ബാറ്ററിയാണ് ഇപ്പോഴും പ്രശ്‌നം-മൊബൈലിലായാലും ടാബ്‌ലറ്റിലായാലും. ഹാര്‍ഡ്‌വേര്‍ രംഗം ഏറെ മാറി, സോഫ്ട്‌വേറുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍, മൊബൈല്‍ രംഗത്ത് ഇപ്പോഴും വലിയ മാറ്റമൊന്നും സാധ്യമാകാതെ വെല്ലുവിളിയായി തുടരുന്നത് ബാറ്ററികള്‍ തന്നെ. മൊബൈലില്‍ ബാറ്ററി ലെവല്‍ താഴുന്നത് കണ്ടാല്‍ പലര്‍ക്കും വെപ്രാളമാണ്. വീണ്ടും ചാര്‍ജ് ചെയ്യുംവരെ സ്വസ്ഥത കിട്ടില്ല. പെട്ടെന്നുള്ള യാത്രകളിലാണെങ്കില്‍ പറയുകയും വേണ്ട.
സോഫ്ട്‌വേര്‍, ഹാര്‍ഡ്‌വേര്‍ സ്‌പെസിഫിക്കേഷനുകളെല്ലാം മികച്ചതായിട്ടും പല ബ്രാന്‍ഡുകളും വിപണിയില്‍ പരാജയപ്പെടുന്നതില്‍ ഒരു മുഖ്യകാരണം അവയുടെ ബാറ്ററി ലൈഫ് പോര എന്നതു തന്നെയാണ്. എന്നാല്‍, സമീപഭാവിയില്‍ തന്നെ ബാറ്ററി ബാക്കപ്പ് ഒരു പ്രശ്‌നമല്ലാതായി മാറിയേക്കാം. ചാര്‍ജ് ചെയ്യേണ്ട ആവശ്യം പോലുമില്ലാതെ, വെറും 'ടച്ച്' കൊണ്ടുതന്നെ ചാര്‍ജാകുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്ക് സാധ്യത തെളിയുന്നതായാണ് റിപ്പോര്‍ട്ട്.
എന്നുവെച്ചാല്‍, ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള പവര്‍ അഡാപ്റ്റര്‍ കൊണ്ടുനടക്കുകയോ, പവര്‍ പ്ലഗ്ഗുകള്‍ അന്വേഷിച്ചുനടക്കുകയോ വേണ്ടി വരില്ല. ചുമ്മാ ഉപയോഗിച്ചാല്‍ മാത്രം മതി. മനുഷ്യസ്പര്‍ശത്തില്‍ നിന്ന് വൈദ്യുതി ലഭ്യമാക്കുന്ന പുതിയ സങ്കേതത്തിനാണ് സാധ്യത തെളിയുന്നത്. ഈ സങ്കേതമുപയോഗിച്ച് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ടാബ്‌ലറ്റാണ്
ഇക്കോപാഡ് (EcoPad). ഇതിന്റെ സ്‌ക്രീനിലെ ഓരോ വിരല്‍സ്പര്‍ശത്തില്‍ നിന്നും ടാബ്‌ലറ്റ് വൈദ്യുതി സ്വയം ഉണ്ടാക്കിക്കൊള്ളും.
ദക്ഷിണകൊറിയന്‍ ഡിസൈര്‍മാരായ ജുന്‍-സേ കിം, യോങ്കു ഡോ, യൂന്‍ഹാ സിയോ എന്നിവര്‍ ചേര്‍ന്നാണ്, ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സാധ്യതയുള്ള ഈ ടാബ്‌ലറ്റിന്റെ രൂപകല്‍പ്പന അവതരിപ്പിച്ചത്.
'FUJITSU Design Award 2011' പ്രത്യേക ജൂറി അവാര്‍ഡ് ഇക്കോപാഡിന്റെ ഡിസൈന് ലഭിച്ചു.
സ്പര്‍ശത്തില്‍ നിന്നും ചലനത്തില്‍ നിന്നും വൈദ്യുതി സൃഷ്ടിക്കുന്ന
നാനോ പീസോഇലക്ട്രിസിറ്റി ഫിലി (Nano Piezoelectricity film) മിന്റെ ഉപയോഗമാണ് ഈ ടാബ്‌ലറ്റിന്റെ രഹസ്യം. സ്‌ക്രിനില്‍ നടത്തുന്ന സ്്പര്‍ശനം വൈദ്യുതചാര്‍ജായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് സംഭവിക്കുക.
നാല് അടരുകളായാണ് (layer) ഈ ടാബ്‌ലറ്റിന്റെ രൂപഘടന. ഏറ്റവും മുകളില്‍ എല്‍സിഡി.പാനലും അതിന് താഴെയായി നാനോ പീസോഇലക്ട്രിസിറ്റി ഫിലിമും അതിന് താഴെയായി ബാറ്ററിയും പിന്നെ ഹാര്‍ഡ്‌വേര്‍ സംവിധാനവും. എല്‍സിഡി സ്‌ക്രീനില്‍ നടത്തുന്ന സ്പര്‍ശനം താഴെയുള്ള നാനോ ഫിലിമിനെ ചലിപ്പിക്കുകയും, വൈദ്യുതിയുണ്ടാവുകയും അത് ബാറ്ററിയില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു.
ഒരുദിവസം 10000 പ്രാവശ്യമെങ്കിലും ഒരു സാധാരണ ഉപയോക്താവ് ടാബ്‌ലറ്റിന്റെ ടച്ച് സക്രീനില്‍ സ്പര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. കൂടുതല്‍ ഉപയോഗിച്ചാല്‍ ബാറ്ററി ചാര്‍ജ് കുറയുന്നതിന് പകരം, ഉപയോഗിക്കുന്തോറും ബാറ്ററി ലൈഫ് ലഭിക്കുമെന്നതാണ് പുതിയ സങ്കേതത്തിന്റെ മേന്‍മ.
ഗൂഗിളിന്റെ ടാബ്‌ലറ്റ് ഒഎസ് ആയ ഹണികോമ്പ് അല്ലെങ്കില്‍ ഗൂഗിളിന്റെ തന്നെ ക്രോം ഒഎസ് ആയിരിക്കും ഇക്കോടാബില്‍ ഉപയോഗിക്കുക എന്നാണ് ലഭ്യമായ വിവരം. മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും 10ഇഞ്ച് സ്‌ക്രീന്‍, മികച്ച ക്യാമറ തുടങ്ങി മികച്ച ഗുണനിലവാരത്തില്‍ തന്നെയാണ് ഇക്കോടാബ് പുറത്തിറങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
shareefe2002@gmail.com