ബ്ലാക്ക്‌ബെറി ബജറ്റ് നിരയില്‍ പുതിയ താരങ്ങള്‍

Posted on: 26 Aug 2011


-പി.എസ്.രാകേഷ്‌




ഗൗരവക്കാരായ ബിസിനസ് എക്‌സിക്യുട്ടീവുകള്‍ മാത്രം ഉപയോഗിക്കുന്ന സ്മാര്‍ട്‌ഫോണ്‍ എന്ന ചീത്തപ്പേര് മായ്ക്കാനാണ് ബ്ലാക്ക്‌ബെറി 'കേര്‍വ്' എന്ന പേരില്‍ ബജറ്റ് സീരീസ് മോഡലുകളിറക്കിയത്. 2007 ല്‍ ആദ്യമായി വിപണിയിലെത്തിയ 'കേര്‍വ്' സീരീസ് ഫോണുകളില്‍ മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. ഹൈറെസൊല്യൂഷന്‍ ഇന്‍ബില്‍ട്ട് ക്യാമറ കൂടി ആയതോടെ കോളേജ് പിള്ളേരൊക്കെ ബ്ലാക്ക്‌ബെറിയോടു പതുക്കെ ഇഷ്ടംകൂടാന്‍ തുടങ്ങി. ബിസിനസ് ആവശ്യങ്ങള്‍ക്കു മാത്രമല്ല അത്യാവശ്യം വീഡിയോകള്‍ കാണാനും ഫോട്ടോയെടുക്കാനുമൊക്കെ ബ്ലാ്ക്ക്‌ബെറിയുടെ ഈ മോഡല്‍ ധാരാളം മതി എന്ന തിരിച്ചറിവിലായിരുന്നു ഈ ചങ്ങാത്തം.

മറ്റു മോഡലുകളെ അപേക്ഷിച്ച് 'കേര്‍വ്' സീരീസ് ഫോണുകളുടെ വില കുറയ്ക്കാനും ബ്ലാക്ക്‌ബെറി സന്‍മനസ് കാട്ടി. പതിനായിരം രൂപയില്‍ താഴെയായിരുന്നു ഈ ഫോണുകളുടെ വില. കാല്‍ലക്ഷത്തില്‍ കുറഞ്ഞ വിലയ്ക്ക് ബ്ലാക്ക്‌ബെറി ഫോണുകള്‍ കിട്ടാത്ത ഒരു കാലത്തായിരുന്നു ഈ ആദായവില്‍പനയെന്ന കാര്യം ഓര്‍ക്കണം. അങ്ങനെ ചെത്തുപയ്യന്‍മാര്‍ പോലും കീശയില്‍ ബ്ലാക്ക്‌ബെറിയുമായി വിലസാന്‍ തുടങ്ങി.

ബ്ലാക്ക്‌ബെറി കേര്‍വ് 8300 എന്ന മോഡലാണ് ആദ്യമിറങ്ങിയത്. ഇതില്‍ വൈഫൈയും ത്രീജിയും ഇല്ലായിരുന്നു എന്നത് ചെറിയൊരു പോരായ്മയായി. ആ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് രണ്ടു വര്‍ഷത്തിനുശേഷം കേര്‍വ് 8500 എന്ന മോഡലിറങ്ങി. മീഡിയ പ്ലെയറിനുവേണ്ടി പ്രത്യേക കീയും ട്രാക്ക്പാഡും ഈ മോഡലിലുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു ഡെഡിഡേക്കറ്റ് മീഡിയ കീയുമായി ഒരു ബ്ലാക്ക്‌ബെറി ഫോണിറങ്ങിയത്.

പറഞ്ഞതത്രയും പഴങ്കഥ. ബ്ലാക്ക്‌ബെറി കേര്‍വ് സീരീസില്‍ പെട്ട ഏറ്റവും പുതിയ 9350, 9360, 9370 എന്നീ മോഡലുകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞുവെന്നതാണ് ചൂടന്‍ വാര്‍ത്ത. വിന്‍ഡോസ് 7 നും ആന്‍ഡ്രോയിഡിനും ബദലായി കമ്പനി വികസിപ്പിച്ചെടുത്ത ബ്ലാക്ക്‌ബെറി 7 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ് ഈ മൂന്ന് മോഡലുകളും. കാനഡയിലാണ് മൂന്ന് ഫോണുകളും ആദ്യം വില്‍പനയ്‌ക്കെത്തിയിരിക്കുന്നത്. 2.44 ഇഞ്ച് സ്‌ക്രീന്‍, 480 ഗുണം 360 റിസൊല്യൂഷനിലുള്ള ഡിസ്‌പ്ലേ, ക്യൂവെര്‍ട്ടി കീബോര്‍ഡ്, ഒപ്ടിക്കല്‍ ട്രാക്ക്പാഡ് എന്നിവ മൂന്നു ഫോണുകളിലുമുണ്ട്. മൂന്നിനും കരുത്തു പകരുന്നത് 800 മെഗാഹെര്‍ട്‌സ് പ്രൊസസര്‍ തന്നെ. കണക്ടിവിറ്റിക്കായി ജി.പി.എസ്., വൈഫൈ ഒക്കെയുണ്ട്. വീഡിയോ റെക്കോര്‍ഡിങ്, ഫോര്‍എക്‌സ് ഡിജിറ്റല്‍ സൂം, ഫ്ലാഷ് എന്നിവയുള്ള അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, മൈക്രോ എ്‌സ്ഡി കാര്‍ഡ് സ്‌ലോട്ട് എന്നിവയാണ് ഫോണുകളുടെ മറ്റു സവിശേഷതകള്‍.

കേര്‍വ് 9350 ഒരു സി.ഡി.എം.എ. ഫോണാണ്. മറ്റു രണ്ടു മോഡലുകളും ജി.എസ്.എമ്മും. 9350, 9360 എന്നീ ഫോണുകളില്‍ 512 എം.ബി. റാമും 512 എം.ബി. സ്‌റ്റോറേജ് ശേഷിയുമുണ്ട്. 9370 എന്ന മോഡലില്‍ 512 എം.ബി. റാമും ഒരു ജി.ബി. സ്‌റ്റോറേജ് ശേഷിയുമുണ്ട്.

ഫോണ്‍ എവിടെയെങ്കിലും കളഞ്ഞുപോയാല്‍ കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ജി.പി.എസ്. സംവിധാനം, ഷോപ്പിങ് മാളുകളിലും മറ്റും ബില്ലുകള്‍ ഓണ്‍ലൈനായി അടയ്ക്കാന്‍ സഹായിക്കുന്ന നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍സ് ടെക്‌നോളജി എന്നിവയും കേര്‍വിന്റെ പുതുമോഡലുകളിലുണ്ട്.

യുവതലമുറയ്ക്കിടയില്‍ തങ്ങളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് പുതിയ മോഡലുകളുടെ ലക്ഷ്യമെന്ന് ബ്ലാക്ക്‌ബെറിയുടെ നിര്‍മാതാക്കളായ റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനി ചീഫ് എക്‌സിക്യുട്ടീവ് മൈക്ക് ലസാറിദിസ് പറയുന്നു. പുതുമോഡലുകളില്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അപ്ലിക്കേഷനുകള്‍ക്കൊപ്പം ഫെയ്‌സ്ബുക്ക് ചാറ്റ് സൗകര്യവും ബ്ലാക്ക്‌ബെറി ഉള്‍പ്പെടുത്തിയിട്ടുണ്ട്്.


Stories in this Section