മണംപിടിക്കുന്ന റോബോട്ട് എത്തുന്നു

Posted on: 09 May 2013



സ്വന്തം ശരീരത്തിന്റെ ഗന്ധം മറ്റുള്ളവര്‍ക്ക് എത്ര അസഹനീയമാണെന്ന് പലര്‍ക്കും നിശ്ചയമില്ല. അത്തരക്കാരുമായി ഇടപഴകുന്നവര്‍ ശരിക്കും അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍, ഒരാളുടെ ശരീരത്തിന്റെ ഗന്ധം എത്ര അസഹനീയമാണെന്ന് മണത്ത് പറഞ്ഞു തരാന്‍ കഴിയന്ന ഒരു റോബോട്ട് ഉണ്ടെങ്കിലോ. അത് പലര്‍ക്കും അനുഗ്രഹമാകും, തീര്‍ച്ച.

ജപ്പാനിലെ റോബോട്ട് നിര്‍മാതാക്കളായ 'ക്രെയ്‌സിലേബോ' ( CrazyLabo ) കമ്പനിയും കിറ്റാക്യുഷു നാഷണല്‍ കോളേജ് ഓഫ് ടെക്‌നോളജിയും ചേര്‍ന്ന് രൂപപ്പെടുത്തിയ രണ്ട് റോബോട്ടുകള്‍ക്ക് മണംപിടിക്കാനുള്ള ശേഷിയുണ്ട്.

അതില്‍ ഒരെണ്ണത്തിന് ശരീരത്തിന്റെ ഗന്ധം അറിയാന്‍ കഴിയുമെങ്കില്‍, രണ്ടാമത്തേതിന് നമ്മുടെ ഉച്ഛ്വാസവായുവിലെ ദുര്‍ഗന്ധം എത്രയാണെന്ന് പറഞ്ഞു തരാന്‍ സാധിക്കും.

ഉച്ഛ്വാസവായുവിലെ ഗന്ധമറിയാന്‍ കഴിയുന്ന റോബോട്ടിന് ഒരു സ്ത്രീയുടെ തലഭാഗത്തിന്റെ രൂപമാണുള്ളത്, ശരീരഗന്ധം അറിയാന്‍ കഴിവുള്ളതിന് നായയുടെ രൂപവും. വൃത്തിയില്ലാത്ത സോക്‌സ് ഉപയോഗിച്ച പാദങ്ങള്‍ മണപ്പിച്ച് ആ നായ റോബോട്ട് മുരളും!

വാങ്ങാന്‍ കിട്ടുന്ന സെന്‍സറുകളുടെ സഹായത്തോടെയാണ് മണംപിടിപ്പിക്കാന്‍ റോബോട്ടിനെ സജ്ജമാക്കിയതെന്നതാണ് ഇതിന്റെ പ്രത്യേകത. 1990 കള്‍ മുതല്‍ ലഭ്യമായ 'ഇലക്ട്രോണിക് നാസികകള്‍' ( electronic noses ) എന്നറിയപ്പെടുന്ന മണമറിയുന്ന കൃത്രിമ സെന്‍സറുകളാണ് സഹായകമായത്.

സ്ത്രീയുടെ രൂപമുള്ള റോബോട്ടിന്റെ പേര് 'കയോരി' ( Kaori ) എന്നാണ്. ഉച്ഛ്വാസവായു ഏല്‍ക്കുമ്പോള്‍, 'ഇതിന് നാരങ്ങുടെ ഗന്ധമാണ്', അല്ലെങ്കില്‍ 'എന്റെ ക്ഷമയ്ക്കപ്പുറമാണിത്' എന്നിങ്ങനെ ഗന്ധം മനസിലാക്കി പ്രതികരിക്കാന്‍ കയോരിക്കാകും.

ശരീരഗന്ധം മണക്കുന്ന നായയുടെ ആകൃതിയുള്ള റോബോട്ടിന് 'ഷുന്റാരോ' ( Shuntaro ) എന്നാണ് പേര്. യൂസറുടെ കാല്‍പാദത്തിന്റെ ഗന്ധം വിശകലനം ചെയ്യാന്‍ അതിന് കഴിയും. ശക്തമായ ഗന്ധമല്ല പാദത്തിനെങ്കില്‍, ബീഥോവാന്റെ അഞ്ചാം സിംഫണി ഉയര്‍ന്നു കേള്‍ക്കാം. ഗന്ധം ശക്തമാണെങ്കില്‍ 'നായ' മുരളാന്‍ തുടങ്ങും!

വ്യത്യസ്ത ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ പാകത്തില്‍ രാസമുദ്രകള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വാതക സെന്‍സറുകളാണ് ഈ റോബോട്ടുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. റോബോട്ടിലെ കമ്പ്യൂട്ടര്‍ ആ ഡേറ്റ വിശകലനം ചെയ്യുകയും, അത് ആവശ്യമായ പ്രതികരണം സൃഷ്ടിക്കാന്‍ സഹായിക്കുകയും ചെയ്യും.

തന്റെ ശരീരത്തിന്റെ ഗന്ധത്തെക്കുറിച്ച് വീട്ടുകാര്‍ പരാതി പറയുന്നത് പതിവാണ്. അതില്‍നിന്നാണ് ഈ റോബോട്ടുകളെ സൃഷ്ടിക്കാന്‍ തനിക്ക് പ്രേരണ ലഭിച്ചതെന്ന്, ക്രെയ്‌സിലേബോയുടെ പ്രസിഡന്റ് കെന്നോസ്യൂക് സുറ്റ്‌സ്യുമി പറയുന്നു.

ഇത്തരം റോബോട്ടുകളെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും. അതിനാല്‍, ഇത്തരം യന്ത്രങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ലോകമെങ്ങും ഊര്‍ജിതമാണ്.

TAGS:
crazylabo  |  body odour  |  sniffing robots  |  japan  |  robotics 


Stories in this Section