420 ലക്ഷം പേര്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരകള്‍

Posted on: 21 Jun 2013



കൊച്ചി: രാജ്യത്തിന്റെ മൊത്തം ജനസംഖ്യയില്‍ 42 ദശലക്ഷത്തോളം ആളുകള്‍ വിവിധ തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരകളായവരെന്ന് സര്‍വേ. ഓരോ ദിവസവും 1,15,068 പേരും ഓരോ നിമിഷവും 80 പേരും അറിഞ്ഞും അറിയാതെയും സൈബര്‍ കുറ്റകൃത്യത്തില്‍ അകപ്പെടുന്നുണ്ടെന്നും സര്‍വേ പറയുന്നു. ലോകത്തെ പ്രമുഖ ആന്‍റിവൈറസ് സെക്യൂരിറ്റി ദാതാക്കളായ നോര്‍ട്ടണ്‍ കമ്പനി നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന ഈ ഫലം പുറത്തുവന്നിരിക്കുന്നത്.

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയായി തീര്‍ന്ന ഉപഭോക്താക്കളില്‍ നിന്ന് ഇതിനകം എട്ട് ലക്ഷം കോടി ഡോളര്‍ നഷ്ടമാണ് കണക്കാക്കുന്നത്. ലോകത്ത് മൊത്തം ഇത് 110 ലക്ഷം കോടി ഡോളര്‍ നഷ്ടം സൃഷ്ടിച്ചിട്ടുമുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ കൂടുതലും ബാധിച്ചിരിക്കുന്നത് മാള്‍വെയര്‍ (58%), ഇ മെയില്‍ അഡ്രസ് - ഫോണ്‍ നമ്പര്‍ (32%), വെബ്‌സൈറ്റ് (61%) എന്നിങ്ങനെ കമ്പനിയുടെ കണക്കുകള്‍ പറയുന്നു. വ്യാപാര, സാങ്കേതിക, വിപണന മേഖലയിലുള്ളവരാണ് കൂടുതലും ഇരകളായിട്ടുള്ളത്.

യു ട്യൂബിലൂടേയും മറ്റുമുള്ള ഫിഷിങ് സൈറ്റുകള്‍ ക്ലിക്ക് ചെയ്തതുവഴി കബളിപ്പിക്കപ്പെട്ടവരും ഏറെയാണ്. മൊബൈലിലൂടെയും മറ്റും ദിവസം മുഴുവന്‍ ഓണ്‍ലൈനിലുള്ളവരാണ് ഇപ്പോളേറെയുമുള്ളത്. രാജ്യത്തെ പത്ത് പേരെടുത്താല്‍ ഏഴ് പേരും മൊബൈല്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഉപയോഗിക്കുന്നവരാണെന്ന് കമ്പനി പറയുന്നു. ഇത് സൈബര്‍ കുറ്റകൃത്യങ്ങളുടെ പിടിയില്‍ വീഴാന്‍ എളുപ്പമാക്കുന്നുമുണ്ട്. ആപ്ലിക്കേഷനുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും മൊബൈല്‍ വഴി ഉപയോഗിക്കുന്നത് സുരക്ഷിതത്വമില്ലാതെയെങ്കില്‍ വലയില്‍ വീഴാന്‍ എളുപ്പമാണെന്നും കമ്പനി സൂചിപ്പിക്കുന്നു. രാജ്യത്തെ 42 ശതമാനം പേരും സ്വന്തം മെയില്‍ അഡ്രസും ബാങ്ക് വിവരങ്ങളും മൊബൈലില്‍ സൂക്ഷിക്കുന്നവരാണെന്നതും സൈബര്‍ കളവുകള്‍ക്ക് അവസരമൊരുക്കുന്നുമുണ്ട്.

ജനസംഖ്യയുടെ പകുതിയിലധികം പേരും രണ്ടായിരത്തിനുശേഷം പിറന്നവരാണെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണെന്നും ഇവര്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ ദിവസത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നവരാണിപ്പോഴുള്ളതെന്നും ഇതില്‍ 51 ശതമാനത്തോളം പേര്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരകളായവരാണെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്യാത്തതും ലിങ്കുകള്‍ ശ്രദ്ധിക്കാതെ ഷെയര്‍ ചെയ്യുന്നതും പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

ഇതു മുന്നില്‍ക്കണ്ട് ഇന്‍റര്‍നെറ്റ് സെക്യൂരിറ്റി, നോര്‍ട്ടണ്‍ 360 മള്‍ട്ടി ഡിവൈസ്, മൊബൈല്‍ സെക്യൂരിറ്റി സോഫ്റ്റ് വെയറുകള്‍ പുറത്തിറക്കിയതായി നോര്‍ട്ടണ്‍ - സിമാന്‍ടെക് ഗ്ലോബല്‍ സെയില്‍സ് മാനേജര്‍ റിതേഷ് ചോപ്ര കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

TAGS:
cyber war  |  online securtiy  |  computer security  |  cyber crime  |  india 


Stories in this Section