-ബി.എസ്. ബിമിനിത്

മൊബൈല്‍ ഫോണുകളും യൂറോപ്യന്‍ ക്ലോസറ്റിന്റെ സീറ്റും തമ്മിലെന്താണ് ബന്ധം. എന്തൊക്കെയായാലും മൊബൈല്‍ ഫോണുകള്‍ക്ക് ഇത് ബെസ്റ്റ് ടൈമാണ്. റേഡിയേഷന്‍ പരിധി കുറച്ചതിനു പിന്നാലെ സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ വല്ലാത്തൊരു പേടിയാണ് ജനങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. കുളിച്ചയുടനെ സെല്‍ഫോണ്‍ ഉപയോഗിക്കരുത്, പോക്കറ്റിലും കിടക്കയിലും അയിത്തം കല്‍പ്പിക്കണം അങ്ങനെ....
കുറച്ചു കാലം ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ പത്തിരട്ടി മലിനമാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. മനംപിരട്ടലും ഛര്‍ദ്ദിയും വയറുവേദനയുമുണ്ടാക്കുന്ന രോഗാണുക്കള്‍ കൊണ്ട് സമ്പന്നമാണ് മൊബൈല്‍ ഫോണ്‍ എന്ന് കണ്ടെത്തിയത് അരിസോണ യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജി പ്രൊഫസര്‍ ചാള്‍സ് ജിര്‍ബയാണ്.
മൊബൈല്‍ ഫോണുകള്‍ അണുക്കളുടെ സമ്മേളനവേദിയാവുന്നതിനു പിന്നില്‍ കാരണങ്ങള്‍ പലതാണ്. അതിലൊന്ന് വെള്ളം അതിന് അലര്‍ജിയാണ് എന്നതാണ്. ഈര്‍പ്പം തട്ടിയാല്‍ മൊബൈല്‍ പണി തരും എന്നതുകൊണ്ട് നമ്മളാരും നനവുള്ള ഏരിയയില്‍ പോലും അതിനെ അടുപ്പിക്കാറില്ല. അണുനാശിനിയുപയോഗിച്ച് വൃത്തിയാക്കാന്‍ ആരും ശ്രമിക്കാറുമില്ല.
അതു മാത്രമല്ല കാര്യം.
മൊബൈലും നീയും ഇരട്ടപെറ്റതാണോടീ (ടാ) എന്ന് നമ്മളൊക്കെ ചോദിക്കാറുണ്ട് - കേള്‍ക്കാറുമുണ്ട്. കാരണം മിക്കവാറും നമ്മുടെ കൈയിലും മുഖത്തും പറ്റിക്കിടക്കുന്ന ഉപകരണമാണ് മൊബൈല്‍. വിയര്‍പ്പ്, തുപ്പല്‍ അവശിഷ്ടങ്ങള്‍ മൊബൈലിലെത്തുന്നതോടെ ചുറ്റുമുള്ള രോഗാണുക്കള്‍ക്ക് താമസമുറപ്പിക്കാന്‍ പറ്റിയ സ്ഥലമാകും.
പിന്നെ 'അണു' കുടുംബങ്ങള്‍ പെറ്റു പെരുകി ക്രമേണ രോഗഹേതുക്കളുടെ വന്‍കരയാകും മൊബൈല്‍. അങ്ങനെയൊക്കെയാണ് മൊബൈല്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ സീറ്റിനേക്കാള്‍ വൃത്തികെട്ട സാധനമാകുന്നത്.
ഇക്കാര്യത്തില്‍ മൊബൈലിനോട് മത്സരിക്കുന്ന ഉപകരണങ്ങള്‍ വേറെയുമുണ്ട്. ലാപ്‌ടോപ്പിന്റെ/കമ്പ്യൂട്ടറിന്റെ കീബോര്‍ഡാണ് അതില്‍ മുമ്പന്‍. പണമെണ്ണുന്ന മെഷീന്‍ ഇത്തരക്കാരനാണെന്ന് ബ്രിട്ടീഷുകാര്‍ പണ്ടേ കണ്ടുപിടിച്ചിട്ടുണ്ട്.
പിന്‍കുറിപ്പ് : ഉഗാണ്ടയില്‍ മൊബൈല്‍ ഫോണ്‍ അടിച്ചു മാറ്റിയ ഒരാള്‍ക്ക് പകര്‍ന്നത് മാരകമായ ഇബോള (Ebola) വൈറാസ്! ഇബോള ബാധിതരെ താമസിപ്പിക്കുന്ന ഹോസ്പിറ്റല്‍ വാര്‍ഡില്‍ നിന്ന്
ഫോണ്‍ കൈക്കലാക്കിയ ആള്‍ക്കാണ് ഇബോള ബാധിച്ചത്.....പക്ഷേ, ഇബോളയൊന്നും പകര്‍ന്നില്ലെങ്കിലും മറ്റ് പല രോഗാണുക്കളും പകരാന്‍ സെല്‍ഫോണുകള്‍ കാരണമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.