സൈബര്‍ യുദ്ധരംഗത്തെ ഇന്ത്യ

Posted on: 21 Jun 2013


ബി.എസ്. ബിമിനിത്‌




എതിരാളിയുടെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ നുഴഞ്ഞുകയറി അട്ടിമറി സൃഷ്ടിക്കുകയോ ചാരവൃത്തി നടത്തുകയോ ചെയ്യുന്നതാണ് പൊതുവേ സൈബര്‍ ആക്രമണമെന്ന് (സൈബര്‍വാര്‍) അറിയപ്പെടുന്നത്. ആണവായുധങ്ങള്‍മുതല്‍ റെയില്‍ഗതാഗതം വരെ കമ്പ്യൂട്ടര്‍ സംവിധാനം വഴി നിയന്ത്രിക്കുന്ന ഇക്കാലത്ത് അത്തരം ആക്രമണങ്ങളുടെ വ്യാപ്തി നേരിട്ടുള്ള യുദ്ധത്തോളം തന്നെ വലുതാണ്. സൈബര്‍ ചാരവൃത്തിവഴി ഇന്ത്യയില്‍നിന്ന് ചൈന ഈയിടെ കടത്തിയത് അതിരഹസ്യമായി സൂക്ഷിച്ച സൈനിക, സുരക്ഷാസംബന്ധിയായ വിവരങ്ങളാണ്.

സൈബര്‍ നുഴഞ്ഞുകയറ്റങ്ങള്‍ നേരിടുന്നതിനുള്ള നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്നിലാണെന്ന് പറയാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള സൈബര്‍ സുരക്ഷാ വിദഗ്ധരുടെ എണ്ണം വെറും 556 ആണ്. ചൈനയ്ക്ക് വേണ്ടി ഒന്നേകാല്‍ ലക്ഷം പേര്‍ ഈ പണി ചെയ്യുന്നു. അമേരിക്കയില്‍ ഇക്കൂട്ടരുടെ എണ്ണം ഒരു ലക്ഷത്തോളം വരും. ഇതേക്കുറിച്ച് ഒരന്വേഷണം.


* * * * *
ലഡാക്കിലെ ദെപ്‌സാങ്ങില്‍ നിയന്ത്രണരേഖ ലംഘിച്ച് ചൈനാ പട്ടാളം ടെന്റുകെട്ടിയത് സമീപകാലത്ത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, ഇതേക്കാള്‍ നമുക്ക് ആപത്കരമായ ചില കാര്യങ്ങള്‍ അവര്‍ നടത്തിയത് അധികമാരും അറിഞ്ഞിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചില്‍, പാകിസ്താന്‍ മോഡലില്‍ ചൈന നടത്തിയ കടന്നുകയറ്റത്തിന് ഏതാണ്ട് ഒരുമാസം മുമ്പ് ഡല്‍ഹിയിലെ പ്രതിരോധമന്ത്രാലയത്തിലും സൈനിക സ്ഥാപനങ്ങളിലും അതിനുമുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസിലും വരെയുള്ള സുരക്ഷിത കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ അവര്‍ കടന്നുകയറി തന്ത്രപ്രധാന വിവരങ്ങള്‍ ഒളിച്ചുകടത്തിയത് ഒരു ചര്‍ച്ചയിലും വിഷയമായില്ല. പുത്തന്‍ യുദ്ധമേഖലയായി സൈബര്‍ലോകത്തെ ശരിയായി മനസ്സിലാക്കാന്‍ നമ്മള്‍ കാണിക്കുന്ന മടിക്ക് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണ്ട. രാജ്യംകണ്ട ഏറ്റവും വലിയ സൈബര്‍ആക്രമണം അന്വേഷിക്കാന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്റണി ഉത്തരവിട്ടു എന്നതുമാത്രമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നമ്മളറിഞ്ഞ ഏറ്റവും അവസാനത്തെ നടപടി.

കര, വ്യോമ, നാവിക അതിര്‍ത്തികള്‍പോലെ അത്ര സുരക്ഷയൊരുക്കേണ്ട മേഖലയാണോ സൈബര്‍രംഗമെന്ന ചോദ്യത്തിന് മാര്‍ച്ച് ആദ്യവാരം നടന്ന സൈബര്‍ ചാരവൃത്തി ഉത്തരം തരും. സൈനിക മേഖലയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന പ്രതിരോധഗവേഷണ വികസനസ്ഥാപനത്തെ (ഡി.ആര്‍.ഡി.ഒ.) ലക്ഷ്യമിട്ടു നടന്ന ആക്രമണം ചൈനയ്ക്ക് വന്‍ വിജയമായിരുന്നു. പുതിയ ഭൂതല - വ്യോമ മിസൈലിനെക്കുറിച്ചും ഡി.ആര്‍.ഡി.എല്‍. വികസിപ്പിച്ച റഡാര്‍ പ്രോഗ്രാമിനെക്കുറിച്ചുമുള്ള വിവരങ്ങള്‍, പ്രതിരോധ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ കാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) ആയിരക്കണക്കിന് രേഖകള്‍, മിസൈല്‍ നിര്‍മാതാക്കളായ ഭാരത് ഡൈനാമിക്‌സുമായി ഉണ്ടാക്കിയ ഉടമ്പടികള്‍, ഫ്രഞ്ച് മിസൈല്‍ നിര്‍മാണ കമ്പനിയായ എം.ബി.ഡി.എ.യുമായി ഉണ്ടാക്കിയ സാമ്പത്തിക ഇടപാടുകള്‍... ഇങ്ങനെ സുപ്രധാന വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ഫയലുകളാണ് ചൈനീസ് സൈന്യത്തിന്റെ ഹൈടെക്ക് ചാരന്മാര്‍ ഒളിച്ചുകടത്തിയത്. ഈ റിപ്പോര്‍ട്ടുകള്‍ ഇന്ത്യ പതിവുപോലെ നിഷേധിക്കുകയും ചെയ്തു.

ആഗോളതലത്തില്‍ ഇന്ത്യ വെല്ലുവിളിയായി മാറിയതോടെയാണ് നമുക്കെതിരെയുള്ള സമ്മര്‍ദങ്ങളും നുഴഞ്ഞുകയറ്റങ്ങളും ചൈന ശക്തമാക്കിയത്. സാങ്കേതികരംഗത്ത് ഇന്ത്യ കൈവരിക്കുന്ന നേട്ടങ്ങളോട് മത്സരിക്കുകയും തങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ചോര്‍ത്തുകയുമാണ് ഇവിടെ ചൈനയുടെ രാഷ്ട്രീയ ലക്ഷ്യം.

ഭരണ, സൈനിക മേഖലകളെല്ലാം കമ്പ്യൂട്ടര്‍വത്കരിക്കപ്പെട്ട പുതിയകാലത്ത് ഹൈടെക്ക് നുഴഞ്ഞുകയറ്റക്കാര്‍ മനസ്സുവെച്ചാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും ബാങ്കിങ് സംവിധാനങ്ങളും തടസ്സപ്പെടുത്തി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തന്നെ തകര്‍ക്കാനാകും. കഴിഞ്ഞവര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന എണ്ണക്കമ്പനിയായ സൗദി അരാംകോയ്ക്ക് നേരേയുണ്ടായ സൈബര്‍ ആക്രമണത്തില്‍ 30,000 കമ്പ്യൂട്ടറുകള്‍ നശിച്ച് പ്രവര്‍ത്തനംനിലച്ച അവസ്ഥവന്നു. യു.എസ്സും ഇസ്രായേലും ചേര്‍ന്നുനടത്തിയ ആക്രമണത്തില്‍ ഇറാനിലെ 1000-ഓളം ന്യൂക്ലിയര്‍ സെന്‍ട്രിഫ്യൂജുകളാണ് തകരാറിലായത്. 2011-ല്‍ ഗദ്ദാഫിക്കെതിരെയുള്ള യുദ്ധകാലത്ത് ലിബിയയിലെ പ്രതിരോധ സംവിധാനത്തിനെതിരെ സൈബര്‍യുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ചയാളാണ് യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ.

രാജ്യം വിട്ടുപോകാതെ ഇന്റര്‍നെറ്റ് അധിഷ്ഠിത വിദൂരനിയന്ത്രണ സംവിധാനങ്ങളും (റിമോട്ട് അഡ്മിനിസ്‌ട്രേഷന്‍ ടൂള്‍ - ആര്‍.എ.ടി.) ഹാക്കര്‍മാരുടെ കുരുട്ടുബുദ്ധിയും ഉപയോഗിച്ച് നടത്തുന്ന സൈബര്‍ ആക്രമണങ്ങളില്‍ ആള്‍നാശമില്ല. മാത്രമല്ല, സുരക്ഷിതമായും തെളിവുകള്‍ അവശേഷിപ്പിക്കാതെയും സ്വന്തം അജന്‍ഡ നടപ്പാക്കുകയുമാകാം. ചൈനയ്ക്ക് പുറമേ പാകിസ്താനും 'അനോണിമസ്' പോലുള്ള ഹാക്ടിവിസ്റ്റ് ഗ്രൂപ്പുകളും നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്ത് സൈബര്‍ യുദ്ധഭീഷണി നേരിടുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ വളര്‍ന്നു. 2009-ല്‍ 9,180 സൈബര്‍ആക്രമണങ്ങളാണ് കണ്ടെത്തിയതെങ്കില്‍ തൊട്ടടുത്തവര്‍ഷം 16,126 ആക്രമണങ്ങളുണ്ടായി. 2011-ല്‍ ഇത് 14,232-ഉം 2012 -ല്‍ (ഒക്ടോബര്‍ വരെ) 14,392-ഉം ആയി ഉയര്‍ന്നു.

ചാരപ്പണി ഹൈടെക്ക്

ഡി.ആര്‍.ഡി.ഒ.യുടെ കീഴില്‍ മിസൈല്‍ സംവിധാനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ നടത്തുന്ന ഹൈദരാബാദിലെ ഡി.ആര്‍.ഡി.എല്‍. ആയിരുന്നു മാര്‍ച്ചിലെ ആക്രമണത്തിന്റെ പ്രധാനലക്ഷ്യം. പ്രതിരോധ, ഭരണമേഖലകളില്‍ സൈബര്‍സുരക്ഷ നല്‍കുകയെന്ന ലക്ഷ്യത്തോടെ നമ്മള്‍ വികസിപ്പിക്കുന്ന പുതിയ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ജോലികള്‍ നടക്കുന്നതും ഡി.ആര്‍.ഡി.ഒ.യിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന, ഡി.ആര്‍.ഡി.ഒ.യെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങള്‍ ഈ സാഹചര്യത്തില്‍ വേണം നോക്കിക്കാണാന്‍.

കഴിഞ്ഞവര്‍ഷം ചൈന നടത്തിയ മറ്റൊരു വന്‍ നുഴഞ്ഞുകയറ്റത്തില്‍, അതിര്‍ത്തികാവല്‍ സേനയായ ഐ.ടി.ബി.പി.യുടെ സേനാവിന്യാസവും ആഭ്യന്തരമന്ത്രാലയവും സേനയും തമ്മിലുള്ള ആശയവിനിമയ രേഖകളുമുള്‍പ്പെടെയുള്ള രഹസ്യവിവരങ്ങളാണ് ചൈന കടത്തിയത്. സൈനിക ലക്ഷ്യങ്ങളായിരുന്നു ഇതിന്റെ പിന്നിലെന്ന് വ്യക്തമാണ്. വിദേശകാര്യമന്ത്രാലയം, ആഭ്യന്തരമന്ത്രാലയം, ഡി.ആര്‍.ഡി.ഒ., ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.), സര്‍ക്കാര്‍ വകുപ്പുകളുടെ ഐ.ടി. വിഭാഗം കൈകാര്യംചെയ്യുന്ന നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു ഇത്തവണ അവര്‍ നുഴഞ്ഞുകയറിയത്. അമേരിക്കയിലെ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ എഫ് -35 വിമാനരൂപകല്പനയുടെ വിവരങ്ങള്‍ സൈബര്‍ ചാരവൃത്തിയിലൂടെ മോഷ്ടിച്ചാണ് അവരുടെ ജെ-20 , ജെ-31 ചാരയുദ്ധവിമാനങ്ങള്‍ നിര്‍മിച്ചതെന്ന ചീത്തപ്പേര് ഒരു ബഹുമതിയായി പേറുന്നവരാണ് ചൈനയെന്നും ഓര്‍ക്കണം.

2004 മുതല്‍ ഇന്ത്യയടക്കം വിവിധ രാജ്യങ്ങള്‍ക്കെതിരെ ചൈന ആക്രമണം നടത്തിവരുന്നത് 'അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെട്ട്' (എ.പി.ടി.) എന്നറിയപ്പെടുന്ന സൈബര്‍ ചാരവൃത്തി വഴിയാണ്. കഥകളില്‍ ചാരസുന്ദരിമാരെയും മറ്റും ഉപയോഗിച്ച് പ്രലോഭിപ്പിച്ച് സുരക്ഷിതമേഖലയില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തുന്ന പഴയരീതിയുടെ ഹൈടെക്ക് രൂപമാണിത്. ഇ-മെയിലിലൂടെയോ പെന്‍ഡ്രൈവിലൂടെയോ തന്ത്രപൂര്‍വം സുരക്ഷിത നെറ്റ്‌വര്‍ക്കിലേക്ക് വിദൂരനിയന്ത്രണ പ്രോഗ്രാമുകള്‍ (റാറ്റ്) കടത്തിവിട്ട് ആരുമറിയാതെ ഇന്റര്‍നെറ്റുവഴി ഡിജിറ്റല്‍ ഫയലുകള്‍ മോഷ്ടിക്കുന്ന രീതിയാണ് എ.പി.ടി.

മാര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ കരുവാക്കിയത് ഡി.ആര്‍.ഡി.ഒ.യിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെയായിരുന്നു. ആദ്യം ഉദ്യോഗസ്ഥന്റെ ഇ-മെയില്‍ അക്കൗണ്ടില്‍ കടന്നുകയറി ഫ്രആര്‍മി സൈബര്‍ പോളിസിയ്ത്ത എന്ന പേരിലുള്ള ഫയല്‍ പ്രചരിപ്പിച്ചു. അതില്‍ ഇന്റര്‍നെറ്റുവഴി ചൈനയിലെ നിയന്ത്രണകേന്ദ്രവുമായി ബന്ധം സ്ഥാപിക്കാനുള്ള ചാരപ്രോഗ്രാമുകള്‍ ഒളിപ്പിച്ചുവെച്ചിരുന്നു. ഔദ്യോഗിക രഹസ്യരേഖയുടെ എല്ലാ സ്വഭാവവുമുള്ള ഈ ഫയല്‍ തുറന്നവരുടെ കമ്പ്യൂട്ടറുകളെയെല്ലാം ചാരപ്രോഗ്രാമുകള്‍ കീഴടക്കി. പിന്നീട് ദൂരെയുള്ള നിയന്ത്രണകേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് കമ്പ്യൂട്ടറുകള്‍ പരതി ആവശ്യമുള്ള രേഖകള്‍ തിരഞ്ഞെടുത്ത് അയച്ചുകൊടുത്തുകൊണ്ടിരുന്നു. ഏതാണ്ട് ആറോളം ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്ന ശ്രമകരമായ ജോലിയാണ് എ.പി.ടി.

പിന്നീട് ഇന്ത്യയുടെ സാങ്കേതിക രഹസ്യാന്വേഷണ വിഭാഗമായ നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (എന്‍.ടി.ആര്‍.ഒ.) ചാരവൃത്തിയില്‍ വിരുതരായ സ്വകാര്യ സൈബര്‍സുരക്ഷാ വിദഗ്ധരുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചൈനീസ് ചാരവൃത്തിയുടെ ചുരുളഴിഞ്ഞത്. രേഖകള്‍ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള സെര്‍വറില്‍ നിന്നാണ് കണ്ടെത്തിയത്. അമേരിക്കന്‍ ആഭ്യന്തര വകുപ്പുകളുടെയും നാസയുടെയും ദക്ഷിണകൊറിയയിലെയും റഷ്യയിലെയും തന്ത്രപ്രധാന വകുപ്പുകളുടെയും ഫയലുകളും ഈ സെര്‍വറുകളില്‍ നിന്ന് ലഭിച്ചുവെന്നതും ശ്രദ്ധയര്‍ഹിക്കുന്നു. 150 കോടി ഇന്ത്യന്‍ രൂപ മുടക്കി ചാരവൃത്തിക്കുവേണ്ടി പ്രത്യേകം മാറ്റിവെച്ച സെര്‍വറായിരുന്നു ഇത് .

2010 ജനവരിയില്‍ 'നാഷണല്‍ സെക്യൂരിറ്റി ഡോക്ട്രിന്‍' എന്ന വേഡ് ഫയലില്‍ ഒളിപ്പിച്ച ചാരപ്രോഗ്രാമുകളാണ് ദേശീയ സുരക്ഷാസ്ഥാപനങ്ങളിലെ 22 ഉദ്യോഗസ്ഥരുടെ ഇ-മെയിലിലെത്തിയത്. 2009 ഡിസംബറില്‍ 'സേവ് ഗംഗാ കാമ്പയിന്‍' വിവിധ സ്ഥാപനങ്ങളിലെ 400 ഓഫീസര്‍മാരുടെ ഇ-മെയില്‍ അഡ്രസ്സില്‍ ലഭിച്ചു. അന്നുതന്നെ എന്‍.ടി.ആര്‍.ഒ.യും സെര്‍ട്ടും നടത്തിയ പരിശോധനയില്‍ തെക്കുപടിഞ്ഞാറന്‍ െൈചനയില്‍നിന്നുള്ള ഇ-മെയിലുകളാണ് ഇവയെന്ന് കണ്ടെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ്, ഇന്റലിജന്‍സ് ഓഫീസര്‍, കാബിനറ്റ് സെക്രട്ടറി, ഡിഫന്‍സ് സെക്രട്ടറി, പെട്രോളിയം മന്ത്രാലയത്തിലെ ജോ. സെക്രട്ടറി തുടങ്ങിയവരുടെ കമ്പ്യൂട്ടറുകളാണ് അന്ന് ആക്രമിച്ചത്.

ഒരേ രീതിയില്‍ കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി ചൈന സൈബര്‍ ചാരവൃത്തി തുടര്‍ന്നിട്ടും ഇന്ത്യ എന്തുചെയ്തു ? വേണ്ടത്ര ഗൗരവമായി സൈബര്‍ ആക്രമണങ്ങളെ ഇനിയും പരിഗണിച്ചിട്ടില്ലെന്നത് മാത്രമല്ല, അടുത്തകാലത്തായി പാകിസ്താനില്‍നിന്നും, 'അനോണിമസ്' പോലുള്ള ഹാക്ടിവിസ്റ്റ് ഗ്രൂപ്പുകളില്‍നിന്നുള്ള ആക്രമണം വര്‍ധിക്കുകയും ചെയ്തു.

യുദ്ധോപകരണങ്ങള്‍

ഇന്റര്‍നെറ്റും പെന്‍ഡ്രൈവുപോലുള്ള ഡാറ്റകള്‍ കൈമാറുന്ന ഹാര്‍ഡ്‌വെയറുകളുമുപയോഗിച്ച് തന്ത്രപൂര്‍വം വൈറസ്സുകളെ കടത്തിവിട്ടാണ് ആക്രമണങ്ങളും ചാരവൃത്തിയുമൊക്കെ നടത്തിവരുന്നത്. കമ്പ്യൂട്ടറുകളില്‍ കടന്നുകയറാനും മറ്റുള്ളവയിലേക്ക് വ്യാപിക്കാനും കഴിവുള്ള ദുഷ്‌പ്രോഗ്രാമുകളായ 'മാല്‍വെയറുകള്‍' ആണ് ചാരവൃത്തിയുടെ മുഖ്യ ആയുധം.

ഇത്തരം മാല്‍വെയറുകളില്‍ ഒളിപ്പിച്ചുവെച്ച 'ചാരപ്രോഗ്രാമുകള്‍' സംരക്ഷിത കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കില്‍നിന്ന് വിവരങ്ങള്‍ തന്ത്രപൂര്‍വം ചോര്‍ത്തി അക്രമികള്‍ക്ക് ഇന്റര്‍നെറ്റിലൂടെയോ മറ്റോ അയച്ചുകൊടുക്കുന്നു. ദൂരസ്ഥലത്തിരുന്ന് ഒരു കമ്പ്യൂട്ടറിനെയോ സെര്‍വറിനെയോ നിയന്ത്രിക്കുന്ന സംവിധാനങ്ങളാണ് 'റിമോട്ട് അഡ്മിനിസ്‌ട്രേഷന്‍ ടൂളുകള്‍' (ആര്‍.എ.ടി).

ഹാക്കര്‍മാര്‍ക്ക് കമ്പ്യൂട്ടറുമായി ബന്ധം സ്ഥാപിക്കാന്‍ ഒരു പിന്‍വാതില്‍ തുറന്നുകൊടുക്കുന്ന 'ട്രോജന്‍ പ്രോഗ്രാമു'കളാണ് പലപ്പോഴും സൈബര്‍ ചാരവൃത്തിക്ക് ഉപയോഗിക്കുന്നത്. നമ്മള്‍ പോലുമറിയാതെ 'ട്രോജനു'പയോഗിച്ച് ലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് ഒരാള്‍ക്ക് നമ്മുടെ കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാന്‍ കഴിയും, ഇന്റര്‍നെറ്റുവഴി. ആരുമറിയാതെ നമ്മുടെ കീബോഡില്‍ ഏതൊക്കെ കീ അമര്‍ത്തുന്നു എന്ന് റെക്കോഡ് ചെയ്ത് ഹാക്കര്‍മാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന മറ്റൊരു ചാര പ്രോഗ്രാമാണ് 'കീലോഗറുകള്‍' (keylogger).

ഈ അടുത്തകാലത്ത് ഇറാനിലെ ന്യൂക്ലിയര്‍ സെന്‍ട്രിഫ്യൂജുകളുടെ കേന്ദ്രീകൃത കമ്പ്യൂട്ടര്‍ സംവിധാനത്തെ തകര്‍ക്കാന്‍ ഇസ്രായേല്‍ പടച്ചുവിട്ട ചാര പ്രോഗ്രാമാണ് 'സ്റ്റക്‌സ്‌നെറ്റ്' (stuxnet). വെറും അര എം.ബി. വലിപ്പമുള്ള ഈ ചാരന്റെ സ്വദേശം ചൈനയാണെന്നും പറയപ്പെടുന്നു. ഇ-മെയില്‍ വഴി പടര്‍ന്ന് കമ്പ്യൂട്ടര്‍ സെര്‍വറുകളുടെ നിയന്ത്രണമേറ്റെടുക്കുന്ന 'ദുഖു' (Duqu), ഡെസ്‌ക്‌ടോപ്പ് പ്രവര്‍ത്തനങ്ങളുടെ ചിത്രവും കീബോഡിന്റെ പ്രവര്‍ത്തനവും ചാരന്മാര്‍ക്ക് എത്തിച്ചുകൊടുക്കുന്ന ഫ്ലെയിം (Flame) ഊര്‍ജ സംവിധാനങ്ങള്‍ തകരാറിലാക്കാന്‍ തയ്യാറാക്കിയിട്ടുള്ള 'ഷാമൂണ്‍' (shamoon) എന്നിവ ഈയടുത്ത കാലത്ത് ആഗോളതലത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച ദുഷ്‌പ്രോഗ്രാമുകളാണ്.
TAGS:


Stories in this Section