ഓണ്‍ലൈന്‍ തട്ടിപ്പ് : നാലുമാസംകൊണ്ട് കവര്‍ന്നത് 12 ദശലക്ഷം സ്വകാര്യ വിവരങ്ങള്‍

ഓണ്‍ലൈന്‍ വഴിയുള്ള സാമ്പത്തിക ക്രയവിക്രയങ്ങള്‍ ഏറുന്നതോടെ, ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ സംഖ്യയും വര്‍ധിക്കുകയാണ്. കഴിഞ്ഞ ജനവരി- ഏപ്രില്‍ കാലയളവില്‍ ഓണ്‍ലൈനില്‍ 12 ദശലക്ഷം സ്വകാര്യവിവരങ്ങള്‍ തട്ടിപ്പുകാര്‍ ചോര്‍ത്തിയതായി പഠനറിപ്പോര്‍ട്ട്.
'എക്‌സ്‌പെരിയന്‍' (Experian) കമ്പനിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2010 നെ അപേക്ഷിച്ച് മൂന്നു മടങ്ങ് വര്‍ധനയാണ് ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി യൂസര്‍മാര്‍ ഒട്ടേറെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ ആരംഭിക്കുന്നതാണ് തട്ടിപ്പുകാര്‍ക്ക് അനുകൂലമാകുന്നത്. എക്‌സ്‌പെരിയന്‍ നടത്തിയ പഠനത്തില്‍ പറഞ്ഞത് പലര്‍ക്കും ഓട്ടേറെ വ്യത്യസ്ത ഓണ്‍ലൈന്‍ ലോഗിനുകളുണ്ടെങ്കിലും, നാലോ അഞ്ചോ പാസ്‌വേഡുകള്‍ മാത്രമാണ് ഉപയോഗിക്കാറ്.
തങ്ങളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്ന കാര്യം പലരും അറിയാറില്ല. തട്ടിപ്പിനിരയായി കഴിഞ്ഞാണ് ഇക്കാര്യത്തില്‍ പലരും ബോധവാന്‍മാരാകുന്നത്.
യാഹൂവിന്റെ സെര്‍വറുകളില്‍ നിന്ന് 450,000 അക്കൗണ്ട് വിവരങ്ങളും പാസ്‌വേഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയ വിവരം പുറത്തു വന്നിട്ട് അധിക ദിവസമായിട്ടില്ല. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ നമ്മളുപയോഗിക്കുന്ന പാസ്‌വേഡുകള്‍ എത്രത്തോളം സുരക്ഷിതമാണ്, അത് എത്രത്തോളം ശക്തിമത്താണ് എന്നൊക്കെ മനസിലാക്കാന്‍ പല കമ്പനികളും സഹായിക്കാറുണ്ട്. ഉദാഹരണത്തിന്,
മൈക്രോസോഫ്റ്റിന്റെ 'പി.സി.സെക്യൂരിറ്റി' വിഭാഗത്തില്‍ പോയി പാസ്‌വേഡിന്റെ ശക്തി പരിശോധിക്കാന്‍ കഴിയും.
അക്ഷരങ്ങള്‍ മാത്രമുള്ള പാസ്‌വേഡുകള്‍ സുരക്ഷിതമല്ലെന്നോര്‍ക്കുക. അക്ഷരങ്ങള്‍, അക്കങ്ങള്‍ തുടങ്ങിയ ഇടവിട്ടിടവിട്ടുള്ള പാസ്‌വേഡുകളാണ് ശക്തം.
വളരെ സങ്കീര്‍ണമായ പാസ്‌വേഡുകള്‍ എങ്ങനെ ഓര്‍ത്തിരിക്കുമെന്ന് വിഷമിക്കുന്നവര്‍ക്ക്, 'റാന്‍ഡം പാസ്‌വേഡ് ജനറേറ്റേഴ്‌സ്' (random password generators) ഉപയോഗിച്ച് മികച്ച പാസ്‌വേഡുകള്‍ ഉണ്ടാക്കാം. എന്നാല്‍, ഓണ്‍ലൈന്‍ റാന്‍ഡം പാസ്‌വേഡ് ജനറേറ്റേഴ്‌സ് ഉപയോഗിച്ചുണ്ടാക്കുന്ന പാസ്‌വേഡുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ പോലുള്ള സര്‍വീസുകളില്‍ ഉപയോഗിക്കാന്‍ പാടില്ല.
ഷേക്‌സ്പിയറിന്റെ പ്രശസ്തമായ ഒരു പ്രസംഗത്തിലെയോ, പ്രിയപ്പെട്ട കവിതയുടെയോ ആദ്യ അക്ഷരങ്ങള്‍ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതവുമാണ്, അതേസമയം ഓര്‍ത്തിരിക്കാനും എളുപ്പമാണ്.
സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍, പാസ്‌വേഡിന്റെ കോപ്പി പേപ്പറില്‍ എഴുതി സൂക്ഷിക്കുന്നത് നന്നാണ്. ഡിക്ഷ്ണറിയിലെ വാക്കുകളും, അക്ഷരങ്ങള്‍ ആവര്‍ത്തിച്ചു വരുന്ന പാസ്‌വേഡുകളും ഒഴിവാക്കുക. ജനന തിയതി പോലുള്ള സ്വകാര്യവിവരങ്ങള്‍ ഒരിക്കലും പാസ്‌വേഡായി ഉപയോഗിക്കരുത്.