സാധാരണ സ്‌ക്രീനുകളെ വിന്‍ഡോസ് 8 ടച്ച് സ്‌ക്രീനാക്കാന്‍ മാന്ത്രിക പേന

Posted on: 10 Jan 2013


-സ്വന്തം ലേഖകന്‍




മൈക്രോസോഫ്റ്റ് അതിന്റെ പുതിയ ഒ.എസായി വിന്‍ഡോസ് 8 പുറത്തിറക്കിയത് ഒരേസമയം ടച്ച് സ്‌ക്രീനുകള്‍ക്കും സാധാരണ സ്‌ക്രീനുകള്‍ക്കും ഉപയോഗിക്കാന്‍ പാകത്തിലാണ്. എന്നാല്‍, സാധാരണ സ്‌ക്രീനുകളുള്ള കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് 8 ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ടച്ച് സ്‌ക്രീനിന് ലഭിക്കുന്ന പല സവിശേഷതകളും അനുഭവിക്കാന്‍ കഴിയാതെ വരുന്നു.

ഈ പ്രശ്‌നത്തിന് ഒരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് 'ഇ ഫണ്‍' (E Fun) എന്ന കാലിഫോര്‍ണിയ കമ്പനി. ഒരു ഡിജിറ്റല്‍ പേനയാണ് കമ്പനി രംഗത്തെത്തിച്ചിരിക്കുന്നത്. സാധാരണ സ്‌ക്രീനുകളെ വിന്‍ഡോസ് 8 ടച്ച് സ്‌ക്രീനാക്കാന്‍, 'എപെന്‍ ടച്ച് 8' (Apen Touch8) എന്ന ഡിജിറ്റല്‍ കോഡ്‌ലെസ്സ് പേനയ്ക്ക് സാധിക്കും.

ടച്ച് സ്‌ക്രീനുള്ള ഒരു കമ്പ്യൂട്ടര്‍ വാങ്ങുന്നതിലും കുറഞ്ഞ ചെലവില്‍, നിലവിലുള്ള കമ്പ്യൂട്ടറിനെ വിന്‍ഡോസ് 8 ന്റെ മുഴുവന്‍ സാധ്യതയും ഉപയോഗിക്കാന്‍ പാകത്തില്‍ ടച്ച് സ്‌ക്രീനുള്ളതാക്കി മാറ്റും എന്നതാണ് ഈ മാന്ത്രിക പേനയുടെ സവിശേഷത. ലാസ് വേഗാസില്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (CES 2013) ലാണ് ഈ ഉപകരണം അവതരിപ്പിച്ചത്.


വിന്‍ഡോസ് 8 കമ്പ്യൂട്ടറിലെ യു.എസ്.ബി. പോര്‍ട്ടില്‍ ഘടിപ്പിക്കാവുന്ന അറ്റാച്ച്‌മെന്റുമായി ചേര്‍ന്നാണ് ഈ കോഡില്ലാ പേന പ്രവര്‍ത്തിക്കുക. ഒരു സംയുക്ത ഇന്‍ഫ്രാറെഡ്, ആള്‍ട്രോസോണിക് സ്വീകരണിയാണ് അറ്റാച്ച്‌മെന്റ്. കാന്തികതയുടെ സഹായത്തോടെ ഈ അറ്റാച്ച്‌മെന്റ് സ്‌ക്രീനിന്റെ വശത്ത് ക്ലിപ്പ് ചെയ്യാം.

പേനയുടെ അഗ്രത്തുനിന്ന് പുറപ്പെടുന്ന ഇന്‍ഫ്രാറേഡ് കിരണം അറ്റാച്ച്‌മെന്റിനെ പ്രവര്‍ത്തനക്ഷമമാക്കും. സ്വീകരണി ആ സിഗ്നലിനെ കമ്പ്യൂട്ടറിലേക്ക് അയയ്ക്കും. പേന സ്‌ക്രീനിലെവിടെയാണെന്ന് തിരിച്ചറിയാന്‍ കമ്പ്യൂട്ടറിന് അതുവഴി സാധിക്കും.

വാച്ചിലെ ബാറ്ററിയാണ് പേനയില്‍ ഉപയോഗിച്ചിരിക്കുന്നത്. 500 മണിക്കൂര്‍ ആയുസ്സുണ്ട് ബാറ്ററിക്ക്. അതുകഴിഞ്ഞാല്‍ വേറൊരെണ്ണം വാങ്ങിയിട്ടാല്‍ മതി.

മാര്‍ച്ച് അവസാനത്തോടെ അമേരിക്കന്‍ വിപണിയില്‍ ഈ പേന വില്‍പ്പനയ്‌ക്കെത്തും. 80 ഡോളര്‍ (ഏതാണ്ട് 4400 രൂപ) ആണ് വില.
TAGS:


Stories in this Section