്മ്യൂണിക്കേഷനില്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകളില്‍ പറയുന്നു. 'ഉപകരണത്തിന്റെ പ്രാഥമികരൂപം മാത്രമാണ്. ടെസ്റ്റിങിനനുസരിച്ച് അത് പരിഷ്‌ക്കരിക്കേണ്ടി വരും'.

ഗൂഗിളിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയിഡിനെ വീട്ടുപകരണങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമം ഗൂഗിള്‍ മുമ്പുതന്നെ തുടങ്ങിയതാണ്. കഴിഞ്ഞ വര്‍ഷത്തെ ഗൂഗിള്‍ I/O സമ്മേളനത്തില്‍ Android@home ഉപകരണങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് വഴി സംഗീതം വാങ്ങാനുള്ള സര്‍വീസ് കഴിഞ്ഞ നവംബറില്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു.

ഹാര്‍ഡ്‌വേര്‍ രംഗത്ത് കൂടുതല്‍ ശ്രദ്ധചെലുത്താനുള്ള ഗൂഗിളിന്റെ താത്പര്യം, മോട്ടറോള മൊബിലിറ്റി ഹോള്‍ഡിങ്‌സിനെ സ്വന്തമാക്കാനുള്ള ശ്രമത്തില്‍ തെളിയുന്നു. ആപ്പിളിനെപ്പോലെ ഹാര്‍ഡ്‌വേറും സോഫ്ട്‌വേറും ഒരേപോലെ നിയന്ത്രിക്കാനുള്ള ഗൂഗിളിന്റെ താത്പര്യമാണ് ഇക്കാര്യത്തില്‍ വ്യക്തമാകുന്നത്.

പുതിയ ഉപകരണം പരീക്ഷിക്കുന്നതിനെക്കുറിച്ച് ഗൂഗിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
TAGS:


Stories in this Section