
ഭാരത് സഞ്ചാര്‍ നിഗാം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍) ഇതുവരെ നല്‍കിയ ബ്രോഡ്ബാന്‍ഡ് സേവനങ്ങളെല്ലാം കടത്തിവെട്ടും പുതിയതായി പ്രഖ്യാപിച്ച ഇന്റര്‍നെറ്റ്. 100 Mbps വേഗമുള്ള ഇന്റര്‍നെറ്റാണ് കമ്പനി പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. പൂണെയിലാണ് പദ്ധതിക്ക് തുടക്കം.
'ഫൈബര്‍ ടു ഹോം' (fibre to the home - FTTH) സര്‍വീസിന്റെ ഭാഗമായാണ് പൂണെയില്‍ പുതിയ സേവനം ആരംഭിക്കുന്നതെന്ന് ബി.എസ്.എന്‍.എല്‍.പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മാസക്കാലം നൂറ് ഉപയോക്താക്കള്‍ക്ക് പുതിയ പദ്ധതി പരീക്ഷണാര്‍ഥം ലഭ്യമാകും. ഇതിന് മുമ്പും ഇത്തരം പല പദ്ധതികളുടെയും പരീക്ഷണത്തിന് പൂണെ വേദിയായിട്ടുണ്ട്.
ഏതാനും 100 Mbps ലൈനുകള്‍ (
Mbps - millions of bits per second or megabits per second) കഴിഞ്ഞ മാസങ്ങളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതായി ബി.എസ്.എന്‍.എല്‍.പൂണെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ വി.കെ.മഹീന്ദ്ര അറിയിച്ചു.
ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ വഴിയാണ് എഫ്.ടി.ടി.എച്ച്.സര്‍വീസ് ലഭ്യമാക്കുക.
'ഗിഗാബൈറ്റ്-കാപ്പബിള്‍ പാസീവ് ഓപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക്' (GPON) ആണ് പുതിയ സര്‍വീസിന് ഉപയോഗിക്കുക. അതിവേഗ ഡൗണ്‍ലോഡിങും അപ്‌ലോഡിങും ഇതുവഴി സാധ്യമാകും.
രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സര്‍വീസില്‍ 80 ശതമാനം പങ്കും തങ്ങള്‍ക്കാണെന്ന് ബി.എസ്.എന്‍.എല്‍.അവകാശപ്പെടുന്നു. ഈ മേധാവിത്വം കൂടുതല്‍ ഉറപ്പാക്കാന്‍ പുതിയ അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വീസ് സഹായിക്കുമെന്ന കാര്യം ഉറപ്പാണ്.