ഒറ്റ ലേസറിലൂടെ സെക്കന്‍ഡില്‍ 26 ടെറാബൈറ്റ്‌സ് ഡാറ്റ വിനിമയം ചെയ്തുകൊണ്ട്, ഡാറ്റ കൈമാറ്റത്തില്‍ ഗവേഷകര്‍ പുതിയ റിക്കോര്‍ഡ് സൃഷ്ടിച്ചു. ഈ തോതനുസരിച്ച് യു.എസിലെ ലൈബ്രറി ഓഫ് കോണ്‍ഗ്രസിലെ മുഴുവന്‍ വിവരശേഖരവും ഓപ്ടിക്കല്‍ ഫൈബറിലൂടെ വിനിമയം ചെയ്യാന്‍ വെറും പത്തു സെക്കന്‍ഡ് മതി.
'ഫാസ്റ്റ് ഫൂരിയര്‍ ട്രാന്‍സ്‌ഫോം' (fast Fourier transform) എന്ന പേരിലറിയപ്പെടുന്ന വിദ്യയുപയോഗിച്ചാണ് ഇത്ര ഭീമമായ തോതില്‍ ഡാറ്റ കൈമാറ്റം ലേസര്‍ കിരണത്തിലൂടെ സാധ്യമാകുന്നത്. ഒറ്റ ലേസര്‍ കിരണത്തില്‍ മുന്നൂറിലേറെ വ്യത്യസ്ത പ്രകാശവര്‍ണങ്ങള്‍ സന്നിവേശിപ്പിച്ച്, അവയോരോന്നിലും അനുഗുണമായ ഡാറ്റാശേഖരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിനിമയം ചെയ്യുന്ന രീതിയാണിത്. '
നേച്ചര്‍ ഫോട്ടോണിക്‌സ്' ജേര്‍ണലിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതത്തിന്റെ തുടക്കത്തില്‍ ഏകവര്‍ണ ലേസറുകളാണ് ഡാറ്റാ വിനിമയം ചെയ്യാനുപയോഗിച്ചിരുന്നതെങ്കില്‍, ആ സങ്കേതം കൂടുതല്‍ പരിഷ്‌ക്കരിച്ച് വിവിധ വര്‍ണങ്ങളില്‍ ഏറെ വിവരങ്ങള്‍ എന്‍കോഡ് ചെയ്ത് ഒരേസമയം വിനിമയം ചെയ്യാന്‍ പാകത്തില്‍ ആ സങ്കേതം വളര്‍ന്നു. അതിന്റെ ഏറ്റവും പുതിയ മുഖമാണ് ഇപ്പോഴത്തെ മുന്നേറ്റത്തില്‍ പ്രതിഫലിക്കുന്നത്.
ലേസര്‍ സങ്കേതമുപയോഗിച്ച് സെക്കന്‍ഡില്‍ നൂറ് ടെറാബൈറ്റ്‌സ് ഡാറ്റ കൈമാറ്റം ചെയ്യുന്നതില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗവേഷകര്‍ ഇതിനകം വിജയം നേടിയിട്ടുണ്ട്. എന്നാല്‍, അതിലെ പ്രശ്‌നം ഉപയോഗിക്കുന്നത് ഏതാണ്ട് 370 ലേസറുകളുടെ കൂട്ടമാണ് എന്നതാണ്-പുതിയ ഗവേഷണത്തില്‍ പങ്കാളിയായ ജര്‍മനിയില്‍ കാള്‍സ്‌റൂഹെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വൂള്‍ഫ്ഗാങ് ഫ്രോയ്ഡ് പറയുന്നു.
370 ലേസറുകള്‍ ഉത്പാദിപ്പിക്കാന്‍ വന്‍തോതില്‍ ഊര്‍ജം വേണം, അതിനാല്‍ ഭീമമായ ചെലവു വരും ഇത്തരം ഡാറ്റാ കൈമാറ്റത്തിന്. അതിന് പകരം ഒറ്റ ലേസറുകളുപയോഗിച്ച് വന്‍തോതില്‍ ഡാറ്റ കൈമാറുകയെന്നതാണ് തങ്ങള്‍ സ്വീകരിച്ച സമീപനമെന്ന് വൂള്‍ഫ്ഗാങ് അറിയിക്കുന്നു. ചെലവ് കുറഞ്ഞ രീതിയില്‍ വന്‍തോതില്‍ വിവര വിനിമയം സാധ്യമാക്കുന്നതാണ് ഈ മുന്നേറ്റം.
ഏതാണ്ട് ഒരു ട്രില്യണ്‍ (ഒരുലക്ഷം കോടി) ബൈറ്റ്‌സിന് തുല്യമാണ് ഒരു ടെറാബൈറ്റ് (Terabyte). അല്ലെങ്കില്‍ ആയിരം ഗിഗാബൈറ്റ്‌സാണ് ഇതെന്ന് പറയാം. 300 കിലോബൈറ്റ് (KB) ഉള്ള 36 ലക്ഷം ചിത്രങ്ങള്‍ ഒരു ടെറാബൈറ്റ്‌സില്‍ കൊള്ളും. മികച്ച ഗുണമേന്‍മയുള്ള 300 മണിക്കൂര്‍ വീഡിയോ ഉള്‍ക്കൊള്ളാനും ഒരു ടെറാബൈറ്റ്‌സിനാകും. എന്‍സൈക്ലോപ്പീഡിയ ബ്രിട്ടാണിക്കയുടെ ആയിരം കോപ്പികള്‍ ഒരു ടെറാബൈറ്റ്‌സിന് താങ്ങാനാകും. (ബൈറ്റ്‌സിനെക്കുറിച്ച് കൂടുതലറിയാന്‍
ഇത് കാണുക).