ഡെല്ലിന്റെ പുതിയ ഡെസ്‌ക് ടോപ്പ് ഒരു 18 ഇഞ്ച് ടാബ്‌ലറ്റ്

Posted on: 14 Mar 2013


-സ്വന്തം ലേഖകന്‍




സങ്കര പി.സികള്‍ ഇപ്പോള്‍ അത്ഭുതമല്ല. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ഒ.എസ് അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. സോണിയും ലെനോവൊയും ഈ വഴിക്ക് ആദ്യനീക്കം നടത്തി. ഇപ്പോഴിതാ, ഡെല്ലും രംഗത്തെത്തിയിരിക്കുന്നു. ഡെല്ലിന്റെ പുതിയ ഡെസ്‌ക് ടോപ്പ് കമ്പ്യൂട്ടര്‍ ഒരു 18.4 ഇഞ്ച് ടാബ്‌ലറ്റ് ആയത് യാദൃശ്ചികമല്ല!

ഡെല്‍ എക്‌സ്പിഎസ് 18 (Dell XPS 18)
എന്ന ഡെസ്‌ക് ടോപ്പ്, പരമ്പരാഗത പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമാണ്. ഡെസ്‌ക് ടോപ്പ് ആണോ എന്ന് ചോദിച്ചാല്‍ ആണ്. അതേസമയം അതൊരു വലിപ്പം കൂടിയ ടാബ്‌ലറ്റുമാണ്.

18.4 ഇഞ്ച് 1920 x 1080 പിക്‌സല്‍ ഡിസ്‌പ്ലെയുള്ള കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ ആണ് ഡെല്‍ എക്‌സ്പിഎസ് 18 ഡെസ്‌ക് ടോപ്പിന്റെ മുഖ്യ ആകര്‍ഷണം. ഇന്റല്‍ കോര്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഇന്റല്‍ പെന്റിയം പ്രൊസസറാണ് അതിന് കരുത്തേകുന്നത്. 2.26 കിലോഗ്രാമാണ് ഭാരം. അഞ്ച് മണിക്കൂര്‍ ബാറ്ററി ലൈഫും ഡെല്‍ വാഗ്ദാനം ചെയ്യുന്നു.


പൂര്‍ണ അര്‍ഥത്തില്‍ ഒരു വിന്‍ഡോസ് 8 പി.സി വേണമെന്ന് ആഗ്രഹിക്കുന്നവരെ ലക്ഷ്യംവെച്ചാണ് എക്‌സ്പിഎസ് 18 ന്റെ വരവ്. വിവിധ കോണ്‍ഫിഗറേഷനുള്ള മോഡലുകള്‍ ലഭിക്കും.

വയര്‍ലെസ് കീബോര്‍ഡും മൗസും ആവശ്യമെങ്കില്‍ എക്‌സ്പിഎസ് 18 നൊപ്പം ഉപയോഗിക്കാം. അത് വേണമെങ്കില്‍ മാത്രം മതി. റീച്ചാര്‍ജിനുപയോഗിക്കാന്‍ പാകത്തില്‍ ഡെസ്‌ക് ടോപ്പ് സ്റ്റാന്‍ഡ് 49 ഡോളറിന് (2500 രൂപ) ഡെല്‍ പുറത്തിറക്കിയിട്ടുണ്ട്.

എക്‌സ്പിഎസ് 18 ന്റെ മുന്‍ഭാഗത്ത് വെബ്ബ്ക്യാമുണ്ട്. എന്നാല്‍, പിന്‍ഭാഗത്ത് ക്യാമറയില്ല. ഇതൊരു മൊബൈല്‍ ടാബ്‌ലറ്റല്ല എന്നതു തന്നെ കാരണം. 0.69 ഇഞ്ച് കനമാണ് കമ്പ്യൂട്ടറിനുള്ളത്. സോണിയിറക്കിയ സങ്കര കമ്പ്യൂട്ടറായ 'സോണി വയോ ടാപ് 20' നെ അപേക്ഷിച്ച് കനംകുറഞ്ഞ മോഡലാണ് എക്‌സ്പിഎസ് 18.


മൊബൈല്‍ ടാബുകളെപ്പോലെ ഗമയില്‍ കൈയില്‍ കൊണ്ടുനടക്കാനുള്ള മോഡലല്ല എക്‌സ്പിഎസ് 18. ഇത്രയും വലിപ്പമുള്ള ടാബ് കൊണ്ടുനടക്കുക സുഖകരമാകില്ല. ഇത് വീട്ടിലുപയോഗിക്കാനുള്ളതാണ്.

ഏപ്രില്‍ പകുതിയോടെ വിപണിയിലെത്തുമെന്ന് കരുതുന്ന എക്‌സ്പിഎസ് 18 ന് 899 ഡോളര്‍ (47000 രൂപ) മുതലാണ് വില.
TAGS:
dell xps 18  |  windows 8 tablet  |  hybrid computer  |  windows 8  |  dell 


Stories in this Section