മടക്കാനും വളയ്ക്കാനും കഴിയുന്ന സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനുമായി സാംസങ്‌

Posted on: 10 Jan 2013


-സ്വന്തം ലേഖകന്‍




മടക്കാം, വളയ്ക്കാം - പുതിയ കാലത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇങ്ങനെയായിരിക്കുമെന്ന് സൂചന നല്‍കിക്കൊണ്ട്, 'യും ഡിസ്‌പ്ലേ'യുള്ള സ്മാര്‍ട്ട്‌ഫോണിന്റെ പ്രാഥമികരൂപം സാംസങ് അവതരിപ്പിച്ചു. മടക്കാനും ചുരുട്ടാനും വളയ്ക്കാനും കഴിയുന്ന ഡിസ്‌പ്ലേയാണിത്.

സാംസങിന്റെ അടുത്ത തലമുറ ഗാലക്‌സി ഫോണുകള്‍ മടക്കാനും ചുരുട്ടാനും കഴിയുന്ന സ്‌ക്രീനുള്ളവ ആയിരിക്കുമെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അത്തരം ഡിസ്‌പ്ലേ വികസിപ്പിക്കുന്നതില്‍ സാംസങ് മുന്നേറിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നതാണ് യും ഡിസ്‌പ്ലേ.

ലാസ് വേഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് പ്രദര്‍ശന (CES 2013) ത്തിലാണ്, 'യും ഫ് ളെക്‌സിബിള്‍ ഡിസ്‌പ്ലേ' (Youm flexible disply) എന്ന് പേരിട്ട നൂതന സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ അവതരിപ്പിക്കപ്പെട്ടത്.

വളയ്ക്കാനും മടക്കാനും കഴിയുമെന്ന് മാത്രമല്ല, 'അത് തറയിലിട്ടാലും തകരില്ലെ'ന്ന്, സാംസങ് ഡിസ്‌പ്ലേ യൂണിറ്റ് വൈസ് പ്രസിഡന്റ് ബ്രിയാന്‍ ബര്‍ക്ക്‌ലി പറഞ്ഞു. സ്വന്തം ഉപകരണങ്ങളുമായി ആളുകള്‍ ഇടപഴകുന്നതിന്റെ രീതി തന്നെ മാറാന്‍ ഈ ഡിസ്‌പ്ലേ വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷേ, ഇത്തരം സ്‌ക്രീനുകളോടു കൂടിയ ഫോണുകള്‍ പെട്ടന്ന് രംഗത്തെത്തുമെന്ന് പ്രതീക്ഷിക്കരുത്. നിലവില്‍ അവതരിപ്പിച്ച പ്രാഥമിക രൂപത്തിന് ഫോണിന്റെ ഡിജിറ്റല്‍ പിക്ച്ചര്‍ ചട്ടക്കൂട് മാത്രമേയുള്ളൂ, അല്ലാതെ ഫോണിന്റെ ഘടകങ്ങളൊന്നും അതിലില്ലെന്ന് 'ദി വെര്‍ജ്' റിപ്പോര്‍ട്ട് ചെയ്തു.

സാംസങ് അവതരിപ്പിച്ച യും സ്‌ക്രീനിലുള്ളത് 'ഒ.എല്‍.ഇ.ഡി.' ഡിസ്‌പ്ലേയാണ്. വിന്‍ഡോസ് ഫോണ്‍ 8 ന്റെ ഹോം സ്‌ക്രീനാണ് അതില്‍ ഡിസ്‌പ്ലേ ചെയ്ത് കാട്ടിയത്. 720പി റിസല്യൂഷനും അഞ്ചിഞ്ച് വലിപ്പവുമുള്ള സ്‌ക്രീനായിരുന്നു അത്.

വളയ്ക്കുകയും ചുരുട്ടുകയും മടക്കുകയും ചെയ്യാവുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ സാംസങ് പുറത്തിറക്കാനുള്ള വഴിയൊരുങ്ങുകയാണ് പുതിയ ഡിസ്‌പ്ലേയോടുകൂടി.


Stories in this Section