ഐഫോണുകളുടെ പണി കഴിക്കുക എന്ന ക്വട്ടേഷനുമായാണ് ബ്ലാക്ക്‌ബെറി സ്‌റ്റോം-2 ന്റെ വരവ്. ടച്ച്‌സ്‌ക്രീന്‍ സൗകര്യങ്ങള്‍ക്ക് അത്രയൊന്നും പ്രാധാന്യം നല്‍കാത്തവരായിരുന്നു ബ്ലാക്ക്‌ബെറി ഫോണുകളുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം). പൂര്‍ണമായും ടച്ച്‌സ്‌ക്രീന്‍ സാങ്കേതികതയ്ക്ക് ഊന്നല്‍നല്‍കിക്കൊണ്ട് ഒരു മോഡല്‍ റിം പുറത്തിറക്കിയത് ആപ്പിളിന്റെ ഐഫോണുകളെ നേരിടാനാണ്.
ബ്ലാക്ക്്‌ബെറിയുടെ രണ്ടാമത് ടച്ച്‌സ്‌ക്രീന്‍മോഡലാണ് സ്്‌റ്റോം-2. ഐഫോണുമായി 2008 ല്‍ ആപ്പിള്‍ കാടിളക്കാന്‍ തുടങ്ങിയപ്പോഴായിരുന്നു ബ്ലാക്ക്‌ബെറി സ്‌റ്റോം എന്ന പേരില്‍ ആദ്യടച്ച്‌സ്‌ക്രീന്‍ േമാഡലിറക്കിയത്. ഐഫോണിനോടേറ്റുമുട്ടാന്‍ സ്‌റ്റോമിനായില്ല. സൗകര്യങ്ങളേക്കാള്‍ ഒരുപാടു പോരായ്മകള്‍ സ്‌റ്റോമിനുണ്ടായിരുന്നു എന്നതാണ് സത്യം.
ഇപ്പോഴിതാ കൈക്കുറ്റപ്പാടുകളെല്ലാം തീര്‍ത്ത് സ്‌റ്റോം-2 എന്ന പുതു അവതാരവുമായാണ് ബ്ലാക്ക്‌ബെറിയുടെ വരവ്. ഇത്തവണ ഐഫോണിനോട് മാത്രം എതിരിട്ടാല്‍ പോരാ സ്‌റ്റോമിന്. എച്ച്.ടി.സി.യുടെ ഡിസയര്‍, സാംസങ് വേവ്, സോണി എറിക്‌സണിന്റെ എക്സ്പീരിയ എക്‌സ് 10.... ഐഫോണിനോട് കിടപിടിക്കുന്ന ഒട്ടനവധി മോഡലുകള്‍ വിപണിയില്‍ നിറഞ്ഞിരിക്കുകയാണ്. എല്ലാറ്റിനെയും തകര്‍ത്തെറിയാനാകുമെന്ന ആത്മവിശ്വാസത്തോടെ സ്‌റ്റോം-2 പോരിനിറങ്ങിക്കഴിഞ്ഞു.
ആദ്യഘട്ടത്തില്‍ ഓസ്‌ട്രേലിയയില്‍ മാത്രമേ സ്‌റ്റോം-2 ലഭ്യമായിരുന്നുള്ളൂ. രണ്ടു ദിവസം മുമ്പ് ഇന്ത്യന്‍വിപണിയിലും ഈ ഹൈടെക് ഫോണ്‍ എത്തി. 31,990 രൂപയാണ് സ്‌റ്റോം-രണ്ടിന് ഇന്ത്യയില്‍ വില.
സ്‌ക്രീനിന്റെ ഏതുഭാഗത്തു തൊട്ടാലും പ്രത്യേകം വേര്‍തിരിച്ചെടുക്കുന്ന ഷുവര്‍പ്രെസ് സാങ്കേതികവിദ്യയാണ് ബ്ലാക്ക്‌ബെറി സ്‌റ്റോം- രണ്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിന്റെ ഗുണമെന്താണെന്ന് ഒരിക്കലെങ്കിലും ടച്ച്‌സ്‌ക്രീന്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്ക് മനസിലാകും.
നിലവിലുള്ള പല ഫോണുകളിലും സ്‌ക്രീനില്‍ വളരെ ശ്രദ്ധിച്ച് അമര്‍ത്തിയില്ലെങ്കില്‍ നമ്മള്‍ ഉദ്ദ്യേശിച്ച ഐക്കണാകില്ല തുറന്നുവരുക.

ഈ പ്രശ്‌നം പരിഹരിക്കാനുള്ള സംവിധാനമാണ് ഷുവര്‍സ്‌ക്രീന്‍ സാങ്കേതികവിദ്യ. അതുകൊണ്ടുതന്നെ സ്‌റ്റോം രണ്ടില്‍ അനായാസം ടൈപ്പ് ചെയ്യാനാകുമെന്നുറപ്പ്.
3.25 ഇഞ്ച് വിസ്താരവും 360 X 480 റസല്യൂഷനുമുള്ള ഡിസ്‌പ്ലേയാണ് സ്‌റ്റോം-രണ്ടിനുള്ളത്. ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവും വ്യക്തതയും ഇതുറപ്പുതരുന്നു. സൂമും ഫ്ലഷും ഓട്ടോഫോക്കസുമുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്.
ഐഫോണുകള്‍ക്ക് മാത്രമുള്ള സൗകര്യമായിരുന്ന അപ്ലിക്കേഷന്‍ സ്‌റ്റോറുകള്‍ ഇത്തവണ ബ്ലാക്ക്‌ബെറി സ്‌റ്റോം-രണ്ടും സ്വന്തമാക്കിക്കഴിഞ്ഞു. ഫോണിലേക്ക് ആവശ്യമായ സോഫ്റ്റ്‌വെയറുകളും ഗെയിമുകളടക്കമുള്ള പ്രോഗാമുകളും ഓണ്‍ലൈനിലൂടെ വില നല്‍കി വാങ്ങാവുന്ന സംവിധാനത്തെയാണ് അപ്ലിക്കേഷന്‍ സ്‌റ്റോര്‍ എന്നതുകൊണ്ട് ഉദ്ദ്യേശിക്കുന്നത്.
രണ്ട് ജി.ബി. മെമ്മറിയുമായാണ് സ്്‌റ്റോം-രണ്ടിന്റെ വരവ്. നാട്ടിലെ ചൈനാഫോണുകള്‍ക്കു പോലും ഈ മെമ്മറിയുണ്ടല്ലോ എന്നു പുച്ഛിക്കാന്‍ വരട്ടെ. ആവശ്യമെങ്കില്‍ 32 ജി.ബി. മെമ്മറി കാര്‍ഡ് വരെ പ്രവര്‍ത്തിപ്പിക്കാനുള്ള സ്‌ലോട്ട് ഫോണിലുണ്ട്.
പുതുതലമുറ ഫോണുകളുടെ സവിശേഷതകളായ ബ്ലൂടൂത്ത്, ജി.പി.എസ്., 3ജി, ഫ്ലഷ് മെമ്മറി, മീഡിയ പ്ലെയര്‍, വൈ-ഫൈ എന്നിവെയല്ലാം ഒന്നൊഴിയാതെ ഉള്‍പ്പെടുത്താന്‍ ബ്ലാക്ക്‌ബെറി മറന്നിട്ടില്ല. ആറുമണിക്കൂര്‍ തുടര്‍ച്ചയായ സംസാരസമയവും 280 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവുമാണ് കമ്പനി അവകാശപ്പെടുന്ന ബാറ്ററി ലൈഫ്.
എന്നാലും സ്‌റ്റോമിന്റെ ആദ്യവെര്‍ഷനേക്കാള്‍ രണ്ടാമന് ബാറ്ററി ആയുസ്സ് അല്പം കുറവാണെന്ന് ഇന്റര്‍നെറ്റിലെ ചര്‍ച്ചാവേദികളില്‍ മുറുമുറുപ്പുയരുന്നുണ്ട്. ഒരുപാടു ഓപ്ഷനുകള്‍ ഉപയോഗിച്ച് ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് വൈകീട്ടോടെ വീണ്ടും ചാര്‍ജ് ചെയ്യേണ്ടിവരുന്നുണ്ടത്രേ. ഇതേതോ അസൂയക്കാര്‍ പറഞ്ഞുപരത്തുന്നതാണെന്നാണ് ബ്ലാക്ക്‌ബെറി കമ്പനി അധികൃതരുടെ വിശദീകരണം.