സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തിന്റെ പുത്തന്‍കാലത്ത് നിലനില്‍പ്പിനായാണ് ബ്ലാക്ക്ബറി 10 പരമ്പര അവതരിപ്പിക്കാന്‍ കനേഡിയന്‍ കമ്പനിയായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) തീരുമാനിച്ചത്.
ബ്ലാക്ക്ബറി 10 ഫോണുകള്‍ ജനവരി 30 ന് അവതരിപ്പിക്കാനിരിക്കെ, ആ പരമ്പരയിലെ ബ്ലാക്ക്ബറി എക്‌സ് 10 ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു.
ബ്ലാക്ക്ബറിയുടെ പരമ്പരാഗത ക്വിവെര്‍ട്ടി കീബോര്‍ഡ് ഉണ്ടെങ്കിലും, മുമ്പത്തെ ബ്ലാക്ക്ബറി ടച്ച്‌ഫോണുകളെക്കാള്‍ കൂടുതല്‍ നീളമേറിയ ഡിസ്‌പ്ലെ ബ്ലാക്ക്ബറി എക്‌സ് 10 നുണ്ടെന്ന്, ബ്ലാക്ക്ബറി വാര്‍ത്തകള്‍ പതിവായി പ്രസിദ്ധീകരിക്കാറുള്ള
N4BB.com സൈറ്റിലെ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
ഈ മാസമവസാനം റിം കമ്പനി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫോണുകളിലൊന്നാണ് ബ്ലാക്ക്ബറി എക്‌സ് 10. ഈ പരമ്പരയിലെ മറ്റ് ഫോണുകള്‍ ടച്ച്ക്രീന്‍ മോഡലുകളായിരിക്കും എന്നാണ് പ്രതീക്ഷ.
റിം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ബ്ലാക്ക്ബറി 10 ആണ് ബ്ലാക്ക്ബറി എക്‌സ് 10 ല്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് ചോര്‍ന്നുകിട്ടിയ ഫോട്ടോകള്‍ വ്യക്തമാക്കുന്നു.
ഇനിയും പുറത്തിറങ്ങാത്ത മറ്റൊരു സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രവും ഓണ്‍ലൈന്‍ വഴി പുറത്തുവന്നിട്ടുണ്ട്. സോണിയുടെ എക്‌സ്പീരിയ സീരിയസില്‍പെട്ട എക്‌സ്പീരിയ ഇസഡിന്റെ ചിത്രമാണത്.
ഫുള്‍ എച്ച്.ഡി.ഡിസ്‌പ്ലെയുള്ള എക്‌സ്പീരിയ ഇസഡ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ പതിപ്പിലാണ്. മുമ്പ് 'യുഗ' (Yuga) എന്ന് കോഡുനാമം നല്‍കിയിരുന്ന മോഡലാണത്.
താമസിയാതെ പുറത്തിറങ്ങാനുള്ള ഹ്യൂവേ അസെന്‍ഡ് ഡി2, എച്ച്ടിസി ഡ്രോയിഡ് ഡിഎന്‍എ എന്നീ ഫോണുകളുമായാകും, എക്‌സ്പീരിയ ഇസഡിന് വിപണിയില്‍ മത്സരിക്കേണ്ടി വരിക. എക്‌സ്പീരിയ ടി, എക്‌സ്പീരിയ എസ്എല്‍ എന്നീ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സമാനമായ ഡിസൈനാണ് എക്‌സ്പീരിയ ഇസഡിന്റേത്.
unwiredview.com എന്ന സൈറ്റാണ് എക്‌സ്പീരിയ ഇസഡിന്റെ ചിത്രം പുറത്തുവിട്ടത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രത്യേകതകള്‍: അഞ്ചിഞ്ച് 1080പി (1920 X 1080 പിക്‌സല്‍സ്) ഡിസ്‌പ്ലെ. ആന്‍ഡ്രോയിഡ് 4.1.1 ജെല്ലി ബീന്‍ പതിപ്പ്. ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ് 4 പ്രോ ക്വാഡ്‌കോര്‍ പ്രൊസസര്‍. 2 ജിബി റാം. 16 ജിബി ഇന്റേണല്‍ സ്റ്റോറേജ് (128 ജിബി വരെ അത് വര്‍ധിപ്പിക്കാം). 13 മെഗാപിക്‌സല്‍ മുഖ്യ ക്യാമറ, ബ്ലൂടൂത്ത് 4.0, എല്‍ടിഇ, എന്‍എഫ്‌സി.