ജപ്പാനില്‍ വികിരണ തോത് അറിയാന്‍ ഇന്റര്‍നെറ്റ് കൂട്ടായ്മ

Posted on: 21 Mar 2011


-സ്വന്തം ലേഖകന്‍




ജപ്പാനില്‍ ആണവ വികിരണ തോത് അപകടകരമാം വിധം ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, വികിരണ തോത് അറിയാന്‍ ഇന്റര്‍നെറ്റില്‍ പുതിയ കൂട്ടായ്മ രൂപപ്പെടുന്നു. സുനാമി ദുരന്തത്തെ തുടര്‍ന്നാണ് ആണവനിലയങ്ങള്‍ തകരാറിലായതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.

ഭീഷണിയായി മാറിയിട്ടുള്ള ഫുകുഷിമ ഡെയ്ഷി ആണവ നിലയത്തിന്റെ പരിസരത്ത് താമസിക്കുന്നവര്‍ക്ക് വികിരണ തോത് സമര്‍പ്പിക്കാന്‍ RDTN.org എന്ന വെബ്ബ്‌സൈറ്റാണ് അവസരമൊരുക്കുന്നത്. ഔദ്യോഗിക ഡേറ്റയ്‌ക്കൊപ്പം ജനങ്ങള്‍ സമര്‍പ്പിക്കുന്ന വിവരവും ലഭ്യമാകും.

ഭൂകമ്പവും സുനാമിയും വന്‍ദുരന്തം വിതച്ച ജപ്പാനില്‍ രൂപപ്പെട്ടിട്ടുള്ള ക്രൗഡ് സോഴ്‌സിങ് എന്നറിയപ്പെടുന്ന ഇന്റര്‍നെറ്റ് കൂട്ടായ്മകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഈ വെബ്ബ്‌സൈറ്റ്. JapanStatus.org എന്നതും ഇതേ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന സൈറ്റാണ്.

RDTN.org എന്ന സൈറ്റില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദ്യം വികിരണ തോത് നിശ്ചയിക്കാനുള്ള ഒരു ഉപകരണം ഉപയോക്താക്കള്‍ വാങ്ങേണ്ടതുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ലഭ്യമാകുന്ന നാല് കേന്ദ്രങ്ങള്‍ സൈറ്റ് നിര്‍ദേശിക്കുന്നുണ്ട്. 'ആമസോണി'ല്‍ നിന്ന് 78 പൗണ്ടിന് വികിരണ നിര്‍ണയ ഉപകരണം ലഭിക്കും.

ഈ സൈറ്റില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള വിവരമനുസരിച്ച്, ഫുകുഷിമക്ക് തെക്കുള്ള ഒനുമ ഹിറ്റാച്ചി സിറ്റിയിലും പരിസരത്തും മണിക്കൂറില്‍ 0.178-0.678 മൈക്രോസീവെര്‍ട്‌സ് (microsieverts per hour) ആണ് അണുവികിരണത്തിന്റെ അളവ്.

ഫുകുഷിമ ആണവനിലയത്തിന്റെ പരിസര പ്രദേശങ്ങളില്‍ സ്ഥിതി വളരെ ഗുരുതരമാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ പറയുന്നു. റേഡിയോ ആക്ടീവ് അയഡിന്റെ അപകടകരമായ സാന്നിധ്യമുള്ളതിനാല്‍, ടാപ്പു വെള്ളം ഉപയോഗിക്കരുതെന്ന് സമീപപ്രദേശങ്ങളിലെ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.




Stories in this Section