ഇന്ത്യന്‍ വിപണിയിലേക്കൊരു വെള്ളഫോണ്‍ ബ്ലാക്ക്ബറിയുടെ വക. എയര്‍ടെലുമായി സഹകരിച്ചുകൊണ്ട് ചില മോഡലുകള്‍ പരീക്ഷിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ വിപണിയില്‍ കാര്യമായി ചലനങ്ങളുണ്ടാക്കാന്‍ കനേഡിയന്‍ കമ്പനിക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഇന്ത്യക്കാര്‍ക്കായി 9700 ബോള്‍ഡ് എന്ന ഏറ്റവും പുതിയ മോഡലാണ് ബ്ലാക്ക്‌ബെറിയുടെ ഉപത്പാദകരായ റിസേര്‍ച്ച് ഇന്‍ മോഷന്‍ (റിം) അവതരിപ്പിക്കുന്നത്.
മൗസിനു പകരം ലാപ്‌ടോപ്പുകളിലുപയോഗിക്കുന്ന ട്രാക്ക്പാഡാണ് ഈ വെള്ളഫോണിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനു മുമ്പുള്ള ബ്ലാക്ക്ബറി മോഡലുകളില്‍ ഒപ്റ്റിക്കല്‍ ട്രാക്ക് ബോളായിരുന്നു കണ്ടിരുന്നത്. ലാപ്‌ടോപ്പിലേതു പോലെ വളരെ വേഗം അപ്ലിക്കേഷനുകള്‍ തുറക്കാനും ഫയലുകള്‍ പരിശോധിക്കാനുമൊക്കെ ട്രാക്ക്പാഡ് സഹായകരമാകും.
480 ഗുണം 360 പിക്‌സല്‍ റിസൊല്യൂഷനോടുകൂടിയ വിസ്താരമേറിയ 2.44 ഇഞ്ച് സ്‌ക്രീനാണ് ബോള്‍ഡ് 9700 നുള്ളത്. ഡിസ്‌പ്ലേയുടെ വ്യക്തത ഇതുറപ്പു നല്‍കുന്നു. വീഡിയോ റെക്കോഡിങ്ങോടു കൂടിയ 3.2 മെഗാപിക്‌സല്‍ ക്യാമറയൂം എല്‍.ഇ.ഡി. ഫ്ലഷും ഫോണിലുണ്ട്. പാട്ടു കേള്‍ക്കാനും ഫോട്ടോകളും വീഡിയോകളും കാണാനും വേഡ് ഫയലുകള്‍ പരിശോധിക്കാനുമൊക്കെയുളള ഒട്ടനവധി മള്‍ട്ടിമീഡിയ ഫീച്ചേഴ്‌സും ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
നിങ്ങളുടെ കമ്പ്യൂട്ടറിലെ മ്യൂസിക് ഫയലുകള്‍ മൊബൈലിലൂടെ കേള്‍ക്കാനുള്ള സിങ്ക് സൗകര്യവും ഫോണിലുണ്ട്. പുതിയ മള്‍ട്ടിമീഡിയ സങ്കേതങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ബ്ലാക്ക്‌ബെറി അപ്ലിക്കേഷന്‍ സ്‌റ്റോറായ ആക്‌സസറീസും ആക്‌സസ് ഉപയോഗിക്കാം.
ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യമാണ് ബ്ലാക്ക്‌പെറി ബോള്‍ഡ് 9700 ന്റെ മറ്റൊരു പ്രത്യേകത. ത്രിജി സംവിധാനമുള്ളതുകൊണ്ട് ബ്രൗസിങും ഡൗണ്‍ലോഡിങുമെല്ലാം േവഗത്തില്‍ നടത്താനാകും. പടങ്ങളും പാട്ടുകളുമെല്ലാം സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ സഹായിക്കുന്ന സോഷ്യല്‍നെറ്റ്‌വര്‍ക്ക് ആക്‌സസും ബോള്‍ഡ് 9700 ഉറപ്പുനല്‍കുന്നു. ബ്ലാക്ക്‌ബെറി 5 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനു കരുത്തുപകരുന്നത് 624 മെഗാഹെര്‍ട്‌സ് പ്രൊസസറാണ്.
ആറു മണിക്കൂര്‍ നിര്‍ത്താതെയുള്ള സംസാരസമയവും 21 ദിവസത്തെ സ്റ്റാന്‍ഡ് ബൈയുമാണ് ബോള്‍ഡ് 9700 ന് ബ്ലാക്ക്‌ബെറി അവകാശപ്പെടുന്ന ബാറ്ററി ആയുസ്സ്. 31,900 രൂപയ്ക്കാകും കമ്പനി ഈ ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുകയെന്നറിയുന്നു.
ഇത്രയധികം തുക ഒരു ഫോണിനായി മുടക്കാന്‍ കടുത്ത ബ്ലാക്ക്‌ബെറി ആരാധകരെയല്ലാതെ ആരെയും കിട്ടിയിയെന്നുവരില്ല. ആന്‍ഡോയ്ഡ് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മോട്ടറോള മൈല്‍സ്‌റ്റോണ്‍, സാംസങ് ഗാലക്‌സി, സോണി എറിക്‌സണ്‍ സാറ്റിയോ എന്നീ സ്മാര്‍ട് ഫോണ്‍ മോഡലുകളില്‍ നിന്നാകും ബോള്‍ഡ് 9700 വിന് കടുത്ത വെല്ലുവിളി നേരിടേണ്ടിവരിക. എങ്കിലും ലോകമെങ്ങുമുള്ള വന്‍കിട ബിസിനസ് എക്‌സിക്യൂട്ടീവുകളൊക്കെ കൊണ്ടുനടക്കുന്ന ബഌക്ക്‌ബെറി എന്ന സ്വപ്‌നഫോണ്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കാരും മടി കാട്ടില്ല എന്ന ശുഭപ്രതീക്ഷയിലാണ് റിം കമ്പനി.