ഇതിനുമുമ്പ് അറിയപ്പെടാത്ത മൂന്നു കമ്പ്യൂട്ടര്‍ വൈറസുകള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്നും, സൈബര്‍ യുദ്ധത്തിന്റെയോ ചാരപ്രവര്‍ത്തനത്തിന്റെയോ ഭാഗമായി രൂപപ്പെടുത്തിയതാകാം അവയെന്നും ഗവേഷകര്‍ക്ക് സൂചന ലഭിച്ചു.
പശ്ചിമേഷ്യന്‍ മേഖലയില്‍ ഇതിനകം പ്രത്യക്ഷപ്പെട്ട
സ്റ്റക്‌സ്‌നെറ്റ് ട്രോജന്‍ (Stuxnet Trojan),
ഫ്ലെയിം (Flame) എന്നീ വൈറസുകള്‍ക്ക് പിന്നില്‍ അമേരിക്കയുടെ കൈകളുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഫ്ലെയിം വൈറസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പുതിയ മൂന്നുവൈറസുകളെ സംബന്ധിച്ച സൂചനയാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്.
പശ്ചിമേഷ്യന്‍ മേഖലയില്‍ അമേരിക്ക അതിന്റെ താത്പര്യം സംരക്ഷിക്കാനായി, മുമ്പ് കരുതിയതിലും വ്യാപകമായ തോതില്‍ സൈബര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്ന്, റോയിട്ടേഴ്‌സ് വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഇറാന്റെ ആണവപദ്ധതി ലക്ഷ്യംവെച്ച് രംഗത്തെത്തിയതാണ്
സ്‌ക്‌സ്‌നെറ്റ് വൈറസ്. രഹസ്യ നിരീക്ഷണത്തിനായാണ് അത്യാധുനിക ഫ്ലെയിം വൈറസ് രൂപപ്പെടുത്തിയിട്ടുള്ളത്.
ഫ്ലെയിമിന്റെ പ്രവര്‍ത്തികള്‍ക്ക് പിന്തുണയേകുന്ന മൂന്നു വൈറസുകളുണ്ടെന്നും, അവ ഇനിയും അറിയപ്പെടാത്തവയാണെന്നും അമേരിക്കയിലെ സിമാന്‍ടെക് കോര്‍പ്പറേഷന്‍, റഷ്യയിലെ കാസ്‌പെര്‍സ്‌കി ലാബ് എന്നീ കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനങ്ങള്‍ തിങ്കളാഴ്ച വെളിപ്പെടുത്തി. അതിനുള്ള തെളിവ് തങ്ങള്‍ക്ക് ലഭിച്ചുവെന്നാണ് ഈ സ്ഥാപനങ്ങളിലെ ഗവേഷകര്‍ പറയുന്നത്.
രണ്ടു സ്ഥാപനങ്ങളും വെവ്വേറെ നടത്തിയ വിശകലനത്തിലാണ് പുതിയ തെളിവ് ലഭിച്ചത്. എന്നാല്‍, ഫ്ലെയിം വൈറസിന് പിന്നിലാരാണെന്ന് പറയാന്‍ അവര്‍ കൂട്ടാക്കിയില്ല. ആ വൈറസിനെ സൃഷ്ടിച്ചതിന് പിന്നില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന്, പാശ്ചാത്യ നയതന്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലും അതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് 'വാഷിങ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇറാനെതിരെ അവതരിപ്പിക്കപ്പെട്ട സ്റ്റക്‌സ്‌നെറ്റിനും പശ്ചിമേഷ്യയില്‍ പ്രത്യക്ഷപ്പെട്ട ഫ്ലെയിമിനും തമ്മില്‍ ബന്ധമുണ്ടെന്ന് സിമാന്‍ടെകും കാസ്‌പെര്‍സ്‌കിയും കഴിഞ്ഞ ജൂണില്‍ കണ്ടെത്തിയിരുന്നു. സ്റ്റക്‌സ്‌നെറ്റിന്റെ 2009 വകഭേദത്തിന്റെ അതേ കോഡാണ് ഫ്ലെയിമിലുമുള്ളത് എന്നായിരുന്നു കണ്ടെത്തല്‍.
പുതിയതായി തെളിവ് ലഭിച്ച മൂന്നു വൈറസുകളെക്കുറിച്ച് രണ്ട് സുരക്ഷാസ്ഥാപനങ്ങള്‍ക്കും ഏറെയൊന്നും അറിയില്ല.
ഫ്ലെയിം വൈറസിന്റെ പ്രവര്‍ത്തനങ്ങള്‍ മാനേജ്‌ചെയ്യാന്‍
'ന്യൂസ്‌ഫോര്‍യു' ('Newsforyou') എന്ന സോഫ്ട്‌വേറാണ് ഉപയോഗിക്കാറെന്ന് ഇരു സ്ഥാപനങ്ങളിലെയും ഗവേഷകര്‍ പറയുന്നു. ആ സോഫ്ട്‌വേറിന് നാല് വ്യത്യസ്തതരം ദുഷ്ടപ്രോഗ്രാമുകളുമായി ബന്ധമുള്ളതായി ഗവേഷകര്‍ കണ്ടു- ഒരെണ്ണം ഫ്ലെയിം വൈറസ് തന്നെയാണ്.
എസ്പി (SP), എസ്പിഇ (SPE), ഐപി (IP) എന്നീ കോഡുനാമമുള്ളവയാണ് മറ്റ് മൂന്നെണ്ണം.
ഫ്ലെയിമില്‍ നിന്ന് വേറിട്ടുനിന്ന് ചാരപ്രവര്‍ത്തനമോ അട്ടിമറിയോ നടത്താന്‍ ഉദ്ദേശിച്ചുള്ളതാകാം പുതിയ മൂന്നെണ്ണവുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി കാസ്‌പെര്‍സ്‌കി ലാബ് പറഞ്ഞു. എന്നാല്‍, ഫ്ലെയിമിന്റെ വകഭേദങ്ങളാണോ അതോ വ്യത്യസ്ത വൈറസുകളാണോ പുതിയവയെന്ന് നിശ്ചയമില്ലെന്ന് സിമാന്‍ടെക് അഭിപ്രായപ്പെട്ടു.
ഇറാനിലും ലെബണനിലും ഏതാണ്ട് ഒരു ഡസണ്‍ കമ്പ്യൂട്ടറുകളില്‍ പുതിയ വൈറസുകള്‍ ബാധിച്ചിട്ടുള്ളതായും, ആ കമ്പ്യൂട്ടറുകള്‍ കമാണ്ട് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വറുകളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നതായും കാസ്‌പെര്‍സ്‌കി ലാബ് പറഞ്ഞു.