ബി.എസ്. ബിമിനിത്
സൈബര്‍ യുദ്ധരംഗത്തെ ഇന്ത്യ 2
സാങ്കേതികവിദ്യയുടെ ഇരുട്ടുവഴികളിലൂടെ ചൈന നടത്തുന്നത് ശുദ്ധ ചാരപ്രവര്‍ത്തനമാണെങ്കില്‍, പാകിസ്താന്‍ അനുകൂലികള്‍ നശീകരണ തന്ത്രങ്ങളിലാണ് ശ്രദ്ധ ചെലുത്തുന്നത്. തീവ്രവാദ ഗ്രൂപ്പുകളും ഇന്ത്യാവിരുദ്ധരായ പാക് ദേശീയവാദികളുമാണ് പാകിസ്താന്റെ സഹായികള്‍. ഇന്ത്യയിലെ പ്രമുഖ വെബ്‌സൈറ്റുകള്‍ നശിപ്പിച്ച് അവര്‍ പകതീര്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.
മുംബൈ ആക്രമണത്തിനുശേഷമാണ് ഇത് കൂടുതല്‍ രൂക്ഷമായത്. പാകിസ്താന്‍ സൈബര്‍ ആര്‍മി (പി.സി.എ.), പാക്ബഗ്‌സ് സെഡ് കമ്പനി (Pakbugs Z-company), പാകിസ്താന്‍ ഹാക്കേഴ്‌സ് കമ്പനി (പി.എച്ച്.സി.), ജി ഫോഴ്‌സ് തുടങ്ങിയ ഹാക്കര്‍മാരുടെ ഗ്രൂപ്പുകളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുപോന്നത്. ഐ.സി.ഡബ്ല്യു., ആന്ധ്രാ ഹാക്കേഴ്‌സ്, ഇന്‍ഡിഷെല്‍, എച്ച്.എം.ജി. തുടങ്ങിയ ഇന്ത്യന്‍ ഗ്രൂപ്പുകള്‍ പാകിസ്താന് അതേ രീതിയില്‍ തിരിച്ചടി നല്‍കുകയും ചെയ്തു. സ്ഥിരം പകപോക്കലില്‍ നിന്ന് മാറി രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് ആദ്യമായി ആസൂത്രിത നീക്കമുണ്ടായത് കഴിഞ്ഞ ആഗസ്തിലാണ്.
ഈദുല്‍ ഫിത്തറിനുശേഷം ദക്ഷിണേന്ത്യയില്‍ താമസിക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കു നേരേ കനത്ത ആക്രമണമുണ്ടാകുമെന്ന് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയവഴിയും എസ്.എം.എസ്സുകള്‍ വഴിയും പ്രചരിച്ച സന്ദേശമാണ് കുഴപ്പമുണ്ടാക്കിയത്.
മ്യാന്‍മറിലും അസമിലും നടന്ന കലാപം വടക്കുകിഴക്കന്‍ സംസ്ഥാനക്കാരില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ച സമയം നോക്കിയായിരുന്നു പാകിസ്താന്‍ ഗ്രൂപ്പുകളും അവരുടെ ഇന്ത്യയിലെ സ്ലീപ്പര്‍ സെല്ലുകളും പ്രവര്‍ത്തിച്ചത്.
മണിക്കൂറുകള്‍ക്കുള്ളില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ജനങ്ങള്‍ കൂട്ടത്തോടെ അസമിലേക്കും സമീപ സംസ്ഥാനങ്ങളിലേക്കും പലായനം തുടങ്ങി. മൂന്നുദിവസത്തിനുള്ളില്‍ 30,000 പേര്‍, അതായത് ബാംഗ്ലൂരിലെ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ പതിനഞ്ച് ശതമാനം പേരാണ് തീവണ്ടി മാര്‍ഗം നാട്ടിലേക്ക് പോയത്.
വ്യാജസന്ദേശങ്ങള്‍ പ്രചരിച്ച വെബ്‌സൈറ്റുകളില്‍ 40 ശതമാനവും (76 വെബ്‌സൈറ്റുകള്‍) പാകിസ്താനില്‍ നിന്നുള്ളതായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. കിംവദന്തികള്‍ പടരാതിരിക്കാന്‍ 250 വെബ്‌സൈറ്റുകളും 30 ട്വിറ്റര്‍ അക്കൗണ്ടുകളുമാണ് അന്ന് ബ്ലോക്ക് ചെയ്തത്. പതിവുപോലെ ഇന്ത്യ പാകിസ്താനെ പ്രതിഷേധമറിയിക്കുകയും ചെയ്തു. അവര്‍ തെളിവുചോദിച്ചു. അതില്‍ കൂടുതല്‍ നടപടികളൊന്നും ഉണ്ടായതായി അറിവില്ല. എന്നാല്‍, ഇന്ത്യയിലെ 'ദേശാഭിമാനികളായ ഹാക്കര്‍മാര്‍' (്യമറിഹ്‌റഹര സമരക്ഷവിീ) വെറുതെയിരുന്നില്ല.
അവരില്‍ ചിലര്‍ ഫെയ്‌സ്ബുക്കില്‍ ഒത്തുകൂടി 'യുണൈറ്റഡ് ഹാക്കേഴ്‌സ് ഓഫ് ഇന്ത്യ' എന്ന സംഘടനയുണ്ടാക്കി തിരിച്ചടിക്കാന്‍ തീരുമാനിച്ചു. ടീം ഓപ്പണ്‍ ഫയര്‍, ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് എന്നീ പേരുകളിലറിയപ്പെടുന്ന ഹാക്കര്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരുന്നു ഈ ഒത്തുചേരല്‍. പാക് സൈബര്‍ ആര്‍മി, പാക് സൈബര്‍ പൈറേറ്റ്‌സ് തുടങ്ങിയ ഗ്രൂപ്പുകളായിരുന്നു മുഖ്യ ലക്ഷ്യം. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ഷാഡോ-008, ആനണ്‍, റോബോട്ട് പൈറേറ്റ്‌സ് ടീം എന്നീ പാക് ഗ്രൂപ്പുകള്‍ ചേര്‍ന്ന് ഇന്ത്യയിലെ 3500-ഓളം വെബ്‌സൈറ്റുകള്‍ തകര്‍ത്തതും അതിന് പ്രചോദനമായി. സമാനമായ ഏറ്റുമുട്ടലുകള്‍ മറ്റ് ഇന്ത്യാ-പാക് ഹാക്കര്‍മാര്‍ തമ്മിലും നടന്നു.
കിംവദന്തിയെ പേടിച്ച് കുഴപ്പങ്ങളുണ്ടാക്കാത്ത വെബ്‌സൈറ്റുകള്‍ ബ്ലോക്കുചെയ്തത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളെയും പ്രകോപിപ്പിച്ചു. സര്‍ക്കാര്‍ വെബ്‌സൈറ്റുകളും മറ്റും തകരാറിലാക്കി അതിന്റെ ഹോംപേജില്‍ തങ്ങളുടെ മുദ്രാവാക്യങ്ങള്‍ എഴുതിവെച്ച് 'അനോണിമസ്' പോലുള്ള 'ഹാക്ടിവിസ്റ്റ്' ഗ്രൂപ്പുകളും രംഗത്തെത്തി. ഇത്തരം സൈബര്‍ ആക്രമണങ്ങളൊന്നും ചെറുക്കാനുള്ള കരുത്ത് നമുക്കില്ലെന്ന് ഒന്നു കൂടി ഓര്‍മിപ്പിക്കുന്നതായി ഈ സംഭവങ്ങള്‍.
സുരക്ഷ അത്ര പോരാ
സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളത് വെറും 556 സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മാത്രമാണെന്ന് ഈയിടെ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയുടെ സൈന്യത്തിനു കീഴില്‍ മാത്രം 30,000 വരുന്ന സൈബര്‍ സൈനികരുണ്ട്. ഇവരെ സഹായിക്കാന്‍ 35,000- ഓളം വരുന്ന തീവ്രവാദികളായ ബ്ലാക്ക് ഹാറ്റ് ഹാക്കര്‍മാരും 60,000- ഓളം സിവിലിയന്‍, അര്‍ധ സിവിലിയന്‍ ഗ്രൂപ്പുകളിലെ (ഫൂട്ട് സോള്‍ജ്യേഴ്‌സ്, പ്രോക്‌സീസ്) അംഗങ്ങളുമടക്കം ചൈനയുടെ മൊത്തം സൈബര്‍ പോരാളികള്‍ ഒന്നേകാല്‍ ലക്ഷത്തോളം വരും.
അമേരിക്കയ്ക്ക് 91,080 അംഗ സൈബര്‍ സുരക്ഷാ വിദഗ്ധരും, സൈബര്‍ യുദ്ധരംഗത്തെ തുടക്കക്കാരായ റഷ്യയ്ക്ക് 7,300 സൈബര്‍ സൈനികരുമുണ്ട്.
ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ യൂണിറ്റ് 61,398 ആണ് അവരുടെ സൈബര്‍സേനയുടെ ആസ്ഥാനം. യു.എസ്. സൈബര്‍ സുരക്ഷാ സ്ഥാപനമായ മാന്‍ഡിയാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷാങ്ഹായിലെ പുഡോങ്ങിലുള്ള ഈ രഹസ്യ യൂണിറ്റ് സ്ഥിതിചെയ്യുന്ന 12 നിലക്കെട്ടിടം ചിത്രീകരിച്ച ബി.ബി.സി. ടീം കഴിഞ്ഞ വര്‍ഷംകെണിയിലായിരുന്നു.
ടെലികോം, ഐ.ടി. മേഖലകളിലെ ഉപകരണങ്ങളില്‍ ഏതാണ്ട് എഴുപതു ശതമാനവും ചൈനയില്‍ ഉത്പാദിപ്പിക്കുന്നവയാണ്. സുരക്ഷാരംഗത്തിനുവേണ്ട ഹാഡ്‌വേറുകളുടെ നല്ലൊരു പങ്കും ചൈനയില്‍ നിന്നാണ്. സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇതിനോളം നല്ലൊരു മാര്‍ഗം ചൈനയ്ക്ക് ലഭിക്കാനില്ല. 2008-ല്‍ ബാംഗ്ലൂരിലെ ഗവേഷണസ്ഥാപനത്തില്‍ വാങ്ങിയ 80-ഓളം ലാപ്‌ടോപ്പുകളില്‍ ഇത്തരത്തില്‍ ചാരപ്രോഗ്രാമുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അവ ഉപേക്ഷിച്ചിരുന്നു. സൈനികകേന്ദ്രങ്ങളില്‍ ഇടയ്ക്കിടെയുണ്ടാകുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഏതാണ്ട് എഴുപതു ശതമാനവും പെന്‍ഡ്രൈവുകള്‍ വഴിയാണെന്ന് കരസേനാ മേധാവി ജന. ബിക്രം സിങ് വ്യക്തമാക്കിയത് ഈയിടെയാണ്. വിശാഖപട്ടണത്തെ ഈസ്റ്റേണ്‍ നാവിക കമാന്‍ഡിലുള്‍പ്പെടെയുണ്ടായ സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധ മന്ത്രാലയം സൈനിക ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യത്തിനായി പെന്‍ഡ്രൈവുകള്‍ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.
1995-ലാണ് ചൈന സൈബര്‍ പടയൊരുക്കം തുടങ്ങിയത്. അന്നുമുതല്‍ തന്നെ സൈനിക സൈനികേതര മേഖലകളില്‍ കടന്നുകയറി ആക്രമണം നടത്താന്‍ ശേഷിയുള്ള ഒട്ടേറെ വൈറസുകളെ അവര്‍ പരീക്ഷിച്ചു തുടങ്ങിയിരുന്നു. നെറ്റ് ഫോഴ്‌സ് എന്നറിയപ്പെടുന്ന സൈബര്‍ സൈനിക സംവിധാനം രൂപവത്കരിച്ചത് 2000-ത്തിലാണ്. അമേരിക്ക, ഇന്ത്യ, ദലൈലാമ, ഗൂഗിള്‍ തുടങ്ങി ഒട്ടേറെ ശത്രുക്കള്‍ക്കെതിരെ ആക്രമണം നടത്താന്‍ ചൈനീസ് പൊളിറ്റ് ബ്യൂറോ നിര്‍ദേശം നല്‍കിയതായി രഹസ്യ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ചൈനീസ് ആക്രമണത്തെത്തുടര്‍ന്ന് യു.എസ്സില്‍ പെന്റഗണിലെ സുപ്രധാന കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ ഈയിടെ ആഴ്ചകളോളം അടച്ചിടേണ്ടിവന്നു. ആക്രമണം നടത്തുന്നത് ചൈനയാണെന്ന് തെളിവു സഹിതം സ്ഥാപിക്കാന്‍ അമേരിക്കയ്ക്കുപോലും ഇതുവരെ കഴിഞ്ഞിട്ടില്ല. അത്രയേറെ സങ്കീര്‍ണമാണ് ഓരോ ആക്രമണവും.
എല്ലാ വര്‍ഷവും ഇന്ത്യ ബജറ്റില്‍ ചില്ലറ കോടികള്‍ സൈബര്‍ സുരക്ഷയ്ക്ക് നീക്കിവെക്കാറുണ്ട്. യഥാര്‍ഥ ആവശ്യത്തിന്റെ പത്തിലൊന്നുപോലും വരില്ല അതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
2004-ലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു നേരേയുള്ള സൈബര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിന് കീഴില്‍ സെര്‍ട്ട് ഇന്‍ (കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഇന്ത്യ- chnd-lr ) ആരംഭിച്ചത്. കഴിഞ്ഞ ജൂലായില്‍ അത് വിഭജിച്ച് നാഷണല്‍ ക്രിട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൊട്ടക്ഷന്‍ സെന്റര്‍ (എന്‍.സി.ഐ.ഐ.പി.സി.) രൂപവത്കരിച്ചു. സൈബര്‍ സംവിധാനങ്ങള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്ന ജോലി സെര്‍ട്ട് ഇന്നിനും ബാങ്കിങ്, ടെലികോം, ട്രാന്‍സ്‌പോര്‍ട്ട്, പ്രതിരോധ, ബഹിരാകാശ മേഖകലകള്‍ക്കുള്ള പ്രത്യേക സുരക്ഷ എന്‍.സി.ഐ.ഐ.പി.സി.ക്കും ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. അതിനു ശേഷമാണ് പ്രതിരോധ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍പ്പോലും ചൈന നടത്തിയ ചരിത്രത്തിലെ രണ്ട് വലിയ സൈബര്‍ ആക്രമണങ്ങളുണ്ടായത് എന്നതുമോര്‍ക്കണം. അതിസുരക്ഷ ആവശ്യമുള്ള ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന് നേരേ ചില ദിവസങ്ങളില്‍ പത്തോളം സൈബര്‍ ആക്രമണ ശ്രമങ്ങളുണ്ടായിട്ടുണ്ടെന്ന് സുരക്ഷാ വിദഗ്ധര്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു.
സെര്‍ട്ടിന് പുറമേ ടെലികോം വകുപ്പിനു കീഴിലും എന്‍.ടി.ആര്‍.ഒ.യിലും പ്രതിരോധ മന്ത്രാലയം, ഇന്റലിജന്‍സ് ബ്യൂറോ, ഡി.ആര്‍.ഡി.ഒ. എന്നീ സ്ഥാപനങ്ങള്‍ക്ക് കീഴിലും സൈബര്‍ സുരക്ഷാവിദഗ്ധരെ ഉള്‍പ്പെടുത്തി 'വിപുലമായ' സൈബര്‍ സുരക്ഷാ സംവിധാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടികളെടുത്തു കഴിഞ്ഞു. ഇതിനായി ഈ മേഖലയില്‍ പരിചയമുള്ള 4446 പേരെ റിക്രൂട്ട് ചെയ്യാനാണ് പരിപാടി. ഇവയില്‍ 1887 പേരെയും വിവിധ സേനകള്‍ക്കാണ് ലഭിക്കുക. ചൈനീസ് സൈന്യത്തിന് 30,000 പേരും അമേരിക്കന്‍ സൈന്യത്തിന് 88,169 പേരുമുള്ള പ്രത്യേക സൈബര്‍ സേനയുള്ളപ്പോഴാണ് ഇന്ത്യ തുച്ഛമായ 'സൈബര്‍ സൈന്യത്തെ'റിക്രൂട്ട് ചെയ്യാന്‍ പോകുന്നത്. നമ്മള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നേരിടുന്ന മൂന്നാമത്തെ രാജ്യമായിരുന്നിട്ടുപോലും.
ചൈനയുടെ ഒന്നേകാല്‍ ലക്ഷം വരുന്ന കേന്ദ്രീകൃത സംവിധാനങ്ങളുള്ള സൈബര്‍പടയോട് ഏറ്റുമുട്ടാന്‍ ഇതുകൊണ്ടും തികയില്ലെന്നത് വ്യക്തമാണ്. നിലവില്‍ 556 പേരുള്ള സൈബര്‍ പ്രതിരോധ സംവിധാനം അപര്യാപ്തമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലുള്ള നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഈയിടെ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.
വിവിധ സൈബര്‍ സുരക്ഷാ സംവിധാനങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളുമായി സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ നാഷണല്‍ സൈബര്‍ കോ- ഓര്‍ഡിനേഷന്‍ സെന്റര്‍ (എന്‍.സി.സി.സി.) ഈയിടെ രൂപവത്കരിച്ചത് ആശാവഹമായ നീക്കമാണ്. മുഴുവന്‍ സമയങ്ങളിലും ഇന്റര്‍നെറ്റും മറ്റ് ആശയവിനിമയ സംവിധാനങ്ങളും നിരീക്ഷിച്ച് സുരക്ഷ വിലയിരുത്തുകയും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയുമാണ് ഈ ഏജന്‍സിയുടെ മുഖ്യ ലക്ഷ്യം. ഇന്റലിജന്‍സ് ഏജന്‍സികളുടെ മാതൃകയില്‍ തയ്യാറാക്കിയ എന്‍.സി.സി.സി.യുടെ പ്രവര്‍ത്തനച്ചെലവ് 1,000 കോടിയാണ് കണക്കാക്കിയിരിക്കുന്നത്.
സഹായികളായി ഇന്ത്യക്കാരും
ഇന്ത്യയ്‌ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നതിന് ചൈന ഇന്ത്യക്കാരായ ഹാക്കര്‍മാരെയും വിലയ്‌ക്കെടുത്തിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ ന്യൂഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്നുള്ള ഹാക്കര്‍മാരുടെ സഹായമാണ് ചൈനീസ് സൈബര്‍ സേനയ്ക്ക് കിട്ടുന്നത്. പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഹാക്കര്‍ഗ്രൂപ്പുകളും ഇവരെ സഹായിച്ചു വരുന്നതായി ബെനില്‍ഡ് ജോസഫ് (എത്തിക്കല്‍ ഹാക്കര്‍, സി.ഇ.ഒ., ആര്‍ട്ട് ഓഫ് ഹാക്കിങ് പ്രോജക്ട്‌സ്) പറയുന്നു.
തയ്‌വാന്‍കാരനായ ഹാക്കര്‍ വെയ്ന്‍ ഗുവാങ്ങാണ് ഇന്ത്യയ്‌ക്കെതിരെയുള്ള സൈബര്‍ നുഴഞ്ഞുകയറ്റങ്ങള്‍ക്ക് ചൈന വിലയ്‌ക്കെടുത്ത പ്രമുഖരില്‍ ഒരാള്‍. തയ്‌വാന്‍ ഇന്റലിജന്‍സ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ മകനാണ് വെയ്ന്‍. ഇയാള്‍ ഐ.ടി. ബിസിനസ് ചര്‍ച്ചകള്‍ക്കായി ഇടയ്ക്കിടെ ബാംഗ്ലൂരില്‍ എത്താറുണ്ടായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പും ഇദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യന്‍ സുരക്ഷാ കമ്പ്യൂട്ടര്‍ ശ്രംഖലകളുടെ പിഴവുകള്‍ (വള്‍നറബിലിറ്റി) മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ചൈനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാര്‍ ഇവിടെ നടക്കുന്ന സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാറുണ്ട്. ചൈനീസ് ചാരവൃത്തി സുഗമമാകുന്നത് ഈ വിവരശേഖരണത്തിലൂടെയാണെന്ന് ബെനിള്‍ഡ് ജോസഫ് വിശദീകരിച്ചു.
കറുത്ത തൊപ്പിക്കാരും വെള്ളത്തൊപ്പിക്കാരും
ഏതെങ്കിലും ഒരു ഡിജിറ്റല്‍ സംവിധാനത്തിനകത്ത് അതിക്രമിച്ചു കടന്നുകയറുന്നവരാണ് ഹാക്കര്‍മാര്‍. എന്നുവെച്ച് ഹാക്കര്‍മാരെല്ലാവരും അക്രമികളാണെന്ന് കരുതരുത്.
കറുത്ത തൊപ്പിക്കാര്‍ (Black hat Hackers) : ഗൂഢലക്ഷ്യങ്ങള്‍ക്കു വേണ്ടിയോ വിദ്വേഷത്തിന്റെ പേരിലോ പ്രവര്‍ത്തിക്കുന്നവര്‍. ഇന്റര്‍നെറ്റിലെ ക്രിമിനലുകളായി കണക്കാക്കുന്ന ഇവരെ ക്രാക്കര്‍മാരെന്നും പറയും.
വെള്ളത്തൊപ്പിക്കാര്‍ (White hat Hackers):: സുരക്ഷാ പരിശോധനയുടെ ഭാഗമായോ പ്രശ്‌നപരിഹാരത്തിനു വേണ്ടിയോ ഡിജിറ്റല്‍ സംവിധാനത്തിനകത്ത് നുഴഞ്ഞുകയറുന്നവര്‍. ഇവര്‍ എത്തിക്കല്‍ ഹാക്കര്‍മാരെന്നും അറിയപ്പെടും. ഇവര്‍ക്ക് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇ-കൊമേഴ്‌സ് കണ്‍സള്‍ട്ടന്റ്‌സ് (ഇസി-കൗണ്‍സില്‍) വിവിധ യൂണിവേഴ്‌സിറ്റികളും മറ്റും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
ചാരത്തൊപ്പിക്കാര്‍ (Grey hat Hackers):: ഇരുകൂട്ടര്‍ക്കും ഇടയിലുള്ള ചാരത്തൊപ്പിക്കാര്‍ നല്ല ലക്ഷ്യങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.