ക്രോംബുക്ക് വരുന്നു; ഇന്ത്യയിലേക്ക്‌

Posted on: 16 Nov 2011


-ബി.എസ്.ബിമിനിത്‌




പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്ന നമ്മുടെ സ്വകാര്യ അഹങ്കാരത്തെ ഇല്ലാതാക്കി എന്നൊരു 'ചീത്തപ്പേര്' ഗൂഗിളിനുണ്ട്. പോക്കറ്റില്‍ പണ്ട് ഫ്ലോപ്പി ഡിസ്‌കും പിന്നീട് പെന്‍ഡ്രൈവും എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കുമൊക്കെ കൊണ്ടുനടന്ന് വീമ്പിളക്കുന്നവര്‍ പറഞ്ഞുണ്ടാക്കിയതാണ് ആ ചീത്തപ്പേര്. ഗൂഗിള്‍ യുഗം പിറക്കുന്നതുവരെ നമ്മളോരോരുത്തരും വിവരങ്ങള്‍ കമ്പ്യൂട്ടറിലോ പെന്‍ഡ്രൈവിലോ ഒക്കെയായിരുന്നു സൂക്ഷിച്ചിരുന്നത്. ഫ്ലോപ്പി ഡിസ്‌കുപോലെ മറ്റുള്ളവയും ഗൃഹാതുരമായ ഓര്‍മയാകാന്‍ അധികനാള്‍ കാത്തിരിക്കേണ്ട.

വാലില്‍ @gmail.com എന്നൊരു വിലാസം സംഘടിപ്പിച്ചാല്‍ എഴുത്തുകുത്തുകളായാലും ചിത്രങ്ങളായാലും വീഡിയോയായാലും ശേഖരിച്ചുവെക്കാന്‍ നെറ്റില്‍ സൗജന്യമായി ഏഴെട്ട് ജിബി സ്ഥലം കിട്ടും. നെറ്റിലെ അറിയാത്ത എവിടെയോ കുറച്ചു സ്ഥലം വാങ്ങി സ്വന്തം സാമ്രാജ്യം പണിയുന്ന ഈ ക്ലൗഡ് കംപ്യൂട്ടിങ് വിദ്യയുടെ ഗുണഭോക്താക്കളായി നമ്മള്‍ മാറി. ക്ലൗഡ് കംപ്യൂട്ടിങ്ങിലെ പുതിയ ഗൂഗിള്‍ വിപ്ലവം എന്നു വിശേഷിപ്പിക്കപ്പെട്ട ക്രോംബുക്ക് സജീവമാകുന്നതോടെ കാര്യങ്ങളൊക്കെ നമ്മള്‍ പ്രതീക്ഷിക്കുന്നതിലും അപ്പുറമാകും.

അടുത്ത വര്‍ഷം ആദ്യത്തോടെ ക്രോംബുക്ക് ഇന്ത്യയിലെത്തുമെന്നാണ് ഗൂഗിളിലെ ക്രോം ആന്‍ഡ് ആപ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് സുന്ദര്‍ പിചായ് പറഞ്ഞത്. ഗൂഗിള്‍ ക്രോം ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പാണ് ക്രോംബുക്ക് എന്നു പറയാം. അങ്ങനെ പറയാന്‍ പറ്റില്ലെന്നു തര്‍ക്കിക്കുകയുമാവാം. നിര്‍വചനം കണ്ടുപിടിക്കാന്‍ പോയാല്‍ ക്രോംബുക്ക് എന്നു തന്നെ ഒറ്റവാക്കില്‍ പറഞ്ഞ് ഒഴിയുകയേ നിവൃത്തിയുള്ളൂ. കാരണം സാധാരണ ലാപ്‌ടോപ്പിന്റെ/നെറ്റ്ബുക്കിന്റെ കെട്ടിലും മട്ടിലുമുള്ള ഒരു ക്ലൗഡ് ക്ലൈന്റാണ് ക്രോംബുക്ക്. കഴിഞ്ഞ ജുണില്‍ പുറത്തിറങ്ങിയ ക്രോംബുക്ക് വിപണിയിലെത്തിക്കുന്നത് എയ്‌സറും സാംസങ്ങുമാണ്.

എട്ടുസെക്കന്‍ഡുകൊണ്ട് പ്രവര്‍ത്തന സജ്ജമാകുന്ന ക്രോംബുക്കിലുള്ള മീഡിയാപ്ലെയര്‍ ഉള്‍പ്പെടുത്തിയ ക്രോംബ്രൗസറായിരിക്കും ഏറ്റവും വലിയ ഉപകാരി. സാധാരണ സോഫ്റ്റ്‌വേറുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ നെറ്റുമായി ബന്ധപ്പെട്ട ആപ്ലിക്കേഷനുകളുപയോഗിക്കാനാണ് ക്രോംബുക്കിനിഷ്ടം. അതായത് ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ നമ്മള്‍ ചെയ്യുന്നതു പോലെ ക്രോംവെബ് സ്‌റ്റോറില്‍ പോയി അപ്പപ്പോള്‍ ആവശ്യമുള്ള പ്രോഗ്രാമുകള്‍ വാങ്ങി ഉപയോഗിക്കാം, സൗജന്യമായോ കാശുകൊടുത്തോ.

എന്നുവെച്ച് നെറ്റിനു പുറത്ത് ഒരു ലോകവുമായും ബന്ധമില്ലാത്ത മുരടനാണ് ക്രോംബുക്ക് എന്ന് തെറ്റിദ്ധരിച്ചു കളയരുത്. ഫ്ലാഷ് ഡ്രൈവോ മൗസോ കീബോഡോ ഒക്കെ ഘടിപ്പിക്കാന്‍ യു.എസ്. ബി സംവിധാനം ആവശ്യത്തിനുണ്ട്. അതിസുരക്ഷാ സംവിധാനമുള്ളതിനാല്‍ ആന്റിവൈറസ് പോലും വേണ്ടെന്നും ഗൂഗിള്‍ അവകാശപ്പെടുന്നു.

സാംസങ് രണ്ടു തരത്തിലുള്ള ക്രോംബുക്കുകളാണ് ഇന്ത്യയിലിറക്കാനുദ്ദേശിക്കുന്നത്. വൈഫൈ മാത്രമുള്ളതും അതിനൊപ്പം ത്രീജി കൂടിയുള്ളതും. വൈഫൈ മാത്രമുള്ളതിന് വിപണിയില്‍ 399.99 ഡോളറാണ് വില. രണ്ടുമുള്ള മോഡലിന് 449.99 ഡോളറും. എന്തായാലും അടുത്ത വര്‍ഷമാകട്ടേ, ബാക്കിയെല്ലാം നേരിട്ടു കണ്ടു മനസ്സിലാക്കാം.

-biminith@techchillies.in
TAGS:
chromebook  |  chrome os  |  google  |  cloud computing  |  india 


Stories in this Section