ചൈന ചന്ദ്രനില്‍ പച്ചക്കറി വിളയിച്ചേക്കും!

Posted on: 03 Dec 2012




ചൈനീസ് ബഹിരാകാശസഞ്ചാരികള്‍ ഭാവിയില്‍ ചന്ദ്രനില്‍ പച്ചക്കറി കൃഷി നടത്തിയേക്കും. അന്യഗ്രഹങ്ങളില്‍ കോളനിയുണ്ടാക്കുകയെന്ന മനുഷ്യന്റെ സ്വപ്‌നത്തിന് യാഥാര്‍ഥ്യത്തിന്റെ ചായംപൂശാന്‍ സഹായിക്കുന്നതാണ് ഈ നീക്കം.

ഓക്‌സിജനും കാര്‍ബണ്‍ഡയോക്‌സയിഡും വെള്ളവും മനുഷ്യനും സസ്യങ്ങളും ഉള്‍ക്കൊള്ളുന്ന അടഞ്ഞ വ്യൂഹത്തിന്റെ സന്തുലനാവസ്ഥ മനസിലാക്കാനുള്ള ശ്രമത്തിലാണ് ചൈന. അതിനായുള്ള ആദ്യപരീക്ഷണം ബയ്ജിങിലെ 'ചൈനീസ് അസ്‌ട്രോനട്ട് റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററി'ല്‍ നടന്നു.

അതിന് ശേഷമാണ്, ഒരുനാള്‍ ചൈനീസ് ബഹിരകാശസഞ്ചാരിക്കള്‍ക്ക് പച്ചക്കറിയും ഓക്‌സിജനും ചന്ദ്രനിലെ കൃഷിയില്‍നിന്ന് ലഭിച്ചേക്കുമെന്ന്, സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡെങ് യിബിങ് അറിയിച്ചത്.

ഏതാണ്ട് 300 ഘനമീറ്റര്‍ വിസ്താരമുള്ള ഒരു അടഞ്ഞ ക്യാബിനിലായിരുന്നു പരീക്ഷണം. അവിടെ സുസ്ഥിരമായി കഴിയാന്‍ പാകത്തില്‍ വായുവും വെള്ളവും ഭക്ഷണവും സ്വീകരിച്ച് രണ്ടുപേര്‍ താമസിച്ചു. പരീക്ഷണഘട്ടത്തില്‍ ക്യാബിനുള്ളില്‍ നാലിനം പച്ചക്കറികള്‍ വളര്‍ത്തി.

ആ സസ്യങ്ങള്‍ കാര്‍ബണ്‍ഡയോക്‌സയിഡ് ആഗിരണം ചെയ്ത് ഓക്‌സിജന്‍ നല്‍കി. രണ്ടുപേര്‍ക്ക് കഴിയാനുള്ള ഓക്‌സിജന്‍ അങ്ങനെ ലഭിച്ചതായി ഡെങ് പറയുന്നു. ഭക്ഷണത്തിനായി പച്ചക്കറി വിളവെടുപ്പ് നടത്താനും അവര്‍ക്കായി.

ഇത്തരമൊരു പരീക്ഷണം ചൈന ആദ്യമായാണ് നടത്തുന്നത്. ചൈനയുടെ ഭാവി ബഹിരാകാശപരിപാടിയില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഡെങ് അറിയിച്ചു.

'കണ്‍ട്രോള്‍ഡ് ഇക്കോളജിക്കല്‍ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റം' (CELSS)
എന്ന് പേരിട്ടിട്ടുള്ള ക്യാബിന്‍ സംവിധാനം 2011 ലാണ് രൂപകല്‍പ്പന ചെയ്തത്. ചന്ദ്രനിലോ ചൊവ്വാഗ്രഹത്തിലോ പരീക്ഷിക്കാന്‍ പാകത്തിലാണ് അത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഭൂമയില്‍നിന്ന് കൊണ്ടുപോകുന്നതിന് പകരം, സസ്യങ്ങളുടെയും ആല്‍ഗകളുടെയും സഹായത്തോടെ ബഹിരകാശസഞ്ചാരികള്‍ക്ക് വായുവും വെള്ളവും ഭക്ഷണവും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് ഈ പരീക്ഷണത്തിന് പിന്നിലുള്ളത്. ജര്‍മന്‍ ശാസ്ത്രജ്ഞരും ചൈനീസ് പരീക്ഷണത്തില്‍ പങ്കുചേര്‍ന്നു.


Stories in this Section