കഴിഞ്ഞ വര്‍ഷം 13 ലക്ഷം വെബ്‌സൈറ്റുകള്‍ ചൈന നിരോധിച്ചു

Posted on: 13 Jul 2011


-സ്വന്തം ലേഖകന്‍




2010 ല്‍ ഏതാണ്ട് 13 ലക്ഷം വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം ചൈനീസ് അധികൃതര്‍ തടഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്ത് മുന്‍വര്‍ഷത്തെക്കാള്‍ 41 ശതമാനം വെബ്ബ്‌സൈറ്റുകള്‍ കുറവാണ് 2010 ലെന്ന്, ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ് (CASS) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

സമീപകാലത്ത് ഇന്റര്‍നെറ്റിന് മേല്‍ ചൈനീസ് അധികൃതര്‍ കൂടുതല്‍ പിടിമുറുക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ് ഈ റിപ്പോര്‍ട്ട്. അശ്ലീല സൈറ്റുകള്‍ രാജ്യത്ത് നിരോധിക്കുന്ന നടപടി ചൈന ശക്തിപ്പെടുത്തിയത് 2009 ലാണ്.

അശ്ലീല സൈറ്റുകളില്‍ മാത്രം ഒതുങ്ങുന്നില്ല ചൈനയുടെ വെബ്ബ്‌സൈറ്റ് നിരോധം. യൂട്യൂബ് പോലുള്ള വെബ്ബ്‌സൈറ്റുകള്‍ പലപ്പോഴും ചൈനീസ് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകാത്തത് അതിന് തെളിവാണ്.

സൈറ്റുകളുടെ എണ്ണം കുറഞ്ഞെങ്കിലും വെബ്ബ്‌പേജുകളുടെ കാര്യത്തില്‍ സാരമായ വര്‍ധനയുണ്ടായതായി ചൈനീസ് അക്കാദമിയിലെ ലിയു റുയിഷെങ് പറയുന്നു. 2010 ല്‍ ലഭ്യമായിരുന്ന വെബ്ബ്‌പേജുകളുടെ എണ്ണം 60 ബില്യണ്‍ ആയി -മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 79 ശതമാനം വര്‍ധന!

നിയന്ത്രണം ശക്തിപ്പെടുമ്പോഴും ഇന്റര്‍നെറ്റ് ഉള്ളടക്കം കൂടുതല്‍ കരുത്താര്‍ജിക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെന്ന് റുയിഷെങ് അഭിപ്രായപ്പെട്ടു.

ചൈനീസ് അധികൃതര്‍ പല പ്രമുഖ സൈറ്റുകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നത്, വിവരാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനത്തിന് വിധേയമാകാറുണ്ട്. യൂട്യൂബ് മാത്രമല്ല, ബി.ബി.സി.യുടെ ചൈനീസ് സൈറ്റ്, സോഷ്യല്‍ മീഡിയ സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവയൊക്കെ ഇടയ്ക്കിടെ ചൈനീസ് യൂസര്‍മാരുടെ മുന്നില്‍ നിന്ന് അപ്രത്യക്ഷമാകാറുണ്ട്.
TAGS:
china  |  internet  |  web censoring 


Stories in this Section