ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കായി ആന്‍ഡ്രോയിഡ് 3.0 (ഹണികോമ്പ്) വകഭേദം ഗൂഗിള്‍ പുറത്തിറക്കിയിട്ട് അധിക സമയമായിട്ടില്ല. അതിനിടെ, ഗൂഗിളിന്റെ ആവനാഴിയില്‍ നിന്ന് മറ്റൊരു ടാബ്‌ലറ്റ് പ്ലാറ്റ്‌ഫോം കൂടി പുറത്തുവരുന്നതായി റിപ്പോര്‍ട്ട്. നെറ്റ്ബുക്കുകള്‍ക്കായി ഗൂഗിള്‍ വികസിപ്പിക്കുന്ന ബ്രൗസര്‍-കേന്ദ്രിത ഓപ്പറേറ്റിങ് സിസ്റ്റമായ ക്രോം ഒഎസിന്റെ ടാബ്‌ലറ്റ് പതിപ്പാണ് രംഗത്തെത്താന്‍ പോകുന്നത്. ഇക്കാര്യം ഗൂഗിള്‍ സ്ഥിരീകരിച്ചതായി
'സിനെറ്റ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ പുറത്തു വിടാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല.
ഗൂഗിള്‍ ക്രോം ഒഎസിന്റെ സോഴ്‌സ്‌കോഡില്‍ വരുത്തിയ പുതിയ മാറ്റങ്ങള്‍, ആ ഒഎസിന്റെ ടാബ്‌ലറ്റ് വകഭേദം വികസിപ്പിക്കുന്നതിന് തെളിവായി വിലയിരുത്തപ്പെടുന്നു.
ടാബ്‌ലറ്റുകള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ക്രോം ഒഎസ് രൂപപ്പെടുത്തുക എന്ന ആശയം ഗൂഗിളിനെ മുമ്പും പ്രലോഭിപ്പിച്ചിരുന്നു. എന്നാല്‍, ആന്‍ഡ്രോയിഡ് നേടിയ സ്വാഭാവിക വിജയം ആ പ്രലോഭനത്തിന് കടിഞ്ഞാണിടാന്‍ പ്രേരണയായി. കഴിഞ്ഞ വര്‍ഷം ഗൂഗില്‍ മേധാവി എറിക് ഷിമിഡ്ത് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. 'ടച്ച്‌സ്‌ക്രീനുകള്‍ക്ക് ആന്‍ഡ്രോയിഡ്, കീബോര്‍ഡുകള്‍ക്ക് ക്രോം ഒഎസ്'-എന്നാണ് ഷിമിഡ്ത് പ്രസ്താവിച്ചത്.
ആ പ്രസ്താവനയ്ക്ക് വിരുദ്ധമായി, ടച്ച്‌സ്‌ക്രീനുകള്‍ക്കു കൂടി യോജ്യമായ രൂപത്തിലാണ് ക്രോം ഒഎസ് ഗൂഗിള്‍ ഇപ്പോള്‍ വികസിപ്പിക്കുന്നതെന്നാണ് സൂചന. ഇതിനര്‍ഥം ക്രോം ഒഎസിന്റെയും ആന്‍ഡ്രോയിഡിന്റെയും അതിര്‍വരമ്പുകള്‍ നേര്‍ത്തു വരുന്നു എന്നാണ്.
ടാബ്‌ലറ്റുകള്‍ക്കായി ക്രോം ഒഎസ് വികസിപ്പിക്കുന്നുവെങ്കില്‍, ആന്‍ഡ്രോയിഡ് ഹണികോമ്പിന്റെ പ്രസക്തി എന്താണെന്ന് ചോദ്യമുയരുന്നുണ്ട്. ഹണികോമ്പ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യ ടാബ്‌ലറ്റായ മോട്ടറോള ക്‌സൂം (Motorola Xoom) വിപണിയിലെത്തിക്കഴിഞ്ഞു. ഒരു ലക്ഷം മോട്ടറോള ക്‌സൂം ടാബ്‌ലറ്റുകളുടെ വില്‍പ്പന നടക്കുകയും ചെയ്തു.
പക്ഷേ, ആപ്പിളിന്റെ ഐപാഡ് 2 ന്റെ വില്‍പ്പന മോട്ടറോള ക്‌സൂമിനായിട്ടില്ല. ഐപാഡിനെതിരെ വ്യത്യസ്ത തന്ത്രം മെനയുന്നതിന്റെ ഭാഗമാണോ ഗൂഗിളിന്റെ പുതിയ നീക്കമെന്ന് സംശയിക്കുന്നവരുണ്ട്.