
സാമ്പത്തിക ഇടപാടുകള്‍ മനസിലാക്കാന്‍ ചാരപ്പണിയെടുക്കുകയും, ഈമെയിലുകളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്രവര്‍ത്തനങ്ങളും ചോര്‍ത്തുകയും ചെയ്യുന്ന പുതിയകമ്പ്യൂട്ടര്‍ വൈറസിനെ പശ്ചിമേഷ്യയില്‍ തിരിച്ചറിഞ്ഞു. കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ 'കാസ്‌പെര്‍സ്‌കി ലാബ്' ആണ് വൈറസിനെ തിരിച്ചറിഞ്ഞതെന്ന് 'റോയിട്ടേഴ്‌സ്' റിപ്പോര്‍ട്ടു ചെയ്തു.
'ഗ്വാസ്സ്' (Gauss) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വൈറസിന് നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ ആക്രമിക്കാനും ശേഷിയുണ്ടെന്ന് കരുതുന്നു.
ഇറാന്റെ ആണവസംവിധാനം ആക്രമിക്കാന്‍ രംഗത്തെത്തിയ
'സ്റ്റക്‌സ്‌നെറ്റ്' (Stuxnet) വൈറസ് രൂപപ്പെട്ട അതേ ലാബില്‍ നിന്നാണ് പുതിയ വൈറസിന്റെയും വരവെന്ന് കാസ്‌പെര്‍സ്‌കി ലാബ് പറയുന്നു. അമേരിക്കയും ഇസ്രായേലും ചേര്‍ന്നാണ് സ്റ്റക്‌സ്‌നെറ്റ് വൈറസ് സൃഷ്ടിച്ചതെന്ന് കരുതുന്നു.
ലെബനന്‍, ഇസ്രായേല്‍, പലസ്തീന്‍ തുടങ്ങിയ മേഖലകളിലെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെയാണ് ഗ്വാസ്സ് വൈറസ് ബാധിച്ചിട്ടുള്ളത്. ആരാകാം ഈ വൈറസിന് പിന്നിലെന്ന് പറയാന്‍ പക്ഷേ, മോസ്‌കോ കേന്ദ്രമയായി പ്രവര്‍ത്തിക്കുന്ന കാസ്‌പെര്‍സ്‌കി ലാബ് തയ്യാറായിട്ടില്ല.
എന്നാല്‍, സ്റ്റക്‌സ്‌നെറ്റ് വൈറസിനോടും, സൈബര്‍ ചാരപ്രവര്‍ത്തനത്തിനുപയോഗിക്കുന്ന മറ്റ് രണ്ട് ദുഷ്ടപ്രോഗ്രാമുകളായ (മാള്‍വേറുകള്‍)
'ഫ്ലെയിം' (Flame),
'ഡുക്യു' (Duqu) എന്നിവയുമായും ഗ്വാസ്സ് വൈറസിന് സാമ്യമുണ്ടെന്ന് ലാബ് അധികൃതര്‍ അറിയിച്ചു.
'സ്റ്റക്‌സ്‌നെറ്റ്, ഡുക്യു, ഫ്ലെയിം എന്നിവ നോക്കിയാല്‍ നമുക്ക് ഏതാണ്ട് ഉറപ്പിച്ചു തന്നെ പറയാം, അവ പുറത്തുവന്ന 'ഫാക്ടറി'യില്‍ നിന്നുതന്നെയാണ് ഗ്വാസ്സും എത്തിയിരിക്കുന്നത്'-കാസ്‌പെര്‍സ്‌കി ലാബ് പറയുന്നു. ഭരണകൂടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തു നടത്തുന്ന സൈബര്‍ യുദ്ധത്തിലെ ആയുധമാണിതെന്നും ലാബ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്റര്‍നെറ്റ് ബ്രൗസറില്‍ നിന്ന് പാസ്‌വേഡുകളും മറ്റ് ഡേറ്റയും ചോര്‍ത്താന്‍ മാത്രമല്ല, സിസ്റ്റം കോണ്‍ഫിഗരേഷന്‍ വിവരങ്ങള്‍ അജ്ഞാതകേന്ദ്രങ്ങള്‍ക്ക് അയച്ചുകൊടുക്കാനും ഗ്വാസ്സ് വൈറസിന് കഴിയുമെന്ന് കാസ്‌പെര്‍സ്‌കി ലാബ് മുന്നറിയിപ്പ് നല്‍കുന്നു.
മാത്രമല്ല, പശ്ചിമേഷ്യന്‍ മേഖലയിലെ ബാങ്കിങ് സംവിധാനങ്ങളില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്താനും, സോഷ്യന്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലെയും ഈമെയിലുകളിലെയും ലോഗിന്‍ വിവരങ്ങള്‍ ഹൈജാക്ക് ചെയ്യാനും വൈറസിന് ശേഷിയുണ്ട്.
പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സൈബര്‍ ചാരപ്രവര്‍ത്തനം ലക്ഷ്യംവെച്ച് രൂപപ്പെടുത്തിയ ഫ്ലെയിം എന്ന ദുഷ്ടപ്രോഗ്രാം കണ്ടെത്തെതിയത് 2012 മെയ് മാസത്തിലാണ്. അതെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ സൈബര്‍ ആയുധങ്ങളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ക്ക് പുതിയ വൈറസിനെ തിരിച്ചറിഞ്ഞത് ശക്തിപകരുമെന്ന് കരുതുന്നു.
വ്യവസായിക സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് രംഗത്തെത്തിയ സ്റ്റക്‌സ്‌നെറ്റ് വൈറസിനെ 2010 ലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. യു.എസ്.ബി.ഡ്രൈവുകള്‍ വഴി പടര്‍ന്ന ആ വൈറസ്, ഇറാനില്‍ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രത്തിലെ കമ്പ്യൂട്ടറുകളെ ആക്രമിക്കാനായി രൂപപ്പെടുത്തിയതായിരുന്നു.
സ്റ്റക്‌സ്‌നെറ്റ് വൈറസിന് പിന്നില്‍ അമേരിക്കയും ഇസ്രായേലുമാണെന്ന് ആരോപണമുണ്ടെങ്കിലും, ഇക്കാര്യത്തെക്കുറിച്ചോ, ഫ്ലെയിം വൈറസിന്റെ ആവിര്‍ഭാവത്തെക്കുറിച്ചോ പ്രതികരിക്കാന്‍ അമേരിക്ക കൂട്ടാക്കിയിട്ടില്ല.