ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വെബ്ബ് പേജ് കഴിഞ്ഞ ദിവസം വീണ്ടും സൈബര്‍സ്‌പേസില്‍ ലഭ്യമായി. വേള്‍ഡ് വൈഡ് വെബ്ബിന് തുടക്കം കുറിച്ച ആദ്യ വെബ്ബ് പേജാണ്, പുതിയ ബ്രൗസറുകള്‍ക്ക് യോജിച്ച വിധത്തില്‍ പുനസൃഷ്ടിക്കപ്പെട്ടത്.
വെബ്ബിന്റെ പിറവിയുമായി നേരിട്ടു ബന്ധപ്പെട്ട ഹാര്‍ഡ്‌വേറും സോഫ്റ്റ്‌വേറും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ജനീവയില്‍ യൂറോപ്യന്‍ കണികാപരീക്ഷണശാലയിലെ ഗവേഷകരാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കിയത്.
ടിം ബേര്‍ണസ് ലീ - പഴയ ചിത്രം
യൂറോപ്യന്‍ കണികാപരീക്ഷണശാല ( സേണ്‍ - CERN )യില്‍ പ്രവര്‍ത്തിച്ചിരുന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ധന്‍ ടിം ബേര്‍ണസ് ലീ ആണ് 'വേള്‍ഡ് വൈഡ് വെബ്ബി'ന് (www) രൂപംനല്‍കിയത്. 1980 കളുടെ അവസാനവും 90 കളുടെ ആദ്യവുമായി അദ്ദേഹം സൃഷ്ടിച്ച വെബ്ബ്, ആരുടെയും സ്വന്തമായിരിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന സുപ്രധാന രേഖ അംഗീകരിക്കപ്പെട്ടത് 1993 ലാണ്.
വെബ്ബിന്റെ ആവിര്‍ഭാവം വലിയൊരു വിവരവിപ്ലവത്തിനാണ് തിരികൊളുത്തിയത്. അത്രകാലവും പ്രധാനമായും അക്കാദമിക് വിദഗ്ധരുടെയും ഗവേഷകരുടെയും പക്കല്‍ മാത്രം ലഭ്യമായിരുന്ന ഇന്റര്‍നെറ്റ്, വെബ്ബിന്റെ വരവോടെ സാധാരണക്കാരുടെ കൈകളിലെത്തി.
മനുഷ്യപ്രവര്‍ത്തനത്തില്‍ വെബ്ബിന്റെ അനുഗ്രഹമേറ്റു വാങ്ങാത്ത ഒറ്റ മേഖല പോലും ഇന്നില്ല എന്നതാണ് സ്ഥിതി. ശരിക്കും സര്‍വവ്യാപിയാണ് ഇപ്പോള്‍ വെബ്ബ്. ആദ്യ വെബ്ബ് പേജ് പുനസൃഷ്ടിച്ച നടപടി, ഭാവി തലമുറകള്‍ക്ക് പഠിക്കാനും പരിശോധിക്കാനും, വെബ്ബ് എങ്ങനെ ആധുനിക ജീവിതത്തെ മാറ്റിത്തീര്‍ക്കുന്നു എന്ന് ചിന്തിക്കാനും അവസരമൊരുക്കുമെന്ന്, സേണിലെ കമ്മ്യൂണിക്കേഷന്‍സ് ഗ്രൂപ്പിന്റെ വെബ്ബ് മാനേജര്‍ ഡാന്‍ നോയിസ് പറഞ്ഞു.
ആദ്യ ബ്രൗസര്‍
വെബ്ബ് രൂപപ്പെടുത്താനും അത് സൗജന്യമായി ലോകത്തിന് നല്‍കാനും തയ്യാറായതിലൂടെ ബേര്‍ണസ് ലീ മുന്നോട്ടുവെച്ച മൗലികമായ ചില മൂല്യങ്ങളുണ്ട്. അതിന് കോട്ടംതട്ടുന്നതിനാണ് പുതിയ കാലം സാക്ഷ്യം വഹിക്കുന്നത്.
ആദ്യ വെബ്ബ്‌സൈറ്റും ബ്രൗസറും പുനസൃഷ്ടിക്കുക വഴി, ആ മഹത്തായ മൂല്യങ്ങളെക്കുറിച്ച് വരുംതലമുറയെ ഓര്‍മിപ്പിക്കാന്‍ കഴിയുമെന്ന് സേണില്‍ ഈ പ്രോഗ്രാമിന് പിന്നിലുള്ള സംഘം കരുതുന്നു.
വികേന്ദ്രീകൃതമായ നിയന്ത്രണം, എല്ലാവര്‍ക്കും സൗജന്യമായി വിവരങ്ങള്‍ ലഭ്യമാക്കല്‍ - ഇതായിരുന്നു യഥാര്‍ഥ വെബ്ബ് സങ്കേതത്തിന്റെ പിന്നിലെ ആശയം. 'സ്വതന്ത്രമായ ആശയവിനിമയ'മെന്ന മഹത്തായ സങ്കല്‍പ്പത്തിന്റെ പര്യായമാകണം വെബ്ബെന്ന് വിലയിരുത്തപ്പെട്ടു.
സേണില്‍ 1992 ലാണ് ബേര്‍ണസ് ലീ ആദ്യ വെബ്ബ് സൈറ്റിന് രൂപം നല്‍കിയത്. സാക്ഷാല്‍ സ്റ്റീവ് ജോബ്‌സിന്റെ കാര്‍മികത്വത്തില്‍ രൂപപ്പെടുത്തിയ 'നെക്സ്റ്റ് കമ്പ്യൂട്ടര്‍' ( NeXT computer ) ആണ്, ആദ്യ വെബ്ബ് സെര്‍വറായി പ്രവര്‍ത്തിച്ചത്. അന്ന് ലഭ്യമായ ഏറ്റവും ആധുനികമായ കമ്പ്യൂട്ടറായിരുന്നു നെക്സ്റ്റ്.
നമുക്ക് ഇന്ന് പരിചിതമായ വെബ്ബ് പേജുകള്‍ പോലെ ഗ്രാഫിക്‌സും ചിത്രങ്ങളും നിറഞ്ഞ ഒന്നായിരുന്നില്ല ആദ്യ വെബ്ബ് പേജ്. വെബ്ബിനെ സംബന്ധിച്ച അടിസ്ഥാന സംഗതികളാണ് അതില്‍ വിവരിച്ചിരുന്നത്.
വെബ്ബ് രൂപപ്പെടുത്തുന്ന ഘട്ടത്തില്‍ ബേര്‍ണസ് ലീക്കൊപ്പം സേണില്‍ പ്രവര്‍ത്തിച്ച നിക്കൊള പെല്ലോ ആണ്, വെബ്ബിലെ ഉള്ളടക്കം കാണാന്‍ പാകത്തില്‍ ലളിതമായ ഒരു ബ്രൗസര്‍ രൂപപ്പെടുത്തിയത്. വിലകൂടിയ കമ്പ്യൂട്ടറുകളില്‍ മാത്രമല്ല, ഏത് സാധാരണ കമ്പ്യൂട്ടറിലും ഉപയോഗിക്കാന്‍ പാകത്തിലുള്ള ഒന്നായിരുന്നു അത്.
ആദ്യ വെബ്ബ് സെര്‍വറായി പ്രവര്‍ത്തിച്ച നെക്സ്റ്റ് കമ്പ്യൂട്ടര്‍
ആ ബ്രൗസറിന്റെ സവിശേഷത, ഉള്ളടക്കം കാണാം എന്ന് മാത്രമല്ല യൂസര്‍ക്ക് എഡിറ്റ് ചെയ്യാനും കഴിയുമെന്നതായിരുന്നു. ആധുനിക ബ്രൗസറുകളില്‍ ഈ സവിശേഷത നമ്മള്‍ കാണില്ല. അതിനര്‍ഥം, ബേര്‍ണസ് ലീയും കൂട്ടരും മുന്നില്‍ കണ്ടിരുന്ന മൗലിക മൂല്യങ്ങള്‍ക്ക്, വെബ്ബ് വളര്‍ന്നപ്പോള്‍ ഇടിവ് തട്ടി എന്നാണ് - ഡാന്‍ നോയിസ് അഭിപ്രായപ്പെടുന്നു.
സേണ്‍ യഥാര്‍ഥത്തില്‍ വെബ്ബിനെ ഭാവിയില്‍ കൈകാര്യം ചെയ്യണമോ, അതോ മൗലികമായ ഭൗതികശാസ്ത്ര ഗവേഷണത്തിന് തുടര്‍ന്നും സേണ്‍ ഊന്നല്‍ നല്‍കണമോ എന്നത് സംബന്ധിച്ച് ഗൗരവമേറിയ ചര്‍ച്ച നടക്കുന്നത് 1993 ലാണ്.
വെബ്ബിന്റെ ഉടമസ്ഥത സേണ്‍ അവകാശപ്പെടരുതെന്ന് ബേര്‍ണസ് ലീയും സഹപ്രവര്‍ത്തകരും ശക്തമായി വാദിച്ചു. ആ വാദം അംഗീകരിച്ചുകൊണ്ട്, വെബ്ബില്‍ സേണ്‍ ഉടമസ്ഥാവകാശം സ്ഥാപിക്കില്ലെന്നും, വെബ്ബ് എന്നും സ്വതന്ത്രവും സൗജന്യവുമായി നിലനില്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന രേഖയില്‍ സേണ്‍ അധികൃതര്‍ ഒപ്പുവെച്ചു.
'വേള്‍ഡ് വൈഡ് വെബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന രേഖ'യെന്നാണ്, സേണില്‍ ബേര്‍ണസ് ലീക്കൊപ്പം വെബ്ബ് രൂപപ്പെടുത്താന്‍ പ്രവര്‍ത്തിച്ച ജെയിംസ് ഗില്ലിസ് അഭിപ്രായപ്പെടുന്നു. ആ രേഖ ഒപ്പുവെച്ചതിന്റെ ഇരുപതാം വാര്‍ഷികമാണിപ്പോള്‍.
ഇന്റര്‍നെറ്റിലെ പുതിയ വിപ്ലവത്തെക്കുറിച്ച് 1993 ലെ വീഡിയോ ചുവടെ