കാലത്തിന്റെ ചുവരെഴുത്തുമായി കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ

Posted on: 07 Jan 2013




ഫോണും ടാബ്‌ലറ്റും പേഴ്‌സണല്‍ കമ്പ്യൂട്ടറും മാത്രമല്ല, ടെലിവിഷനും കാറും ഫ്രിഡ്ജുമെല്ലാം ഇന്റര്‍നെറ്റില്‍ കണക്ട്‌ചെയ്യപ്പെടുന്ന കാര്യം ആലോചിച്ചു നോക്കൂ. ശബ്ദം തിരിച്ചറിയാന്‍ ശേഷിയുള്ള കാറുകള്‍, ഡ്രൈവറില്ലാതെ ഓടുന്ന കാറുകള്‍, നിലവിലുള്ളതിന്റെ നാലിരട്ടി വ്യക്തയും മിഴിവുമുള്ള ടെലിവിഷന്‍ സ്‌ക്രീനുകള്‍......ലോകം കൂടുതല്‍ സ്മാര്‍ട്ടാകുന്നതിന്റെ സാക്ഷ്യമാകും ഇത്തവണത്തെ 'കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോ' (CES 2013).

വി.സി.ആറും കാംകോഡറും ഡിവിഡിയും ഹൈഡെഫിനിഷന്‍ ടിവിയുമെല്ലാം ആദ്യം അവതരിപ്പിക്കപ്പെട്ടത് ഈ ഇലക്ട്രോണിക്‌സ് പ്രദര്‍ശനത്തിലാണ്. കാലത്തിന്റെ ചുവരെഴുത്തുമായി എല്ലാവര്‍ഷവും നടത്തപ്പെടുന്ന പ്രദര്‍ശനം യു.എസിലെ ലാസ് വേഗാസില്‍ ജനവരി 8 മുതല്‍ 11 വരെയാണ് നടത്തപ്പെടുന്നത്.

1967 ല്‍ ന്യൂയോര്‍ക്കില്‍ ആരംഭിച്ച ഈ ഇലക്ട്രോണിക്‌സ് മാമാങ്കം, ഇപ്പോള്‍ ലാസ് വേഗാസില്‍ 1.7 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് (32 ഫുട്‌ബോള്‍ കളങ്ങളുടെ വിസ്തൃതി) ആണ് എല്ലാവര്‍ഷവും സംഘടിപ്പിക്കപ്പെടുന്നത്.

ഇലക്ട്രോണിക്‌സ് ഷോയുമായി സഹകരിക്കേണ്ടന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം തീരുമാനിച്ചതോടെ, ഇത്തവണ രണ്ട് പ്രമുഖര്‍ ഷോയിലില്ലെന്ന് ഉറപ്പായി -മൈക്രോസോഫ്റ്റും ആപ്പിളും. ആപ്പിള്‍ മുമ്പ് തന്നെ ഈ ഷോയില്‍ പങ്കെടുക്കാറില്ല.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നത് ഫിബ്രവരിയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലേക്ക് കമ്പനികള്‍ നീക്കിവെയ്ക്കുന്നതിനാല്‍, മറ്റ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് ഇലക്ട്രോണിക് ഷോയില്‍ പ്രത്യക്ഷപ്പെടുക.

കഴിഞ്ഞ വര്‍ഷം വരെ മൈക്രോസോഫ്റ്റിന്റെ മേധാവിയാണ് ഇലക്ട്രോണിക് ഷോയിലെ മുഖ്യപ്രഭാഷണം നടത്തിയിരുന്നത്. ഇത്തവണ അത് ക്വാല്‍കോം (മൊബൈല്‍ ചിപ്പ് നിര്‍മാണ കമ്പനി) മേധാവി പോള്‍ ജേക്കബ്ബ്‌സ് നിര്‍വഹിക്കുന്നു.

റഫ്രിജറേറ്ററുകളും സ്റ്റൗകളുമൊക്കെ ഇന്റര്‍നെറ്റിലേക്ക് ബന്ധിപ്പിക്കുന്നതിന്റെ സൂചന ഇത്തവണത്തെ ഇലക്ട്രോണിക് ഷോയിലുണ്ടാകും. പുതിയ തലമുറ ചിപ്പുകളും, സ്മാര്‍ട്ട്‌ഫോണുകള്‍ ടാബ്‌ലറ്റുകള്‍ തുടങ്ങിയവ സര്‍വവ്യാപിയാകുന്നതിന്റെയും ഒരു 'പാര്‍ശ്വഫല'മാകും, ഇത്തരം പുതിയ 'ഇന്റര്‍നെറ്റ് ഉപകരണങ്ങളു'ടെ രംഗപ്രവേശനത്തിന് വഴിതുറക്കുന്നത്.

ശബ്ദംകൊണ്ടും ആഗ്യംകൊണ്ടും നിയന്ത്രിക്കാന്‍ കഴിയുന്ന പുതിയ തലമുറ സ്മാര്‍ട്ട് ഉപകരണങ്ങളായിരിക്കും ഇലക്ട്രോണിക് ഷോയിലെ മുഖ്യ ആര്‍ഷണം. ഇന്റല്‍, ക്വാല്‍കോം തുടങ്ങിയ പ്രമുഖ ചിപ്പ് നിര്‍മാതാക്കള്‍, 'സംവേദക കമ്പ്യൂട്ടിങി' ('perceptual computing') ലെ പുതിയ മുന്നേറ്റങ്ങളെ പരിചയപ്പെടുത്തുമെന്ന് കരുതുന്നു.

ക്യാമറകള്‍, ജി.പി.എസ്.വഴികാട്ടികള്‍, സെന്‍സറുകള്‍, മൈക്രോഫോണുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ യൂസര്‍ ആക്ടിവിറ്റി മനസിലാക്കി അതിനനുസരിച്ച് പ്രതികരിക്കാന്‍ സഹായിക്കുന്ന വിദ്യയാണ് 'സംവേദക കമ്പ്യൂട്ടിങ്' എന്നുദ്ദേശിക്കുന്നത്. 'ഉപകരണങ്ങള്‍ കൂടുതല്‍ സ്മാര്‍ട്ടാണെങ്കില്‍, അവയ്ക്ക് നിങ്ങളുടെ ആവശ്യങ്ങള്‍ കൂടുതല്‍ മനസിലാക്കി പ്രതികരിക്കാനാവും' - ഐഡിസി വിദഗ്ധന്‍ ജോണ്‍ ജാക്ക്‌സണ്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ മിഴിവോടെ ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്ന ടിവിയായിരിക്കും ഇലക്ട്രോണിക് ഷോയിലെ മറ്റൊരു ആകര്‍ഷണം. 'അള്‍ട്രാ ഹൈ ഡെഫിനിഷന്‍' സ്‌ക്രീനുകളാകും രംഗം കയ്യടക്കുകയെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഏത് ടിവി ഡിസ്‌പ്ലെയെക്കാളും നാലുമടങ്ങില്‍ കൂടുതല്‍ വ്യക്തതയോടെയും മിഴിവോടെയും ദൃശ്യങ്ങള്‍ അവതരിപ്പിക്കാന്‍ അവയ്ക്ക് കഴിയും.

വാഹനക്കമ്പനികളാണ് ഇലക്ട്രോണിക് ഷോയില്‍ പങ്കെടുക്കുന്ന പ്രമുഖ വിഭാഗം. കൂടുതല്‍ സ്മാര്‍ട്ടായ കാറുകളും വാഹനങ്ങളും പരിചയപ്പെടാന്‍ ഇലക്ട്രോണിക് ഷോ അവസരമൊരുക്കും. ടൊയോട്ട മുതല്‍ ഫോര്‍ഡും ജനറല്‍ മോട്ടോഴ്‌സും വരെയുണ്ട് പുതിയ കണ്ടെത്തലുകളുമായി രംഗത്ത്.

ശബ്ദം തിരിച്ചറിയാന്‍ ശേഷിയുള്ള സാങ്കേതികവിദ്യയാണ് ബിഎംഡബ്ല്യു അവതരിപ്പിക്കുന്നതെങ്കില്‍, ഡ്രൈവറാവശ്യമില്ലാത്ത കാറുമായാണ് ടൊയോട്ടയുടെ വരവ്. ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം എന്ന് പേരിട്ടിട്ടുള്ള സങ്കേതമാണ് ടൊയോട്ട അവതരിപ്പിക്കുന്നത്.


Stories in this Section