ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രോന്‍ക്‌സ് മൃഗശാല (Bronx Zoo)യില്‍ നിന്ന് കാണാതായ ഉഗ്രവിഷമുള്ള ഈജിപ്ഷ്യന്‍ മൂര്‍ഖന്‍ ട്വിറ്ററില്‍ 'പ്രത്യക്ഷപ്പെട്ടു'. രസകരമായ അപ്‌ഡേറ്റുകള്‍ പോസ്റ്റു ചെയ്യുന്നുവെന്ന് മാത്രമല്ല, ഇപ്പോള്‍
BronxZoosCobra യ്ക്ക് ട്വിറ്ററില്‍ 135000 ത്തിലേറെ ഫോളോവേഴ്‌സുമുണ്ട്!
കൗതുകരമായ ട്വീറ്റുകളാണ് ബ്രോന്‍ക്‌സ് കോബ്രയുടേത്. ഒരു സാമ്പിള്‍ ഇങ്ങനെ : 'എമ്പയര്‍ ബില്‍ഡിങിന് മുകളില്‍! താഴെ എല്ലാ മനുഷ്യരും ചെറു എലികളെപ്പോലെ കാണപ്പെടുന്നു. രുചിയേറിയ ചെറിയ എലികളെപ്പോലെ'. ഈ മൂര്‍ഖന്‍ ട്വിറ്ററിന് പിന്നിലാരാണെന്ന് കണ്ടെത്തിയിട്ടില്ല.
'മഡഗാസ്‌കര്‍' ആനിമേഷന്‍ സിനിമയിലെ മൃഗങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, താനും ടിന ഫേയുടെ വലിയൊരു ഫാന്‍ ആണെന്ന് 'മൂര്‍ഖന്‍' ട്വിറ്ററില്‍ അവകാശപ്പെടുന്നു. താന്‍ ബ്രോന്‍ക്‌സ് മൃഗശാലയിലില്ല എന്ന് വ്യക്തമാക്കുകയും, ഹൈ ലൈന്‍, നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം, റേസ് പിസ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞെന്നും ട്വീറ്റുകളില്‍ പറയുന്നു.
അര മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍, മൃഗശാലയില്‍ ഇഴജന്തുക്കളെ സൂക്ഷിച്ചിട്ടുള്ള ഇടത്ത് എവിടെയോ ഉണ്ടാകാമെന്നാണ് അധികൃതര്‍ കരുതുന്നത്. അതിനെ കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്നും മൃഗശാലാ അധികൃതര്‍ സമ്മതിക്കുന്നു. ഏതായാലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ, മൃഗശാലയിലെ ഇഴജന്തുക്കളുടെ വിഭാഗം അടച്ചിരിക്കുകയാണ്.