ഭാഷകളുടെ അതിജീവനത്തിനും സോഷ്യല്‍ മീഡിയ

Posted on: 19 Feb 2012


-സ്വന്തം ലേഖകന്‍




ആന്‍ഡമാന്‍ ദ്വീപിലെ പ്രാചീന ഗോത്രവര്‍ഗക്കാരിയായ ബോവ സ്ര്‍ 2010 ജനവരി അവസാനം അന്ത്യശ്വാസം വലിക്കുമ്പോള്‍, അതൊരു ഭാഷയുടെ കൂടി അന്ത്യമായിരുന്നു. എണ്‍പത്തിയഞ്ചാം വയസില്‍ അന്തരിച്ച ആ സ്ത്രീ ആയിരുന്നു പ്രാചീന 'ബൊ' (Bo) ഭാഷ സംസാരിച്ചിരുന്ന അവസാനത്തെ അംഗം.

ജീവജാതികള്‍ക്കു മാത്രമല്ല, ഭാഷകള്‍ക്കും വംശനാശം സംഭവിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു 'ബൊ' ഭാഷയുടെ വിടവാങ്ങല്‍.

ഏഴായിരത്തിനും എണ്ണായിരത്തിനുമിടയില്‍ വ്യത്യസ്ത ഭാഷകളുള്ള ലോകമാണിത്. എന്നാല്‍, അറിയപ്പെടുന്നതില്‍ 6000 ഭാഷകള്‍ ഇപ്പോള്‍ പരിമിതമായ എണ്ണം ആളുകള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. നിലവിലുള്ള ഭാഷകളില്‍ പകുതിയോളം എണ്ണം ഉപയോഗിക്കുന്നത് പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണെന്ന് യുനെസ്‌കോ പറയുന്നു.

പല ഭാഷകളും സമയത്തിന്റെ ദയ കാത്ത് കഴിയുന്നവയാണ്. ലോകഭാഷകളില്‍ പകുതിയും ഈ നൂറ്റാണ്ട് കഴിയുന്നതോടെ എന്നന്നേക്കുമായി അപ്രത്യക്ഷമാകുമെന്നാണ് കരുതപ്പെടുന്നത്.

ഭീഷണി നേരിടുന്ന ഓരോ ഭാഷയും ഓരോ സാംസ്‌കാരിക പൈതൃകങ്ങളെ പ്രതിനിധീകരിക്കുന്നവയാണെന്ന് യുണെസ്‌കോ വിലയിരുത്തുന്നു.

ഡിജിറ്റല്‍ ഉപകരണങ്ങളും സോഷ്യല്‍ മീഡിയ സര്‍വീസുകളും നാശോന്മുഖമായ ഭാഷകള്‍ക്ക് പുതുജീവന്‍ നല്‍കുന്നതായുള്ള വാര്‍ത്തയ്ക്ക് പ്രസക്തിയേറുന്നത് ഈ പശ്ചാത്തലത്തിലാണ്. ഫെയ്‌സ്ബുക്ക്, യുട്യൂബ് എന്നുവേണ്ട ടെക്സ്റ്റ് സന്ദേശങ്ങള്‍ പോലുള്ള ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ വരെ, പല ഭാഷകള്‍ക്കും ജീവവായു നല്‍കുന്നതായി ഗവേഷകര്‍ പറയുന്നു.

സാധാരണഗതിയില്‍ എന്തിനും ഏതിനും ആഗോളീകരണത്തെയാണ് നമ്മള്‍ കുറ്റപ്പെടുത്താറുള്ളത്. എന്നാല്‍, ആധുനികമായ ചില സംഗതികള്‍, പ്രത്യേകിച്ചും ഡിജിറ്റല്‍ സങ്കേതങ്ങള്‍, ഭാഷയുടെ കാര്യത്തില്‍ വലിയ സഹായമാണ് ചെയ്യുന്നതത്രേ.

ഉദാഹരണത്തിന് വടക്കേയമേരിക്കയിലെ ഗോത്രവര്‍ഗങ്ങള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മാതൃഭാഷയില്‍ താത്പര്യമുണ്ടാക്കാന്‍ സോഷ്യല്‍ മീഡിയയുടെ സഹായമാണ് തേടുന്നത്.

സൈബീരിയ, മംഗോളിയ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രദേശവാസികള്‍ ഉപയോഗിക്കുന്ന ടുവാന്‍ (Tuvan) ഭാഷയിലെ ഉച്ഛാരണവും അ ക്ഷരക്രമവും കുട്ടികളെ പഠിപ്പിക്കാന്‍ ഇപ്പോള്‍ സഹായത്തിനെത്തിയിട്ടുള്ളത് ഒരു ഐഫോണ്‍ ആപ്പ് ആണ്!

സോഷ്യല്‍ മീഡിയയും യുട്യൂബും ടെക്സ്റ്റ് മെസേജിങ് സര്‍വീസുകളും മറ്റ് സങ്കേതങ്ങളും ഉപയോഗിച്ച് ചെറുഭാഷകള്‍ അവയുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്-അമേരിക്കയിലെ പെനിസില്‍വാനിയയില്‍ സ്വാര്‍ത്‌മോര്‍ കോളേജിലെ ഭാഷാവിദഗ്ധനും നാഷണല്‍ ജ്യോഗ്രഫിക് ഫെലോയുമായ കെ.ഡേവിഡ് ഹാരിസണ്‍ പറയുന്നു.

ആഗോളവത്ക്കരണത്തിന്റെ ഗുണപരമായ ഒരു വശമാണിത്. വെറും അഞ്ചോ അമ്പതോ ആളുകള്‍ മാത്രം സംസാരിക്കുന്ന ഭാഷയ്ക്കു പോലും, പുതിയ സങ്കേതങ്ങളുടെ സഹായത്തോടെ ആഗോളശ്രദ്ധ നേടാനും സാന്നിധ്യമാകാനും സാധിക്കുന്നു - ഹാരിസണ്‍ ചൂണ്ടിക്കാട്ടുന്നു.

അപ്രത്യക്ഷമാകുന്ന ഭാഷകള്‍ തേടി ലോകംമുഴുവന്‍ യാത്ര ചെയ്യുന്ന ഹാരിസണ്‍, 'അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സ്' (AAAS) സമ്മേളനത്തില്‍ ഇതുസംബന്ധിച്ച തന്റെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

വാമൊഴിയും വരമൊഴിയും ഒരേപോലെ ഡിജിറ്റല്‍ രൂപത്തിലാക്കാം എന്നതാണ് അനുകൂല സാഹചര്യം. നാഷണല്‍ ജ്യോഗ്രഫിക്കുമായി ചേര്‍ന്ന് എട്ട് 'സംസാരിക്കുന്ന ഡിക്ഷ്ണറികള്‍' സൃഷ്ടിക്കുന്ന കര്‍ത്തവ്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഹാരിസണ്‍ ഇപ്പോള്‍.

ഭീഷണി നേരിടുന്ന എട്ട് ഭാഷകളിലെ 32000 വാക്കുകള്‍ ആ ഡിക്ഷ്ണറികളില്‍ ഇതിനകം എന്‍ട്രികളായിക്കഴിഞ്ഞു. അതിലെ എല്ലാ ശബ്ദറിക്കോര്‍ഡിങും നടത്തിയിട്ടുള്ളത് അതാത് ഭാഷകള്‍ സംസാരിക്കുന്നവര്‍ തന്നെയാണ്.

എല്ലാ ഭാഷകള്‍ക്കും പക്ഷേ, ഡിജിറ്റല്‍ സങ്കേതങ്ങള്‍ രക്ഷയായിക്കൊള്ളണം എന്നില്ലെന്ന് ഹാരിസണ്‍ പറയുന്നു. ഒരു ഭാഷ സംസാരിക്കുന്നവര്‍ അവസാനിക്കുന്നതോടെ, ഭാഷയും സ്വാഭാവികമായും അവസാനിക്കും. എന്നാല്‍, ഡിജിറ്റല്‍രൂപത്തില്‍ സൂക്ഷിച്ചു വെയ്ക്കാനാല്‍ അത് പൂര്‍ണാമായി നഷ്ടമാകാതെ നോക്കാനാകുമെന്ന് അദ്ദേഹം പറയുന്നു.


Stories in this Section