സ്രാവിനെ കടിച്ച നായ യൂട്യൂബില്‍ സൂപ്പര്‍ഹിറ്റ് !

Posted on: 24 Jul 2011


-സ്വന്തം ലേഖകന്‍




നായ കടിച്ചാലല്ല, നായയെ കടിച്ചാലാണ് വാര്‍ത്തയെന്ന് പറയാറുണ്ട്. എന്നാല്‍, ഇവിടെ നായ കടിച്ചതാണ് യൂട്യൂബില്‍ വലിയ ഹിറ്റായിരിക്കുന്നത്. നായ കടിച്ചത് ചില്ലറക്കാരനെയല്ല, ഒരു സ്രാവിനെയാണ് !

യൂട്യൂബില്‍ കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 35 ലക്ഷത്തിലേറെപ്പേരാണ് നായ സ്രാവിനെ കടിക്കുന്ന വീഡിയോ കണ്ടത്. ഓസ്‌ട്രേലിയന്‍ തീരത്തുവെച്ച് നായ നടത്തിയ ഈ ധീരസാഹസിക പ്രവര്‍ത്തി, സമീപകാലത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഹിറ്റായിരിക്കുന്നു എന്നുസാരം.



പെര്‍ത്തില്‍ നിന്ന് 1650 കിലോമീറ്റര്‍ വടക്കുകിഴക്ക് പശ്ചിമ ഓസ്‌ട്രേലിയന്‍ പട്ടണമായ ബ്രൂമിന്റെ തീരക്കടലിലാണ്, സ്രാവ് 'നായയുടെ ആക്രമണ'ത്തിന് ഇരയായത്.

തീരത്തിനടുത്ത് സഞ്ചരിക്കുകയായിരുന്ന സ്രാവുകള്‍ക്ക് അരികിലേക്ക് എതിര്‍വശത്തുനിന്ന് നീന്തി വരുന്ന രണ്ട് നായ്ക്കളിലൊരെണ്ണം പൊടുന്നനെ വെള്ളത്തില്‍ മുങ്ങി ഒരു സ്രാവിനെ കടിക്കുന്ന രംഗമാണ് ഫൂട്ടേജിലുള്ളത്. കടി കഴിഞ്ഞ് രണ്ടു നായ്ക്കളും ആഹ്ലാദം പങ്കിടുന്നുമുണ്ട് ! ആക്രമണം ഭയന്നാകണം സ്രാവുകള്‍ സ്ഥലം വിടുകയും ചെയ്തു.

പെര്‍ത്തില്‍ നിന്നുള്ള 32 -കാരനായ ഒരു നിര്‍മാണ ജോലിക്കാരനാണ് ജൂണ്‍ എട്ടിന് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. പക്ഷേ, കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെയാണ് അത് അഭൂതപൂര്‍വമായ തരത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ചത്.





Stories in this Section