ചരിത്രത്തിലെ വലിയ സൈബര്‍ ആക്രമണം കണ്ടെത്തി

Posted on: 04 Aug 2011



ഇരകളില്‍ ഇന്ത്യയും


ബോസ്റ്റണ്‍: ഇന്ത്യ, അമേരിക്ക, ദക്ഷിണ കൊറിയ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും 72-ല്‍ പരം ഔദ്യോഗിക കംപ്യൂട്ടര്‍ ശൃംഖലകള്‍ക്കുനേരെ വന്‍ സൈബര്‍ ആക്രമണമുണ്ടായതായി കണ്ടെത്തി. അഞ്ചു വര്‍ഷം നീണ്ട ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ഹാക്കര്‍മാര്‍ ഈ കമ്പ്യൂട്ടര്‍ ശൃംഖലകളുടെ സുരക്ഷാവലയം ഭേദിച്ചത്.

ചരിത്രത്തില്‍ ഇതു വരെയുണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ സൈബര്‍ ആക്രമണമാണിതെന്ന് ഇന്റര്‍നെറ്റ് സുരക്ഷാ ഗവേഷകരായ മകഫിയെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് ദിനപ്പത്രം റിപ്പോര്‍ട്ടു ചെയ്തു.

അത്യാധുനിക ആയുധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട 12 യു.എസ്. പ്രതിരോധ സ്ഥാപനങ്ങളുടെ കംപ്യൂട്ടറുകളിലും ഹാക്കര്‍മാര്‍ കടന്നുകയറിയിട്ടുണ്ട്. ചൈനീസ് ഹാക്കര്‍മാരാണ് ഈ നുഴഞ്ഞുകയറ്റത്തിനു പിന്നിലെന്ന് സുരക്ഷാ വിദഗ്ധര്‍ കരുതുന്നു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ ചൈന ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ചു. ആക്രമണങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൂരെ നിന്ന് നിയന്ത്രിക്കാവുന്ന ചാര സോഫ്റ്റ്‌വേറുകള്‍ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ കയറ്റിവിട്ടായിരുന്നു ആക്രമണം. ജനീവയിലെ ഐക്യരാഷ്ട്രസഭാ സെക്രട്ടേറിയറ്റിലെയും യു.എസ്. ഊര്‍ജവകുപ്പിന്റെയും കംപ്യൂട്ടര്‍ ശൃംഖലകള്‍ക്കു നേരെയും ഇത്തരം ആക്രമണമുണ്ടായി. വര്‍ഷങ്ങളായി ഈ ആക്രമണങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

TAGS:


Stories in this Section