ഗൂഗിള്‍ മാപ്‌സുമായി ഫിയോര്‍ നടന്നത് 8000 കിലോമീറ്റര്‍!

Posted on: 21 Nov 2012


-സ്വന്തം ലേഖകന്‍



വിന്‍സ്റ്റണ്‍ ഫിയോര്‍ യാത്രയ്ക്കിടെ


ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിലെ ഗൂഗിള്‍ മാപ്‌സ് ആപ്ലിക്കേഷന്‍. അതിന്റെ സഹായത്തോടെ യു.എസ്.ദൗത്യസേനാംഗം സെര്‍ജന്റ് വിന്‍സ്റ്റണ്‍ ഫിയോര്‍ നടന്നു തീര്‍ത്ത ദൂരം 8000 കിലോമീറ്റര്‍! അതിനിടെ എട്ട് രാജ്യങ്ങള്‍ ഫിയോര്‍ പിന്നിട്ടു.

തമാശയ്ക്കുള്ള നടത്തമായിരുന്നില്ല അത്. 'ഇന്റര്‍നാഷണല്‍ ചിള്‍ഡ്രണ്‍സ് സര്‍ജിക്കല്‍ ഫൗണ്ടേഷന്‍' (ICSF) എന്ന ജീവകാരുണ്യസംഘടനയുടെ ധനശേഖരണവും, ബോധവത്ക്കരണവും ആയിരുന്നു ഫിയോറിന്റെ യാത്രാലക്ഷ്യം. ദരിദ്രരാഷ്ട്രങ്ങളില്‍ മുച്ചുണ്ട് പ്രശ്‌നമുള്ള കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നടത്തുന്ന സംഘടനയാണ് ഐ.സി.എസ്.എഫ്.

മുച്ചുണ്ട് പ്രശ്‌നമുള്ള കുട്ടികളുടെ പ്രശ്‌നം ശസ്ത്രക്രിയ വഴി പരിഹരിക്കാന്‍ ബുദ്ധിമുട്ടില്ല. ഒരു ശസ്ത്രക്രിയയ്ക്ക് കുറഞ്ഞത് 250 ഡോളര്‍ (13500 രൂപ) ചെലവ് വരും. അത്രയും കാശ് മുടക്കാനില്ലാത്തതിനാല്‍ പല രാജ്യങ്ങളിലും കുട്ടികള്‍ മുച്ചുണ്ടുമായി ദുരിതജീവിതം നയിക്കേണ്ടി വരുന്നു. ഇക്കാര്യം മനസിലാക്കിയപ്പോഴാണ്, തനിക്കും എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ ഫിയോറിനെ പിടികൂടിയതെന്ന് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് പറയുന്നു.


'സ്‌മൈല്‍ ട്രെക്ക്' (Smile Treck) എന്ന പേരില്‍ 2011 ഒക്ടോബറില്‍ ഫിയോര്‍ ആരംഭിച്ച നടത്തത്തില്‍ പ്രധാന ആയുധം ആന്‍ഡ്രോയിഡ് ഫോണിലെ ഗൂഗിള്‍ മാപ്‌സ് ആയിരുന്നു! വഴി തെറ്റാതെ യാത്ര തുടരാന്‍ ഫിയോറിന് അത് തുണയായി. വിദൂരഗ്രാമങ്ങളിലും വിജനവീഥികളിലും ദിശ തെറ്റാതെ നീങ്ങാന്‍ അത് സഹായിച്ചു.

ബ്രൂണെ, ചൈന, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്‍സ്, സിങ്കപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഫിയോര്‍ കാല്‍നടയായി പിന്നിട്ടു. ആ ദീര്‍ഘനടത്തത്തിനിടെ ആയിരക്കണക്കിനാളുകളെ നേരിട്ട് കാണാനും തന്റെ യാത്രാലക്ഷ്യം ധരിപ്പിക്കാനും സാധിച്ചു. ചിലര്‍ ഫിയോറിന്റെ വെബ്‌സൈറ്റില്‍ ഐ.സി.എസ്.എഫിന് വേണ്ടി സംഭാവന ചെയ്തു. മറ്റു ചിലര്‍ അയാള്‍ക്ക് ചൂടുള്ള ഭക്ഷണം നല്‍കി, വേറെ ചിലരാകട്ടെ രാത്രിയില്‍ തലചായ്ക്കാന്‍ ഇടംനല്‍കി.

ഓരോ ദിവസവും 32-40 കിലോമീറ്റര്‍ വീതം നടന്നു. ഗൂഗിള്‍ മാപ്‌സിനൊപ്പം, ഗൂഗിള്‍ ലാറ്റിട്ട്യൂഡ് (Google Latitude), മൈട്രാക്‌സ് (MyTracks), ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് (Google Translate) എന്നീ ഗൂഗിള്‍ ഉത്പന്നങ്ങളും തനിക്ക് സഹായകമായി- ഫിയോര്‍ പറയുന്നു.

താന്‍ എവിടെയാണുള്ളതെന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും പരിചയക്കാരെയും അപ്പപ്പോള്‍ അറിയിക്കാനാണ് ഗൂഗിള്‍ ലാറ്റിട്ട്യൂഡ് ഫിയോര്‍ ഉപയോഗിച്ചത്. നടത്തത്തിന്റെ വേഗവും, സഞ്ചരിച്ച ദൂരവും, എത്തുന്ന സ്ഥലങ്ങളും റിക്കോര്‍ഡ് ചെയ്യാന്‍ മൈട്രാക്‌സ് സഹായിച്ചു.

ഫിയോറിന്റെ യാത്ര ഇങ്ങനെ


വിദൂരഗ്രാമങ്ങളില്‍ വെച്ച് ഗ്രാമീണരുമായി അത്യാവശ്യം ആശയവിനിമയം നടത്താന്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് തുണയായെന്ന് ഫിയോര്‍ പറയുന്നു. ഒരിടത്ത് ഇത് വളരെ അത്യാവശ്യമായി. ബാങ്കോക്കിന് പുറത്തുവെച്ചായിരുന്നു അത്. അലഞ്ഞു തിരിയുന്ന ഒരു നായ ആക്രമിച്ചു. കടിയേറ്റ അയാള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ആപ്ലിക്കേഷനില്‍ 'എന്നെ നായ കടിച്ചു, ആര്‍ക്കെങ്കിലും എന്നെയൊരു ആസ്പത്രിയിലെത്തിക്കാമോ?' എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു. അതിന്റെ വിവര്‍ത്തനം നോക്കിയിട്ട് ഒരു ടാക്‌സി ഡ്രൈവര്‍ ഫിയോറെ ആസ്പത്രിയിലെത്തിച്ചു. അവിടുന്ന് 11 കുത്തിവെപ്പും കിട്ടി!

8000 കിലോമീറ്റര്‍ നടന്നെത്താന്‍ 408 ദിവസമെടുത്തു. അപ്പോഴേക്കും ഐ.സി.എസ്.എഫിന് വേണ്ടി 65,000 ഡോളര്‍ (35 ലക്ഷം രൂപ) ശേഖരിക്കാന്‍ ഫിയോറിന് കഴിഞ്ഞു. ഏതാണ്ട് 250 കുട്ടികളുടെ മുച്ചുണ്ട് ശസ്ത്രക്രിയയ്ക്ക് ഈ തുക തികയും. ഫിയോറിന്റെ നടത്തം 250 കുട്ടികള്‍ക്ക് പുഞ്ചിരിക്കാന്‍ അവസരമുണ്ടാക്കുമെന്ന് സാരം!




Stories in this Section