ഇന്റര്‍നെറ്റില്‍ 18 ശതമാനം ശല്യമെയിലുകള്‍ക്ക് കാരണമായ ഗ്രും ബോട്ട്‌നെറ്റിന്റെ പ്രവര്‍ത്തനം തടഞ്ഞതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ സൈബര്‍ ക്രിമിനലുകള്‍ ഉപയോഗിച്ചിരുന്ന സെര്‍വറുകള്‍ അടച്ചതോടെയാണിത്.
ലോകത്താകമാനം ദുഷ്ടപ്രോഗ്രാം ബാധിച്ച 120,000 പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ ശൃംഖലയാണ് ഗ്രും ബോട്ട്‌നെറ്റ്. വന്‍തോതില്‍ ശല്യമെയിലുകള്‍ (സ്പാം മെയിലുകള്‍) പടച്ചുവിടാന്‍ സൈബര്‍ ക്രിമിനലുകള്‍ ഉപയോഗിച്ചിരുന്ന ആ ശൃംഗലയുടെ പ്രവര്‍ത്തനം തടഞ്ഞതായി ഒരു സുരക്ഷാസ്ഥാപനം പറഞ്ഞു.
നെതര്‍ലന്‍ഡ്‌സ്, പനാമ, റഷ്യ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഗ്രും ബോട്ട്‌നെറ്റിന്റെ നിയന്ത്രണ സെര്‍വറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കമ്പ്യൂട്ടര്‍ സുരക്ഷാസ്ഥാപനമായ 'ഫയര്‍ഐ' (FireEye), പാഴ്‌മെയില്‍ നിരീക്ഷണ സര്‍വീസായ
'സ്പാംഹോസ്' (SpamHaus) എന്നിവ, ലോക്കല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി (ISPs) ചേര്‍ന്ന് നടത്തിയ നടപടികളുടെ ഫലമായാണ് ആ നിയമവിരുദ്ധ ശൃംഖല അടച്ചുപൂട്ടാന്‍ കഴിഞ്ഞത്.
2008 മുതല്‍ ചരിത്രമുള്ള ഗ്രും ബോട്ട്‌നെറ്റ് ദിവസവും 1800 കോടി ശല്യമെയിലുകളാണ് ദിവസവും അയയ്ക്കുന്നത്. ഇത് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന മൊത്തം ശല്യമെയിലിന്റെ ഏതാണ്ട് 18 ശതമാനം വരുമെന്നാണ് കണക്ക്.
ദുഷ്ടപ്രോഗ്രാമുകള്‍ അഥവാ മാള്‍വേറുകളുടെ സഹായത്തോടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ ഹൈജാക്ക് ചെയ്ത് നിയന്ത്രണത്തിലാക്കുകയാണ് ബോട്ട്‌നെറ്റ് ശൃംഖലകള്‍ചെയ്യുക. കൂടുതല്‍ കമ്പ്യൂട്ടറുകള്‍ ആ ശൃംഖലയുടെ കെണിയിലാകുന്നതോടെ, പടച്ചുവിടപ്പെടുന്ന ശല്യമെയിലുകളുടെ സംഖ്യ വര്‍ധിക്കുന്നു.
ഗ്രും ബോട്ട്‌നെറ്റിന്റെ നെതര്‍ലന്‍ഡ്‌സ്, പനാമ എന്നിവിടങ്ങളിലെ കമന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വറുകള്‍ സുരക്ഷാവിദഗ്ധര്‍ കഴിഞ്ഞ ചൊവ്വാഴ്ച്ച അടപ്പിച്ചപ്പോള്‍, ബോട്ട്‌നെറ്റിന് പിന്നിലുള്ള ക്രിമിനലുകള്‍ പുതിയ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങള്‍ റഷ്യയിലും യുക്രൈനിലും തുറന്നു. റഷ്യയിലെയും ബ്രിട്ടനിലെയും വിദഗ്ധരുടെ സഹായത്തോടെ ആ കേന്ദ്രങ്ങളും നിര്‍ത്തലാക്കാന്‍ കഴിഞ്ഞു.
'ഗ്രുമിനെ നിശ്ചലമാക്കാന്‍ കഴിഞ്ഞത് ഒട്ടേറെ പേരുടെ പ്രവര്‍ത്തനഫലമായാണ്'-ഫയര്‍ഐയിലെ സുരക്ഷാ ഗവേഷകന്‍
അറ്റിഫ് മുഷ്താക് ബ്ലോഗില്‍ എഴുതി. 'ഈ സഹകരണം മറ്റ് ശല്യമെയില്‍ ശൃംഖലകള്‍ക്കും ശക്തമായ സന്ദേശമാണ് നല്‍കുന്നത് : ശല്യമെയില്‍ നിര്‍ത്തുക. നിങ്ങളുടെ വിലകുറഞ്ഞ വയാഗ്രയും, വ്യാജ റോളക്‌സും ഞങ്ങള്‍ക്ക് ആവശ്യമില്ല'.
പല രാജ്യങ്ങളിലെയും ഇന്റര്‍നെറ്റ് സെര്‍വറുകള്‍ സൈബര്‍ക്രിമിനലുകള്‍ ഉപയോഗിക്കാറുണ്ടെങ്കിലും, അവരുടെ സുരക്ഷിത താവളമായി മിക്കപ്പോഴും മാറുന്നത് യുക്രൈന്‍ പോലുള്ള ചില രാജ്യങ്ങളാണെന്ന് മുഷ്താക് പറയുന്നു. 'യുക്രൈനില്‍ ഒരു സെര്‍വര്‍ അടപ്പിക്കുക ഒരിക്കലും എളുപ്പമല്ല'.
ബ്രെഡോലാബ് (Bredolab) ബോട്ട്‌നെറ്റിന്റെ സൂത്രധാരന്‍ റഷ്യക്കാരനായ ജോര്‍ജി അവനെസോവ് കഴിഞ്ഞ മെയിലാണ് നാലുവര്‍ഷം ജയില്‍വാസത്തിന് ശിക്ഷിക്കപ്പെട്ടത്. പ്രതിമാസം 80,000 പൗണ്ട് (ഏകദേശം 68 ലക്ഷംരൂപ) ഈ ദുഷ്ടപ്രോഗ്രാം ശൃംഖല വഴി അയാള്‍ക്ക് ലഭിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ശല്യമെയിലുകള്‍ 'അരിച്ചുമാറ്റാനു'ള്ള സങ്കേതങ്ങളില്‍ പുരോഗതിയുണ്ടെങ്കിലും, ഈമെയില്‍ ഉപയോഗിക്കുന്നവരുടെ ഇന്‍ബോക്‌സുകളില്‍ ഇപ്പോഴും അത്തരം പാഴ്‌മെയിലുകളുടെ ശല്യം കുറവല്ല.