ബ്ലാക്ക്ബറി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ക്യു 10 ഇന്ത്യന്‍ വിപണിയിലുമെത്തി. വെള്ളിയാഴ്ച രാജ്യത്താകമാനം വില്‍പ്പന ആരംഭിച്ച ആ ക്വെവര്‍ട്ടി സ്മാര്‍ട്ട്‌ഫോണിന് 44,990 രൂപയാണ് വില.
ബ്ലാക്ക്ബറി സ്മാര്‍ട്ട്‌ഫോണുകളിലെ ക്വെവര്‍ട്ടി കീപാഡുകളെക്കുറിച്ച് ഗൃഹാതുരത്വം വെച്ചുപുലര്‍ത്തുന്നവരെയും, പുതുതലമുറ മള്‍ട്ടിടച്ച് സങ്കേതം ഇഷ്ടപ്പെടുന്നവരെയും ഒരേസമയം സന്തോഷിപ്പിച്ചേക്കാവുന്ന മോഡലാണ് ബ്ലാക്ക്ബറി ക്യു 10 ( BlackBerry Q10 ). കാരണം ഇതില്‍ ശരിക്കുമൊരു ബ്ലാക്ക്ബറി ക്വെവര്‍ട്ടി കീപാഡുണ്ട്, 3.1 ഇഞ്ച് സൂപ്പര്‍ അമോലെഡ് ടച്ച്‌സ്‌ക്രീനുമുണ്ട്.
1.5 GHz ഡുവല്‍കോര്‍ പ്രൊസസര്‍ കരുത്തു പകരുന്ന ക്യു 10 ന് 2 ജിബിയാണ് റാം. 16 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. കണക്ടിവിറ്റിയുടെ കാര്യത്തിലും ക്യു 10 മോശമല്ല. വൈഫൈ, ബ്ലൂടൂത്ത്, 4ജി, എന്‍.എഫ്.സി. എന്നിവയൊക്കെയുണ്ട്.
ക്യു 10 ല്‍ എട്ട് മെഗാപിക്‌സല്‍ മുഖ്യക്യാമറയും, രണ്ടു മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണുള്ളത്. എല്‍ഇഡി ഫ് ളാഷോടുകൂടിയ മുഖ്യക്യാമറയുടെ സഹായത്തോടെ 1080പി വീഡിയോ പിടിക്കാനാകും. രണ്ടു മെഗാപിക്‌സല്‍ ക്യാമറകൊണ്ട് 720പി വീഡിയോ റിക്കോഡിങും സാധിക്കും.
2100 mAh ബാറ്ററിയാണ് ഫോണിന് ജീവന്‍ പകരുന്നത്. ത്രീജിയില്‍ 13.5 മണിക്കൂറാണ് ടോക്ക് ടൈം ബ്ലാക്ക്ബറി വാഗ്ദാനം ചെയ്യുന്നത്. വ്യത്യസ്ത ഭാഷകളെ പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിലുള്ള മിനി -എച്ച്ഡിഎംഐ പോര്‍ട്ടുപയോഗിച്ച് ടെലിവിഷന്‍, പ്രൊജക്ടര്‍ തുടങ്ങിയവയുമായി ഫോണ്‍ ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനും കഴിയും.
ബ്ലാക്ക്ബറി 10 ഹബ്ബുമായി ( BlackBerry 10 hub ) കൂട്ടിവിളക്കിയതാണ് ഫെയ്‌സ്ബുക്ക് പോലുള്ള ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുക. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മുതലായവയില്‍ നിന്നുള്ള ഈമെയിലുകള്‍, മെസേജുകള്‍ മുതലായവ ബ്ലാക്ക്ബറി ഹബ്ബിലേക്ക് നേരിട്ടെത്തുന്നത് സൗകര്യപ്രദമാണ്.
പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ പോരാട്ടത്തില്‍ പിന്നിലായിപ്പോയ ബ്ലാക്ക്ബറി, അതിജീവനതന്ത്രത്തിന്റെ ഭാഗമായി പുതിയ ബ്ലാക്ക്ബറി 10 ഓപ്പറേറ്റിങ് സിസ്റ്റം 2013 ജനവരിയിലാണ് അവതരിപ്പിച്ചത്. അതിനൊപ്പം അവതരിപ്പിക്കപ്പെട്ട ഫുള്‍ടച്ച് സ്മാര്‍ട്ട്‌ഫോണ്‍ ബ്ലാക്ക്ബറി ഇസഡ് 10 ( BlackBerry Z10 ) ഒരുമാസം കഴിഞ്ഞപ്പോള്‍ ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുകയുണ്ടായി. 43,490 രൂപയായിരുന്നു വില.