വെബ്ബ് ബ്രൗസിങ് : ഫയര്‍ഫോക്‌സിനെ കടത്തിവെട്ടാന്‍ ക്രോം

Posted on: 01 Dec 2011


-സ്വന്തം ലേഖകന്‍




ബ്രൗസറുകളുടെ ലോകം കടുത്ത മത്സരത്തിന്റേതാണ്. മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, മോസില്ലയുടെ ഓപ്പണ്‍ സോഴ്‌സ് ബ്രൗസറായ ഫയര്‍ഫോക്‌സ്, ഗൂഗിളിന്റെ ക്രോം...ഇവരാണ് മത്സരത്തിന് മുന്നിലുള്ളവര്‍. ആപ്പിളിന്റെ സഫാരി, ഒപ്പേര സോഫ്ട്‌വേര്‍ കമ്പനിയുടെ ഒപ്പേര തുടങ്ങിയവയും രംഗത്തുണ്ട്.

ഏതാനും വര്‍ഷം മുമ്പുവരെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആയിരുന്നു ബ്രൗസിങ് രംഗം അടക്കി വാണിരുന്നത്. നെറ്റ്‌സ്‌കേപ്പ് നാവിഗേറ്ററെ പിന്തള്ളിയാണ് എക്‌സ്‌പ്ലോറര്‍ രംഗം കൈപ്പിടിയിലാക്കിയത്. പിന്നീട് ഓപ്പണ്‍സോഴ്‌സ് സംരംഭമായ ഫയര്‍ഫോക്‌സ്, എക്‌സ്‌പ്ലോറര്‍ക്ക് വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തി. നിലവില്‍ രണ്ടാംസ്ഥാനത്തുള്ള ഫയര്‍ഫോക്‌സിന് ഗൂഗിളിന്റെ ക്രോം വെല്ലുവിളി ഉയര്‍ത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത.

നെറ്റ് ആപ്ലിക്കേഷന്‍സ് നടത്തിയ നടത്തിയ കണക്കെടുപ്പ്
പ്രകാരം, വെബ്ബില്‍ അമ്പതിലൊരാള്‍ എന്ന കണക്കിന് ഫയര്‍ഫോക്‌സില്‍ നിന്ന് ക്രോമിലേക്ക് മാറിയാല്‍, ബ്രൗസര്‍ വിപണിയില്‍ ക്രോം രണ്ടാംസ്ഥാനത്തെത്തും. കാരണം നിലവില്‍ ഫയര്‍ഫോക്‌സിനെക്കാള്‍ നാലുശതമാനം മാത്രം പിന്നിലാണ് ക്രോം.

2011 നവംബറിലെ ബ്രൗസര്‍ ഉപയോഗത്തിന്റെ കണക്കാണ് നെറ്റ് ആപ്ലിക്കേഷന്‍സ് പരിശോധിച്ചത്. നവംബറില്‍ ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നവരുടെ സംഖ്യയില്‍ 0.4 ശതമാനം കുറവുണ്ടായി. ആഗോളതലത്തില്‍ 22.1 ശതമാനമാണ് അതുപ്രകാരം ഫയര്‍ഫോക്‌സിന്റെ ബ്രൗസര്‍ വിഹിതം. അതേ മാസം ക്രോം ഉപയോഗിക്കുന്നവരുടെ സംഖ്യ 0.7 ശതമാനം വര്‍ധിച്ച് 18.2 ശതമാനമായി.

ഒരുസമയത്ത് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ പ്രബല എതിരാളി ഫയര്‍ഫോക്‌സ് മാത്രമായിരുന്നുവെങ്കില്‍, ആ സ്ഥാനത്തേക്ക് ഗുഗിളിന്റെ ക്രോം വേഗത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു എന്നാണ് പുതിയ കണക്കുകള്‍ നല്‍കുന്ന സൂചന. താമസിയാതെ മൈക്രോസോഫ്ടും ഗൂഗിളും തമ്മിലാകും ബ്രൗസര്‍ രംഗത്ത് പ്രധാന മത്സരം. മൊബൈല്‍ രംഗത്ത് കഥ പക്ഷേ മറ്റൊന്നാണ്. അവിടെ ആധിപത്യം പുലര്‍ത്തുന്ന ബ്രൗസര്‍ ആപ്പിളിന്റെ സഫാരിയാണ്.

സമീപകാലത്ത് ഈ രംഗത്ത് മൈക്രോസോഫ്ടിന് വന്‍ തിരിച്ചടി ഏറ്റിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 9 (IE9) ന്റെ വരവോടെ മൈക്രോസോഫ്ട് അതിന്റെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. നവംബറില്‍ എക്‌സ്‌പ്ലോററിന് കാര്യമായ തിരിച്ചടിയുണ്ടായില്ല. 56.2 ശതമാനമാണ് എക്‌സ്‌പ്ലോററിന്റെ വിഹിതം.

ബ്രൗസര്‍ ഉപയോഗത്തില്‍ 92.2 ശതമാനവും പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ വഴിയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളിലും ടാബ്‌ലറ്റുകളിലും മൊബൈല്‍ ഉപകരണങ്ങളിലും ബ്രൗസര്‍ ഉപയോഗത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. നവംബറില്‍ അത് 6.7 ശതമാനമായെന്ന് നെറ്റ് ആപ്ലിക്കേഷന്‍സിന്റെ കണക്ക് പറയുന്നു. ഇത് സര്‍വകാല റിക്കോര്‍ഡാണ്.

മൊബൈല്‍ ബ്രൗസറുകളില്‍ ഏറ്റവും മുമ്പിലുള്ളത് ആപ്പിളിന്റെ സഫാരിയാണ്. എന്നാല്‍, നവംബറില്‍ സഫാരിയുടെ വിഹിതം ഏഴ് ശതമാനം കുറഞ്ഞ് 55 ശതമാനത്തിലെത്തി. ഒക്ടോബറില്‍ ഒപ്പേര മിനിയെ പിന്തള്ളി ആന്‍ഡ്രോയിഡ് ബ്രൗസര്‍ മുന്നിലെത്തിയെങ്കിലും, നവംബറില്‍ ഒപ്പേര മിനി വീണ്ടും അതിന്റെ സ്ഥാനമുറപ്പിച്ചു. ഒപ്പേര മിനിയുടെ ഉപയോഗം നവംബറില്‍ ഏഴ് ശതമാനം വര്‍ധിച്ച് 20.1 ശതമാനത്തിലെത്തി. ആന്‍ഡ്രോയിഡ് ബ്രൗസറിന്റേത് 2.2 ശതമാനം കുറഞ്ഞ് 16.4 ശതമാനത്തിലും.
TAGS:
chrome browser  |  firefox  |  internet explorer  |  google  |  mozilla  |  microsoft  |  web browsers 


Stories in this Section