വാഷിങ്ടണ്‍: ഒരു തന്മാത്രയുടെ മാത്രം വലിപ്പമുള്ള വൈദ്യുത മോട്ടോര്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചു. ലോകത്തിലെ ഏറ്റവും ചെറിയ മോട്ടോറിന് വൈദ്യശാസ്ത്ര, എന്‍ജിനീയറിങ് മേഖലകളില്‍ നിര്‍ണായക പങ്കുവഹിക്കാനാകുമെന്നാണ് കരുതുന്നത്.
അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലുള്ള ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഗവേഷകരാണ് നാനോ ടെക്‌നോളജി ഉപയോഗിച്ച് കുഞ്ഞുമോട്ടോര്‍ സൃഷ്ടിച്ചത്.
ചെമ്പു പ്രതലത്തില്‍ വെച്ച ബ്യൂട്ടേല്‍ മീഥൈല്‍ സള്‍ഫൈഡ് തന്മാത്രയെയാണ് അവര്‍ മോട്ടോറാക്കി മാറ്റിയത്. അതിനുള്ളിലെ സള്‍ഫര്‍ ആറ്റമാണ് മോട്ടോറിന്റെ അച്ചുതണ്ട്. ഇലക്‌ട്രോണ്‍ മൈക്രോസ്‌കോപ്പിന്റെ സൂക്ഷ്മമുനകൊണ്ട് ഇതിലേക്കു വൈദ്യുതി പ്രവഹിപ്പിച്ചപ്പോള്‍ സള്‍ഫര്‍ ആറ്റത്തെ കേന്ദ്രമാക്കി ബ്യൂട്ടേല്‍ മീഥൈല്‍ സള്‍ഫൈഡ് തന്മാത്ര കറങ്ങാന്‍ തുടങ്ങി.
അതേ മൈക്രോസേ്കാപ്പ്‌കൊണ്ടുതന്നെ കറക്കം നിരീക്ഷിക്കുകയും ചെയ്തു. രണ്ടുദിശയിലും താരതമ്യേന നല്ല വേഗത്തിലാണ് മോട്ടോര്‍ കറങ്ങിയത്. സെക്കന്‍ഡില്‍ 120 തവണ.
പുതിയ മോട്ടോറിന്റെ വ്യാസം ഒരു നാനോ മീറ്റര്‍ മാത്രമാണ്. അതായത് ഒരു മീറ്ററിന്റെ നൂറുകോടിയില്‍ ഒരു ഭാഗം. ഇതിനുമുമ്പത്തെ ഏറ്റവും ചെറിയ മോട്ടോറിന് 200 നാനോ മീറ്ററായിരുന്നു വ്യാസം. മുടിനാരിഴയ്ക്ക് 60,000 നാനോ മീറ്റര്‍ വ്യാസമുണ്ട്. ലോകറെക്കോഡുകളുടെ ഗിന്നസ് ബുക്കില്‍ പുതിയ മോട്ടോര്‍ വൈകാതെ സ്ഥാനം പിടിക്കും.
ഇന്നത്തെ നിലയ്ക്ക് ഈ കുഞ്ഞുമോട്ടോറിന്റെ കറക്കം അനുഭവിച്ചറിയാന്‍ നമുക്കുപറ്റില്ല. എന്നാല്‍ മറ്റു ഘടകഭാഗങ്ങളുമായോ വേറെയും മോട്ടോറുകളുമായോ ബന്ധിപ്പിക്കുമ്പോള്‍ ആ ചലനത്തെ ഉപയോഗപ്പെടുത്താന്‍ കഴിയും.
ലോകം ഇതുവരെ കണ്ടിട്ടില്ലാത്തത്ര ചെറിയ യന്ത്രങ്ങള്‍ ഇതുപയോഗിച്ചു നിര്‍മിക്കാം. ശരീരത്തിനുള്ളില്‍ ഘടിപ്പിച്ച കുഞ്ഞുമോട്ടോറുകളുപയോഗിച്ച് ആവശ്യമുള്ള കലകളിലേക്കു മാത്രം ഔഷധങ്ങളും പോഷകങ്ങളുമെത്തിച്ച് ചികിത്സാരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കാം. ശാസ്ത്രമാസികയായ
'നേച്ചര്‍ നാനോ ടെക്‌നോളജി' യാണ് പുതിയ കണ്ടെത്തല്‍ റിപ്പോര്‍ട്ടുചെയ്തത്.